Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, March 21, 2016

ഇന്ന് മാർച്ച് 21 അഥവാ ലോക കവിതാദിനം



ലോക കവിതാ ദിനാഘോഷത്തിന്റെ ഈ വർഷത്തിനു മാധുര്യമേറും കാരണം 2000 മാണ്ടിൽ തുടങ്ങിയ ഈ ആഘോഷത്തിന്റെ മധുരപതിനേഴാണീവർഷം.

ലോകം മുഴുവൻ കവിതകൾ വായിക്കുന്നതും എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഈ ലോക കവിതാ ദിനമെന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ലോക കവിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്ന് ലോകത്ത്‌ അസമാധാനവും ആശങ്കയും അമ്പരപ്പുമാണ്‌ നടമാടുന്നത്‌. ആധുനിക വിവര സാങ്കേതിക വിദ്യകളുടെ വിസ്മയത്തിൽ മുഴുകുന്ന പുതിയ തലമുറയിലെ കുട്ടികൾ താളാത്മകമായ മനസ്സുകളെ അവതാളത്തിലാക്കുന്നു.

മനുഷ്യ മനസ്സിന്റെ അറയിൽ മനുഷ്യത്വം നിറയ്ക്കുവാൻ കഴിയുന്ന കവിതകൾ എഴുതുവാനും വായിക്കുവാനും ചൊല്ലുവാനും ഈ തലമുറയിലെ വിദ്യാർത്ഥികൾ താൽപര്യം കാണിക്കുന്നില്ല!.

റോമിലെ ഇതിഹാസ കാവ്യ രചയിതാവായ വെർജിലിന്റെ ജന്മദിനത്തെ സ്മരിക്കുന്നതിനാണ്‌ യുണൈറ്റഡ്‌ നേഷൻസ്‌ എഡ്യൂക്കേഷണൽ സൈന്റിഫിക്‌ ആന്റ്‌ കൽച്ചറൽ ഓർഗനൈസേഷൻ എന്ന യുനെസ്കോ മാർച്ച്‌ 21 ലോക കവിതാ ദിനമായി ആഘോഷിച്ചു വരുന്നത്‌.

പൂബ്ലിയൂസ്‌ വെർജീലിയൂസ്‌ മാരോ എന്നാണ്‌ ലത്തീനിൽ അദ്ദേഹത്തിന്റെ മുഴുവൻ പേര്‌. കവിതകളിലൂടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1999-ൽ പാരീസിൽ ചേർന്ന യുനെസ്കോ യോഗത്തിലാണ്‌ ലോക കവിതാ ദിനം ആഘോഷിക്കുവാനുള്ള തീരുമാനമുണ്ടായത്‌. ആദ്യ ലോക കവിതാ ദിനം ആചരിച്ചത്‌ 2000 മാർച്ച്‌ 21 ന്‌ ആയിരുന്നു.

ഇറ്റലിയിലെ മാന്ത്വായ്ക്കടുത്ത്‌ ആൻഡീസിൽ ബി.സി. 70 ഓക്ടോബർ 15 ന്‌ വെർജിൽ ജനിച്ചുവെങ്കിലും യുനെസ്കോ മാർച്ച്‌ 21 ആയിരുന്നു ലോക കവിതാ ദിനമായി പ്രഖ്യാപിച്ചത്‌. കവിയുടെ ജന്മദിനമായ ഒക്ടോബർ 15 നും ചില രാജ്യങ്ങൾ ലോക കവിതാ ദിനം ആഘോഷിക്കുന്നുണ്ട്‌.

വിദ്യാസമ്പന്നനായ വെർജിലിന്റെ ജീവിതം ശാന്തമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കൃതികളിൽ ഇറ്റലിയിൽ ദീർഘനാൾ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അസ്വസ്ഥതയും തുടർന്നുണ്ടായ സമാധാനത്തിന്റെ സ്വസ്ഥതയും കലർന്നിട്ടുണ്ട്‌. വ്യക്തികൾ ലോകത്ത്‌ എവിടെയായിരുന്നാലും അവർ പങ്കുവയ്ക്കുന്നത്‌ മനുഷ്യവർഗ്ഗത്തിന്റെയും മനുഷ്യത്വത്തിന്റെയുമായിട്ട്‌ സമാനതയുള്ള ചോദ്യവും വികാരവും തന്നെ ആയിരിക്കും കവിതയിലൂടെ കവികൾ ആവർത്തിച്ച്‌ വെളിപ്പെടുത്തുന്നത്‌.

പ്രാദേശികമായ സ്വച്ഛതയെയും ലോക സമാധാനത്തെയും കുറിച്ചുള്ള സ്വപ്നാത്മകമായ പ്രവചനമാണ്‌ എക്ലോഗ്സ്‌ (42- 37 ബി.സി.) എന്ന വെർജിലിന്റെ ആദ്യ കൃതിയായ ആരണ്യകാവ്യ സമാഹാരം. ആഭ്യന്തരയുദ്ധാനന്തരം സർക്കാർ ചെയ്യേണ്ട ജനസംഖ്യയുടെ ക്രമീകരണത്തിലേക്കും കൃഷിയുടെ പുനരുദ്ധാരണത്തിലേക്കും വിരൽ ചൂണ്ടുന്ന കൃതിയാണ്‌.

അതുപോലെ എഴുതി പൂർത്തിയാക്കാൻ കഴിയാതെപോയ ഈനീഡ്‌. യുദ്ധാനന്തരം റോമിന്റെ പുനർജന്മത്തിൽ സന്തോഷിക്കുന്ന കവി ട്രോയിയിലെ ഈനിയാസിന്റെ ഐതിഹാസികമായ റോമാനഗരനിർമ്മാണം, റോമൻ രീതിയിൽ അഗസ്റ്റസ്‌ സാധിച്ച ലോകത്തിന്റെ പുനരേകീകരണം എന്നിവ മനോഹരമായി ഈനീഡിൽ പ്രകീർത്തിക്കുന്നുണ്ട്‌. “എല്ലാം കീഴടക്കുന്ന സ്നേഹം” വെർജിലിന്റെ മഹദ്‌വചനങ്ങളിൽ ഇത്‌ ഇന്നും ലോകത്ത്‌ പ്രസക്തമായിരിക്കുന്നു.

റോമിൽ ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ വെർജിലിന്‌ 20 വയസ്സായിരുന്നു. അദ്ദേഹം വളരാൻ തുടങ്ങിയപ്പോൾ റോമാ സാമ്രാജ്യം അധികാരത്തിന്റെയും വിശപ്പിന്റെയും യുദ്ധത്തിന്റെയും പ്രതിസന്ധികളിലും കെടുതികളിലും പെട്ട്‌ ജനത നട്ടം തിരിയുകയായിരുന്നു. ഇവയെ വെറുത്ത കവി മനസ്സ്‌ അസ്വസ്ഥമാകുകയും സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ കവിതകളിലൂടെ പോരാടി വിജയം കണ്ടെത്തി സന്തോഷിക്കുന്നതായി മനസ്സിലാക്കാം.

രാജ്യത്തുണ്ടായ നൊമ്പരങ്ങളിൽപെട്ട്‌ വിവാഹിതനാകാത്ത കവി സമാധാനത്തിനായി കവിതകൾ കരളിൽ വിരിയിച്ച കവി,താൻ ഒരിക്കൽ സ്നേഹിച്ചിരുന്ന പ്ലോട്ടിയ എന്ന യുവതിയെ വെർജിൽ ഓർമ്മിച്ചു കൊണ്ട് ഇങ്ങിനെ പറയുകയുണ്ടായി :

Oh Plotia, do I still remember your name?
In your tresses dwelt the night spangled over with stars,
presager of longing promiser of light
I could not let your life into mine.

കവിയുടെ മരണത്തെ കുറിച്ച് ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ബ്രോക്കിന്റെ ‘ദ് ഡത്ത് ഓഫ് വെർജിൽ’ (വെർജിലിന്റെ മരണം.) എന്ന നോവൽ തന്നെയുണ്ട് .ഇത് ഒരു ഗദ്യകാവ്യമാണ്.

റോമാ ചക്രവർത്തി അഗസ്റ്റസ് സീസർ ഗ്രീസിൽ നിന്ന് ഇറ്റലിയിലെ ബ്രീൻഡീസി പട്ടണത്തിലേയ്ക്കു വരുന്ന വരവാണത് ഈ നോവലിന്റെ ഇതിവൃത്തം. സീസറിന്റെ കവിയാണ് വെർജിൽ. ഇനീഡ് എന്ന മഹാകാവ്യം പൂർത്തിയാക്കാൻ കഴിയാതെ ആ കവി ആ ഏഴു യാനപാത്രങ്ങളിലൊന്നിൽ അവശനായി കിടക്കുകയാണ്.

മരണം അദ്ദേഹത്തിന്റെ മുഖത്തു മുദ്ര ചാർത്തിയിരിക്കുന്നു. ഏതൻസ് നഗരത്തിൽ പാർക്കുകയായിരുന്നു വെർജിൽ. അദ്ദേഹം എന്തിന് ഏതന്‍സ് ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് സീസറോടൊരുമിച്ചു പോന്നു? ഹോമറിന്റെ പാവനമായ അന്തരീക്ഷത്തിൽ ഇനീഡ് പൂർണ്ണമാക്കാമെന്ന അഭിലാഷം നശിച്ചിരിക്കുന്നു.

പ്ലേറ്റോയുടെ നഗരത്തിലിരുന്നു ധ്യാനിച്ചുകൊണ്ട് സ്വതന്ത്രമായ ജീവിതം നയിക്കാമെന്ന ആശ ഇല്ലാതായിരിക്കുന്നു. വിജ്ഞാനത്തിലൂടെ സുഖം പ്രാപിക്കാം എന്ന പ്രത്യാശ നഷ്ടപ്പെടിരിക്കുന്നു. എന്തിനാണ് വെർജിൽ അതൊക്കെ ഉപേക്ഷിച്ചത്? കരുതിക്കൂട്ടിയോ? അതോ വിധിയുടെ വിനോദമോ?.

പൂർണ്ണമാകാത്ത രചനയായ ഇനീഡിന്റെ കൈയെഴുത്തു പ്രതി അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. അതുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അദ്ദേഹം അസ്തമിക്കുന്ന നക്ഷത്രത്തെ നോക്കി കണ്ണുചിമ്മി. പുതപ്പു താടിവരെ വലിച്ചിട്ടു. അദ്ദേഹത്തിനു തണുക്കുണ്ടായിരിക്കണം.

സീസറിനെ സ്വീകരിക്കാൻ റോമാക്കാർ കൂടിയിരിക്കുകയാണ്. ചക്രവർത്തിക്ക് 43 വയസ്സു തികയുന്ന ആഘോഷമാണ് ഇന്ന് അവിടെ നടക്കുന്നത്.അദ്ദേഹത്തിനു വേണ്ടിയാണ് കവി ഇത്രയും കാലം സേവനമനുഷ്ഠിച്ചത്.

ആഘോഷങ്ങൾക്കൊടുവിൽ കൊട്ടാരത്തിൽ ആ കവി മരണം ശ്രവിക്കുകയായിരുന്നു, ഒരു ഞെട്ടൽ പോലുമില്ലാതെ അതിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. മരണത്തിന്റെ ബീജം ഓരോ ജീവിതത്തിലും നിക്ഷിപ്തമത്രേ. അത് അനുനിമിഷം വികസിച്ചുവരുന്നതെങ്ങനെയാന് വെർജിൽ മനസിലാക്കി.

സീസറിനെ തെറ്റായ വിധത്തിൽ ബഹുജനം ആരാധിക്കുന്നതുപോലെ താനും വേറൊരുവിധത്തിൽ കപടദൈവങ്ങളെ ആരാധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗ്രഹിച്ചു. കാവ്യത്തിന് സേവനമനുഷ്ഠിച്ച് ജീവിതത്തെ ഉപേക്ഷിക്കുകയായിരുന്നു വെർജിൽ.19 ബി.സി. സെപ്റ്റംബർ 21 ന്‌ കവി തന്റെ 52 ആം വയസ്സിൽ ഈ ലോകത്തിലെ ജീവിതം ഉപേക്ഷിച്ചു മറ്റൊരു ലോകത്തിലിരുന്ന് ഇനീഡ് എന്ന കാവ്യം പൂർത്തിയാക്കാൻ യാത്രയായി.......

അസ്വസ്ഥമാകുന്ന ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ സ്വസ്ഥത വീണ്ടെടുക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്‌ മാനവികത കൈവിടാത്തവർ ഈ ലോക കവിതാ ദിനത്തിൽ മാനവരാശിക്കായി ചെയ്യാനുള്ളത്‌. മുത്തുകളായ മൂല്യങ്ങൾ മനസ്സുകളിൽ നിറച്ച്‌ നന്മ കൈമോശം വരാതിരിക്കുന്നതിനുള്ള ചെറുത്തുനിൽപ്പിനുവേണ്ട കരുത്ത്‌ കവിതകൾക്ക്‌ ഉണ്ട്‌.

അക്രമാസക്തമായ കമ്പ്യൂട്ടർ ഗയിമുകളിലും മയക്കുമരുന്നുകളിലും വിദ്യാർഥികൾ ആസക്തികാണിക്കുമ്പോൾ തന്നെ ഇത്തരം പ്രവണതകളിൽ നിന്നും മാറി നിന്ന്‌ ലോകത്തിന്റെ നൊമ്പരങ്ങൾ കാണുവാനും കേൾക്കുവാനും അവയ്ക്കെതിരെ കവിതകളിലൂടെ പ്രതികരിക്കാനും സാധിക്കണം.

ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള പ്രയാണത്തിൽ ഈ ലോകത്ത്‌ ഇനിയും ധാരാളം കവിതകൾ ഉണ്ടാകട്ടെ ഇത്തരത്തിലുള്ള കവിതകൾക്കായി നമ്മുക്ക് കാതോർക്കാം.

ഇത്തരം കവിതകൾ സ്കൂളുകളിലും കോളജുകളിലും മുളയ്ക്കുവാൻ ഉതകുന്നതാകട്ടെ ഈ വർഷത്തിലെ ലോക കവിതാ ദിനാഘോഷങ്ങൾ എന്ന്‌ ആഗ്രഹിക്കുന്നു.

Sunday, January 11, 2015

ഗാനഗന്ധര്‍വന്‍ @ 75


കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ്‌ 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.

കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍ ‍.

അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ ‍. എല്‍ . വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇത് ചെമ്പൈയുടെ മരണംവരെ തുടര്‍ന്നു പോന്നു.

1961 നവംബര്‍ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ ' കാല്‍പ്പാടുകള്‍ ' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു.

സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്‌. ബാബുരാജ്‌, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍ , ഓ. എന്‍ ‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു.

പത്മഭൂഷണ്‍ , പത്മശ്രീ, അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, കേരളാ സര്‍വകലാശാലയുടെ ഡി.ലിറ്റ് , ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം,ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ ,ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ , എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നിങ്ങളെയുള്ള അംഗീകാരങ്ങള്‍ ഒട്ടനവധി ഇദ്ദേഹത്തിനു സ്വന്തമാണ്.

Friday, August 17, 2012

നേതാജി ‘ദി ഫര്‍ഗോട്ടണ്‍ ഹീറോ’



നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്ത മഹാത്മാഗാന്ധി, ഭഗത്സിംങ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍ക്ക് കിട്ടുന്ന ഒരു പരിഗണന നേതാജി സുബാഷ് ചന്ദ്രബോസിനു കിട്ടുന്നുണ്ടോ?

ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനം.1945 ആഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചു എന്നാ‍യിരുന്നു നേതാജിയുടെ തിരോധാനം അന്വേഷിച്ച ഷാനവാസ് കമ്മീഷന്റെയും (1956 ല്‍ ) ഖോസ്ല കമ്മീഷന്റെയും (1970 ല്‍ ) കണ്ടെത്തലുകള്‍.ഇന്ത്യന്‍ ഗവണ്‍മെന്റ്‌ രണ്ടു റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്തു.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് മുഖര്‍ജി കമ്മിറ്റി (1999 ല്‍ ) കണ്ടെത്തല്‍ തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചില്ലെന്നും, ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം നേതാജിയുടേതല്ലെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

ഈ അവസരത്തിലാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള ഭാരതീയരായ ഒരു സംഘം ചെറുപ്പക്കാര്‍ ‘മിഷന്‍ നേതാജി’ ( www.missionnetaji.org ) എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്‌. ദുരൂഹതകള്‍ നീക്കാന്‍ കമ്മീഷനെ സഹായിക്കുക എന്നതാണ്‌ ‘മിഷന്‍ നേതാജി’യുടെ പ്രധാനലക്ഷ്യം.

നേതാജിയുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നിലവില്‍ ഭാരതസര്‍ക്കാരിന്റെ പക്കലുണ്ട്‌. എങ്കിലും ‘രാജ്യസുരക്ഷ’യെ മുന്‍നിര്‍ത്തി അതൊന്നും കമ്മീഷനു നല്‍കാനാവില്ലെന്നാണ്‌ ഔദ്യോഗികവിശദീകരണം. ഇന്നും നേതാജിയുടെ മരണത്തെ സംബദ്ധിച്ചുള്ള സത്യം കണ്ടെത്താനായിട്ടില്ല.

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തില്‍ ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ഥ വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍ അമ്മ പ്രഭാവതിയും. കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

1920 – ല്‍സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാ‍ന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1939ല്‍ സുബാഷ് ചന്ദ്രബോസ് ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയായിരുന്ന പട്ടാഭി സീതാരാമയ്യയെ മറികടന്ന് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസ്സ് അംഗമല്ലാത്ത ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ സെന്റിമെന്റ് വര്‍ക്കൌട്ട് ചെയ്തതിനെ തുടര്‍ന്ന് സുബാഷ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയുണ്ടായി.

ഒരാള്‍ വിശുദ്ധനായിരുന്നെങ്കില്‍ മറ്റെയാള്‍ പടയാളിയായിരുന്നു. ’ദേശാഭിമാനികളിലെ രാജകുമാരന്‍’ എന്നാണ് നേതാജിയെ ഗാന്ധിജി വിളിച്ചിരുന്നത്. നെഹ്രുവുമായി ആശയപരമായി നേതാജിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. നെഹ്രുവിന്റെ മതേതര സങ്കല്‍പ്പമായിരുന്നില്ല നേതാജിയുടേത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അംഗീകരിക്കുന്ന സമീപനമായിരുന്നു നേതാജിയുടേത്. നേതാജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതയുണ്ടായിരുന്നുവെന്നത് ശരിയാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായൊരു ദര്‍ശനം നേതാജിക്കുണ്ടായിരുന്നു.

1921- ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലും ആയി. 1924 ഒക്‌ടോബറില്‍ തീവ്രവാദിയാണെന്ന സംശയത്തിന്റെ പേരില്‍ ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അധികൃതര്‍ അദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും ജയിലില്‍ നിരാഹാരസമരം തുടങ്ങിയതിനാല്‍ അദ്ദേഹത്തെ ഒരാഴച്ചക്കുള്ളില്‍ മോചിപ്പിച്ചു.എന്നാല്‍ കല്‍ക്കട്ടയിലെ അദേഹത്തിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തിരവനായ ശിശിര്‍ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ മോസ്കോയിലുമെത്തി. അവിടെ നിന്നും റോമിലും അവസാനം ജര്‍മ്മനിയിലും എത്തിച്ചേര്‍ന്നു.

യൂറോപ്പിലെ ജര്‍മന്‍ അധിനിവേശരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യന്‍ ലീജിയണ്‍ എന്നൊരു സേന രൂപീകരിച്ചു. ഏകദേശം 4500 സൈനികര് ഉണ്ടായിരുന്നു ഈ സേനയില്. ജര്‍മ്മന്‍ വിദേശവകുപ്പില്‍ 1941 ജൂലൈ മാസത്തില്‍ ‘ പ്രത്യേക ഭാരത വകുപ്പ് ’ രൂപീകരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബര്‍ലിനില്‍ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം‘ അദ്ദേഹം സ്ഥാപിച്ചു.

സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തില്‍ രൂപീകരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവര്‍ണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബര്‍ലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോര്‍ രചിച്ച ‘ ജനഗണമന.. ’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്.

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ പക്ഷെ അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പില്‍ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവര്‍ത്തികളോടും ബോസിന് യോജിക്കാന്‍ സാധിച്ചില്ല.അങ്ങിനെ ഇരിക്കവെ ജപ്പാന്‍ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേര്‍ന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ച സമയത്ത് പൂര്‍വ്വേഷ്യയില്‍ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാഷ് ചന്ദ്ര ബോസിന്റെ മനസ്സില്‍ തെളിഞ്ഞു. ഇക്കാരണങ്ങളാല്‍ ബോസ് നാസി ജര്‍മ്മനി വിടാന്‍ തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ജര്‍മ്മനി വിട്ടു.

1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ദ്വീപിലാണ് ബോസ് എത്തിച്ചേര്‍ന്നത്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജപ്പാന്‍ സൈന്യത്തിലെ കേണല്‍ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോയുമായി ഭാരത-ജപ്പാന്‍ ബന്ധങ്ങളെപ്പറ്റിയും ,നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ചചെയ്ത് ഒരു പരസ്പരധാരണയില്‍ എത്തിച്ചേര്‍ന്നു.റാഷ്‌ബിഹാരി ബോസ് , അബീദ് ഹസ്സന്, കേണല്‍ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂണ്‍ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ) രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

1943 ഒക്ടോബര്‍ 21-നു രാവിലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഒരു വിശേഷാല്‍ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളില്‍ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താല്‍ക്കാലിക സ്വതന്ത്രഭാരത സര്‍ക്കാരിന്റെ രൂപീകരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബര്‍ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു.അമേരിക്കന്‍ ശക്തികള്‍ക്കെതിരെ സ്വതന്ത്രഭാരത സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചു.

ജപ്പാന്റെ കൈവശമായിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ദ്വീപസമൂഹങ്ങള്‍ സ്വതന്ത്രഭാരത സര്‍ക്കാരിനു കൈമാറാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ജനറല്‍ ടോജോ പ്രസ്താവിച്ചു. 1943 ഡിസംബര്‍ 29- ആം തീയതി ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റെടുക്കന്‍ നേതാജി ആന്‍ഡമാനിലെത്തി. ആന്‍ഡമാന് ‘ഷഹീദ്’ എന്നും, നിക്കോബാറിന് ‘ സ്വരാജ് ’ എന്നും നേതാജി പുനര്‍നാമകരണം ചെയ്തു. മേജര്‍ ജനറല്‍ ലോകനാഥനെ ദ്വീപുകളുടെ ആദ്യത്തെ ഭരണധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ല്‍ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപീകരിക്കപ്പെട്ടു. താല്‍ക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറന്‍സി നോട്ടുകള്‍ അച്ചടിച്ചിറക്കുകയും ചെയ്തു.

1944 ജനുവരിയിലാണ് ബര്‍മ്മയില്‍ നിന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചുള്ള ഒരാക്രമണം ജപ്പാന്‍ നടത്തി.മാര്‍ച്ച് മാസത്തില്‍ ഐ.എന്‍.എ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചു. മാര്‍ച്ച് മധ്യത്തോടെ ഐ.എന്‍.എ – ജപ്പാന്‍ സേനകള്‍ ഇംഫാല്‍ ആക്രമണം ആരംഭിച്ചു. ഏപ്രില്‍ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു അവര്‍ അപ്പോൾ. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഇതിനു പല കാരണങ്ങളുണ്ടായിരുന്നു.

ജനറല്‍ ടോജോ 1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു. ജനറല്‍ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.ഇതിനിടെ ജപ്പാന്‍ സര്‍ക്കാരില്‍ വീണ്ടും മാറ്റമുണ്ടായി ജനറല്‍ കെയ്‌സോ രാജിവച്ചു, അഡ്‌മിറല്‍ സുസുക്കി പ്രധാനമന്ത്രിയായി. ആ സമയത്ത് ബര്‍മ്മയിലെ സ്ഥിതിഗതികള്‍ ആകെ മാറി, ബര്‍മ്മ വിട്ടൊഴിയാക് ജപ്പാന്‍ സേനകള്‍ക്ക് ഉത്തരവ് കിട്ടി. അങ്ങനെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ബര്‍മ്മയില്‍ നിന്നും പിന്മാറി.

1945 മെയ് 7-നു ജര്‍മ്മനി നിരുപാധികം സഖ്യശക്തികള്‍ക്കു കീഴടങ്ങി. ആഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ആഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1991-ല്‍ രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. എന്നാല്‍ നേതാജിയുടെ മരണം സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ മരണാനന്തരബഹുമതിയായി ഭാരതരത്‌ന നല്‍കുന്നത് നിയമപരമല്ല എന്നു കോടതി നിര്‍ദ്ദേശം കാരണം അതു പിന്‍വലിച്ചു. അതുന്നാല്‍ തന്നെ ഇതേ വരെ ഈ ബഹുമതി അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.

നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ആഗസ്റ്റ് ലക്കം എഡിറ്റോറിയലാണ്

Sunday, August 14, 2011

ഇന്ത്യന്‍സ്വാതന്ത്ര്യസമരഘട്ടങ്ങള്‍

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.

ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍ബാല്‍പാല്‍ തുടങ്ങിയവരുടെ കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായി.1857-ലെ ശിപായി ലഹള എന്നുവിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍ .എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍1947 ആഗസ്റ്റില്‍ രൂപീകൃതമായി.1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ആണ്.

ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.

വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി.

ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുളള നിസ്സഹകരണത്തില്‍ ഊന്നിയുളള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി.

ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു.

400 കിലോമീറ്റര്‍ദൂരമുളള ഈ പദയാത്ര അഹ്മദാബാദിലുളള തന്റെ ആശ്രമത്തില്‍നിന്നും ദണ്ഡിയിലേയ്ക്കുളള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍ 6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍ വെളളത്തില്‍നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍1930-ല്‍കല്‍ക്കട്ടയില്‍പോലീസും ജനക്കൂട്ടവും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് (1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പെഷാവാറില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സഖവാനി ബസാര്‍കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ഘഫ്ഫാര്‍ഖാന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍ .

ഗാന്ധിജി ജയിലില്‍കിടക്കവേ ലണ്ടനില്‍1930 നവംബറില്‍ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍ കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ ജയില്‍ മോചിതരായി.

മാര്‍ച്ച് 1931-ല്‍ഗാന്ധി-ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍ 1931 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍ പരാജയത്തില്‍ കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, 1932 ജനുവരിയില്‍ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍ പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍ ) അഥവാ ആഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍ വെച്ചു 1939 സെപ്റ്റംബറില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാര്‍സ്റ്റാന്‍ ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍ നിന്നും വൈസ്രോയില്‍ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍ നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ ഒരു ഉടമ്പടിയില്‍ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു.

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍ (ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹ്മദ്നഗര്‍ കോട്ടയില്‍ തടവിലടച്ചു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍‌സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍ അധോലോക സംഘടനകള്‍ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹന നിരകളില്‍ബോംബ് ആക്രമണങ്ങള്‍ നടത്തി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.

1947 ജൂണ്‍ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആയ വൈസ് കൌണ്ട് ലൂയി മൌണ്ട് ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപപ്രധാനമന്ത്രി സര്‍ദ്ദാര്‍വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി തുടരാന്‍ ക്ഷണിച്ചു. 1948 ജൂണില്‍ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ ഏറ്റെടുത്തു. തന്റെ “ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍ , ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍പോളോ എന്നിവയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേല്‍ സൈനീകശക്തി ഉപയോഗിച്ചു.ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍ 26-നു നിയമസഭ പൂര്‍ത്തിയാക്കി.

1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍നിന്നും 1961-ല്‍ ഗോവയും 1954-ല്‍ ഫ്രഞ്ച് അധീനതയില്‍നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ അവസരത്തിൽ ഏവർക്കും എന്റെ സ്വതന്ത്ര്യദിനാശംസകൾ.

കുറിപ്പ്:ലൈബ്രറി ഓഫ് കോണ്‍ഗ്രസ്,വിക്കിപീഡിയ,കണ്ട്രി സ്റ്റഡീസ് എന്നിവയില്‍ നിന്നുളള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ആഗസ്റ്റ് ലക്കം എഡിറ്റോറിയലാണ്

Saturday, July 30, 2011

മലയാള ചലചിത്രത്തിന്റെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Friday, July 29, 2011

കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്‍.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി 'മലയാള നാടകശാല' എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ 'രഥം' മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി. അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടവീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്.പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയീട്ടില്ല.

നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ് ശ്രദ്ധേയനായത്. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന് ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്.

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.സെന്‍റ് മൈക്കിള്‍സ്, ചേര്‍ത്തല ഹൈസ്കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്.

എന്‍.എന്‍. പിളളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്ലോരസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. സഞ്ചാരിയാണ് രാജന്‍ പി. ദേവ് ആദ്യം അഭിനയിച്ച ചിത്രം. 1983 ല്‍ ഫാസിലിന്റെ എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു കൊണ്ടായിരുന്നു തുടക്കങ്ങള്‍.

1988 ഓടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കുപിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം.ഒമ്പത് റേഡിയോ നാടകങ്ങളും രാജന്‍.പി ദേവ് രചിച്ചിട്ടുണ്ട്.

രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (800 ല്‍പ്പരം വേദികളില്‍ കളിച്ച ജൂബിലിയുടെ തന്നെ നാടകമായിരുന്നു ഇത്), മണിയറക്കളളന്‍ (പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്ക്ക്യ‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു..

1984ലും 86ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ പി ദേവ് ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്‍റ്റെ ഉടമയാണ്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്‍റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന്‍ പി. ദേവിന്‍റ്റെ മികച്ച നാടകവേഷം.

ശാന്തമ്മയാണ്‌ ഭാര്യ. ആഷമ്മ, ജിബിള്‍ രാജ്‌, ഉണ്ണിരാജ്‌ എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഈ പ്രതിഭ 2009 ജൂലയ് 29-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Thursday, July 14, 2011

മലയാളസാഹിത്യശില്പിയിന്ന് 78 ന്റെ നിറവിൽ


മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍ ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍ ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ ‘രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം ‘ഗോപുരനടയില്‍ ‘ എന്ന ഒരു നാടകവും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

Tuesday, May 31, 2011

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍



ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന്‍ വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.

1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.

‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരാണ്‍ മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍ ചിരാതിന്റെ കൂപ്പുകൈ

Friday, March 11, 2011

പ്രവാസികളെ കഷ്ട്ത്തിലാക്കുന്ന പ്രവാസി വോട്ട്


രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് .എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ മതിയെന്നാണ്.എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നളിനി നേറ്റൊ പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ സ്വീകരിക്കില്ലെന്നും.ഗവണ്‍മന്റിനും തിരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തത് ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ പ്രസ്താവനകളാണ് മന്ത്രിയും തിരഞ്ഞെടുപ്പു കമ്മീഷനും പറയുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞതുപോലെ എംബസി അറ്റസ്‌റ്റേഷന്‍ നടത്തിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഈ വരുന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളികളായ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമോയെന്നത് കണ്ടുതന്നെ അറിയണം.കേരളത്തില്‍ ഭരണത്തിലെത്തുന്ന മുന്നണികള്‍ക്ക് കിട്ടുന്ന വോട്ടിനെക്കാള്‍ അധികമാണ്‌ പ്രവാസി മലയാളികളുടെ എണ്ണമെന്ന് ഓര്‍മ വേണം!.

ഇന്ത്യന്‍ എംബസിയിലാണെങ്കില്‍ വോട്ടവകാശം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളൊന്നും കേന്ദ്ര ഗവര്‍മെന്റില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് അംബാസഡര്‍ പറയുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐ.സി.സിയില്‍ ലഭ്യമാക്കുമെങ്കിലും ഫോം വിതരണമുണ്ടായിരിക്കിലെന്ന് ഐ.സി.സി ഓണ്‍ലൈനില്‍ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസിയില്‍ പാസ്‌പോര്‍ട്ടുമായി ചെന്നാല്‍ സാധാരണയായി ചെയ്യുന്നതുപോലെ ഫോറം ഈ ആളുടേതുതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. അതിനാണെങ്കില്‍ 38 ഖത്തര്‍ റിയാല്‍ (നാനൂറ്റിയമ്പത് രൂപ) ഫീസടയ്ക്കണം.തുച്ഛമായ സംഖ്യ വേതനം പറ്റുന്ന നിര്‍മാണ മേഖലയിലേയും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കിത് വലിയൊരു തുകയാണ്.

സ്വകാര്യമേഖയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പലപ്പോഴും കമ്പനികളിലായിരിക്കും. ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ കമ്പ്യൂട്ടര്‍ സംവിധാനം വഴി വിശദമായ പരിശോധനകള്‍ക്ക് ശേഷം സാക്ഷ്യപ്പെടുത്തി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അംബാസഡര്‍ അറിയിയിച്ചിട്ടുണ്ട്.അതിന്നാല്‍ പാസ്സ്പോര്‍ട്ട് പ്രശ്നത്തില്‍ കുഴപ്പമില്ല.പക്ഷെ ഒരു ദിവസം ജോലിയില്‍നിന്നു ലീവെടുത്ത് ഭീമമായ സംഖ്യ നഷ്ടം സഹിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ എത്രപേര്‍ക്ക് എംബസിയിലെത്തും?.

ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ വോട്ടവകാശം നിര്‍വഹിക്കാനായി കാശു മുടക്കണമെന്നത് അപഹാസ്യമല്ലേ ?കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഫീസ് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ എംബസിക്ക് സ്വന്തം നിലക്ക് ഒഴിവാക്കാനാവില്ല.അതിനാൽ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനും എംബസി നിശ്ചയിച്ച ഫീസ് ഈടക്കിയേ മതിയാകൂ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി എംബസിയില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബസി ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നും അറിയുന്നു.

ഭാരതത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതി നിര്‍ണ്ണയകമായൊരു പങ്ക് വഹിച്ചു പോരുന്നതില്‍ സുപ്രാധാനമായൊരു ഘടകമാണ്‌ പ്രവാസികളായ ഇന്ത്യക്കാര്‍ ‍. വളരെ പ്രയാസങ്ങള്‍ അനുഭവിച്ച് അന്യ നാട്ടിലെ വിസ സംമ്പാദിക്കുകയും പല രാജ്യങ്ങളിലുമുള്ള നിയമകുരുക്കുകള്‍ തരണം ചെയ്ത് പ്രതികൂലക്കാലാവസ്ഥയോട് മല്ലിട്ടുമാണ് മാതൃരാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവാസികള്‍ പങ്കാളികളാവുന്നത്. എന്നാല്‍ ഭാരത സര്‍ക്കാറിന്റെ അനുഭാവപൂര്‍ണ്ണമായ ഒരിടപെടലും പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടാവാറില്ല എന്നത് ഖേദകരമാണ്‌.

പ്രവാസികളായ ഭാരതീയര്‍ മാതൃരാജ്യത്തോടുള്ള കൂറും ആത്മാര്‍ത്ഥയും പഴയപടി നിലനിര്‍ത്തി പോന്നിട്ടും വിദേശത്ത്‌പോകുന്നവര്‍ക്ക് വേണ്ടി കുറ്റമറ്റ ഒരു യാത്രാ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍പോലും ഗവര്‍മെന്റുകളുടെ ശ്രദ്ധ വേണ്ട വിധത്തില്‍ പതിയാറില്ല.തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും വോട്ടാര്‍മാരെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.എന്ന ഒരു ചിന്ത എല്ലാവര്‍ക്കും നല്ലതാണ്.പ്രത്യേഗിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്!.

മാതൃരാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോകാര്യവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ്‌ പ്രവാസികളുടെ രാപകലുകള്‍ കടന്നു പോകുന്നത്. വോട്ടും ഭരണവും എന്ന ഏക അജണ്ടയുമായി രാഷ്ട്രീയം കളിക്കുന്ന അടവുകളൊന്നും ഇവിടെ വിലപ്പോവില്ല. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചതു കൊണ്ട് പ്രവാസികള്‍ വീഴുമെന്ന് ധരിക്കുന്നത് വിഡിത്തമാണ്. മുഖ്യധാരാരാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉത്തരവാദിത്ത ബോധത്തോടുകൂടി തീരുമാനിക്കാന്‍ പ്രവാസികള്‍ക്ക് നന്നായിട്ടറിയാം. ആയതിന്നാല്‍ ഈ പ്രവാസി വോട്ടിന്റെ നിയമത്തിലെ പോരായ്മകളെല്ലാം തിരുത്തി എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ശ്രമിക്കണം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്

Friday, March 4, 2011

പ്രവാസികളെ ഇനിയാരും നിങ്ങളുടെ വോട്ട്‌ വെട്ടില്ല!.


ഒരു കോടിയിലധികം വരുന്ന പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ വാര്‍ത്തയോടെ പൂവണിഞ്ഞത്. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നും വോട്ടെടുപ്പ് ദിവസം പാസ്‌പോര്‍ട്ടുമായി വോട്ട് ചെയ്യാന്‍ ഹാജരാകാമെന്നുമാണ്‌ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കില്ല. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.http://eci.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

പ്രവാസ ലോകത്തിലെ നമ്മളടങ്ങുന്ന രാഷ്‌ട്രീയ സഘടനകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും ഇനിയുള്ള കാലം നിര്‍ണായകമാണ്. ഈ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുക എന്നത് പ്രവാസി സംഘടനകളുടെ ഉത്തരവാദിത്വമായിരിക്കണം. സധാരണക്കാരായ നമ്മുടെ അണികളെ ഈ നിയമത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് പ്രവാസി സംഘടന ആയിരിക്കണം. അതിന്നായി അവരെ സമീപിച്ച് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി തപാലില്‍ അപേക്ഷകള്‍ അയപ്പിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്‌ട്രീയ സംഘടനകള്‍ക്കും പ്രവാസലോകത്ത് അനേകം പോഷക സംഘടനകളുണ്ടെന്നതിന്നാല്‍ വോട്ടവകാശം വന്ന സ്ഥിതിക്ക് എല്ലാവരും രംഗത്തിറങ്ങുമെന്നത് ഉറപ്പാണ്‌. നാട്ടില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ പാസ്‌പോര്‍ട്ടും പസ്‌പോര്‍ട്ടിന്റെ കോപ്പിയും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും നമ്മുടെ സംഘടനക്ക് അണികളെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തയാള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശവും നല്‍കുന്നുണ്ട്.ജന്മനാട്ടിലെ വോട്ടവകാശമെന്നത് പ്രവാസികളുടെ മൗലികാവകാശമാണെന്ന് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ജന്മനാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇത് അവരെ സഹായിക്കുമെന്നും രാഷ്‌ട്രനിര്‍മാണപ്രക്രിയയ്ക്ക് അത് കരുത്തുപകരുകയും ചെയ്യുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.ഇപ്പോഴത്തെ നിയമമനുസരിച്ച് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ആറ് മാസം താമസിക്കാത്ത പ്രവാസിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമായിരുന്നു. ഈ പുതിയ വിജ്ഞാപനമായതോടെ ഇനി അതിനു സാധ്യമല്ല!.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.

പ്രവാസി വോട്ടിനായി,പ്രവാസികള്‍ വോട്ട് ചേർക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം

ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ ‍. (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):

കാസര്‍കോട് ജില്ല

1. കാസര്‍കോട്: താലൂക്ക് ഓഫിസ്, മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം, കാസര്‍കോട് പിഒ, 671121. (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ).
2. ഹൊസ്ദുര്‍ഗ്: താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് പിഒ, 671315. (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ).

കണ്ണൂര്‍ ജില്ല

3. തളിപ്പറമ്പ്: താലൂക്ക് ഓഫിസ്, തളിപ്പറമ്പ്, 670141 (പയ്യന്നൂർ ‍, തളിപ്പറമ്പ്, ഇരിക്കൂര്‍ ).
4. കണ്ണൂര്‍ : താലൂക്ക് ഓഫിസ്, കണ്ണൂര്‍ , 670002. (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ ‍, ധര്‍മടം).
5. തലശ്ശേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, തലശേരി, 670101. (തലശ്ശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂർ ‍, പേരാവൂര്‍ ).

വയനാട് ജില്ല

6. മാനന്തവാടി: താലൂക്ക് ഓഫിസ്, മാനന്തവാടി പിഒ, 670645. (മാനന്തവാടി).
7. വൈത്തിരി: താലൂക്ക് ഓഫിസ്, വൈത്തിരി പിഒ, 673576. (കല്‍പ്പറ്റ).
8. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി പിഒ, 673592. (സുല്‍ത്താന്‍ ബത്തേരി).

കോഴിക്കോട് ജില്ല

9. വടകര: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ കോംപ്ളക്സ്, വടകര,. 673101. (വടകര, കുറ്റ്യാടി, നാദാപുരം).
10. കൊയിലാണ്ടി: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷന്‍ കോംപ്ളക്സ്, കൊയിലാണ്ടി, 673305. (കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി).
11. കോഴിക്കോട്: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, സിവില്‍സ്റ്റേഷന്‍ പിഒ, കോഴിക്കോട്, 673020. (ഏലത്തൂർ ‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി).

മലപ്പുറം ജില്ല

12. നിലമ്പൂർ ‍: താലൂക്ക് ഓഫിസ്, ചന്തക്കുന്ന് പിഒ, നിലമ്പൂർ ‍, 679342. (നിലമ്പൂർ ‍, വണ്ടൂർ ‍).
13. ഏറനാട്: താലൂക്ക് ഓഫിസ്, മഞ്ചേരി പിഒ, 676121. (കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം).
14. തിരൂരങ്ങാടി: താലൂക്ക് ഓഫിസ്, തിരൂരങ്ങാടി പിഒ, ചെമ്മാട്, 676306. (വെങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി).
15. തിരൂർ ‍: താലൂക്ക് ഓഫിസ്, തിരൂര്‍ പിഒ, 676101. (താനൂർ ‍, തിരൂർ ‍, കോട്ടയ്ക്കൽ ‍).
16. പൊന്നാനി: താലൂക്ക് ഓഫിസ്, പൊന്നാനി നഗരം പിഒ, 679583. (തവനൂർ ‍, പൊന്നാനി).
17. പെരിന്തല്‍മണ്ണ: താലൂക്ക് ഓഫിസ്, പെരിന്തല്‍മണ്ണ പിഒ, 679322. (പെരിന്തല്‍മണ്ണ, മങ്കട).

പാലക്കാട് ജില്ല

18. ഒറ്റപ്പാലം: താലൂക്ക് ഓഫിസ്, ഒറ്റപ്പാലം പിഒ, 679101. (തൃത്താല, പട്ടാമ്പി, ഷൊര്‍ണൂരർ , ഒറ്റപ്പാലം).
19. മണ്ണാര്‍ക്കാട്: താലൂക്ക് ഓഫിസ്, മണാര്‍ക്കാട് പിഒ, 678585. (മണ്ണാര്‍ക്കാട്).
20. പാലക്കാട്: താലൂക്ക് ഓഫിസ്, പാലക്കാട് സിവില്‍സ്റ്റേഷന്‍ പിഒ. 678001. (കോങ്ങാട്, മലമ്പുഴ, പാലക്കാട്).
21. ചിറ്റൂർ ‍: താലൂക്ക് ഓഫിസ്, ചിറ്റൂര്‍ പിഒ, 678101. (ചിറ്റൂർ ‍, നെന്മാറ)
22. ആലത്തൂർ ‍: താലൂക്ക് ഓഫിസ്, ആലത്തൂര്‍ പിഒ, 678541. (തരൂരർ , ആലത്തൂർ ‍)

തൃശൂര്‍ ജില്ല

23. തലപ്പള്ളി: തലപ്പള്ളി താലൂക്ക് ഓഫിസ്, വടക്കാഞ്ചേരി പിഒ, 680682. (ചേലക്കര, കുന്നംകുളം)
24. തൃശൂർ ‍: താലൂക്ക് ഓഫിസ്, ചെമ്പൂക്കാവ്, തൃശൂര്‍ പിഒ, 680020. (ഒല്ലൂർ ‍, തൃശൂർ ‍, നാട്ടിക)
25. മുകുന്ദപുരം: മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട പിഒ, 680125. (ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)
26. ചാവക്കാട്: താലൂക്ക് ഓഫിസ്, ചാവക്കാട് പിഒ, 680506. (ഗുരുവായൂർ ‍, മണലൂർ ‍, വടക്കാഞ്ചേരി)
27. കൊടുങ്ങല്ലൂർ ‍: താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ പിഒ, 680664. (കയ്പമംഗലം, കൊടുങ്ങല്ലൂരർ )

എറണാകുളം ജില്ല

28. പറവൂര്‍: താലൂക്ക് ഓഫിസ്, കോര്‍ട്ട് കോപ്ളക്സിനു സമീപം, പറവൂര്‍, 683513. (കളമശേരി, പറവൂരർ )
29. കൊച്ചി: കൊച്ചി താലൂക്ക് ഓഫിസ്, ഫോര്‍ട്ട് കൊച്ചി, എറണാകുളം, 682001. (വൈപ്പിന്‍, കൊച്ചി)
30. കണയന്നൂർ ‍: കണയന്നൂര്‍ താലൂക്ക് ഓഫിസ്, സുഭാഷ് പാര്‍ക്കിന് എതിര്‍വശം, എറണാകുളം, 682015. (തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര)
31. ആലുവ: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷനൻ , ആലുവ, 683101. (അങ്കമാലി, ആലുവ)
32. കുന്നത്തുനാട്: കുന്നത്തുനാട് താലൂക്ക് ഒഫിസ്, പെരുമ്പാവൂരർ , 683542. (പെരുമ്പാവൂരർ , കുന്നത്തുനാട്)
33. മൂവാറ്റുപുഴ: താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷൻ ‍, മൂവാറ്റുപുഴ, 686669. (പിറവം, മൂവാറ്റുപുഴ)
34. കോതമംഗലം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കോതമംഗലം, 686691. (കോതമംഗലം)

ഇടുക്കി ജില്ല

35. തൊടുപുഴ: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, തൊടുപുഴ, 685584. (തൊടുപുഴ)
36. ദേവികുളം: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, ദേവികുളം, 685613. (ദേവികുളം)
37. ഉടുമ്പന്‍ചോല: താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പിഒ, 685553. (ഉടുമ്പന്‍ചോല, ഇടുക്കി)
38. പീരുമേട്: താലൂക്ക് ഒഫിസ്, പീരുമേട് പിഒ, 685531. (പീരുമേട്)

കോട്ടയം

39. കാഞ്ഞിരപ്പള്ളി: താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി പിഒ, 686507. (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ‍)
40. ചങ്ങനാശേരി: താലൂക്ക് ഓഫിസ്, ചങ്ങനാശേരി, 686101. (ചങ്ങനാശേരി)
41. കോട്ടയം: മിനിസിവില്‍ സ്റ്റേഷൻ ‍, താലൂക്ക് ഓഫിസ്, കോട്ടയം, 686001. (ഏറ്റുമാനൂർ , കോട്ടയം, പുതുപ്പള്ളി)
42. മീനച്ചില്‍: താലൂക്ക് ഓഫിസ്, മീനച്ചിൽ ‍, 686575. (പാല, കടുത്തുരുത്തി).
43. വൈക്കം: താലൂക്ക് ഓഫിസ്, വൈക്കം, 686141 (വൈക്കം)

ആലപ്പുഴ ജില്ല

44. ചേര്‍ത്തല: താലൂക്ക് ഓഫിസ്, ചേര്‍ത്തല പിഒ, 688524. (ആരൂർ ‍, ചേര്‍ത്തല).
45. അമ്പലപ്പുഴ: താലൂക്ക് ഓഫിസ്, അമ്പലപ്പുഴ പിഒ, 688001. (ആലപ്പുഴ, അമ്പലപ്പുഴ).
46. കുട്ടനാട്: താലൂക്ക് ഓഫിസ്, കുട്ടനാട്, തെക്കെക്കര പിഒ, മങ്കൊമ്പ്, 688503. (കുട്ടനാട്).
47. കാര്‍ത്തികപ്പള്ളി: താലൂക്ക് ഓഫിസ്, കാര്‍ത്തികപള്ളി, ഹരിപ്പാട് പി.ഒ, 690514. (ഹരിപ്പാട്, കായംകുളം).
48. ചെങ്ങന്നൂർ ‍: താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ പിഒ, 689121. (ചെങ്ങന്നൂർ ‍).
49. മാവേലിക്കര: താലൂക്ക് ഓഫിസ്, മാവേലിക്കര പിഒ, 690101. (മാവേലിക്കര).

പത്തനംതിട്ട ജില്ല

50. തിരുവല്ല: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, തിരുവല്ല പിഒ, 689101. (തിരുവല്ല)
52. റാന്നി: താലൂക്ക് ഓഫിസ്, റാന്നി പിഒ, 689672. (റാന്നി).
53. കോഴഞ്ചേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, 689645. (ആറന്മുള, കോന്നി).
54. അടൂർ : താലൂക്ക് ഓഫിസ്, റവന്യൂ ടവർ ‍, അടൂര്‍ പിഒ, 691523. (അടൂർ ).

കൊല്ലം ജില്ല

55. പത്തനാപുരം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, പുനലൂര്‍ പിഒ, 691305. (പത്തനാപുരം, പുനലൂരർ )
56. കൊട്ടാരക്കര: താലൂക്ക് ഓഫിസ്, തൃക്കണാമണൽ ‍, കൊട്ടാരക്കര പിഒ, 691506. (കൊട്ടാരക്കര, ചടയമംഗലം)
57. കുന്നത്തൂർ ‍: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, ശാസ്താംകോട്ട പിഒ, 690521. (കുന്നത്തൂരർ ).
58. കരുനാഗപ്പള്ളി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കരുനാഗപ്പള്ളി പിഒ, 690518. (കരുനാഗപ്പള്ളി, ചവറ).
59. കൊല്ലം: താലൂക്ക് ഓഫിസ്, താലൂക്ക് കച്ചേരി, കൊല്ലം, 691001. (കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ ‍).

തിരുവനന്തപുരം ജില്ല

60. ചിറയിന്‍കീഴ്: താലൂക്ക് ഓഫിസ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, 695101. (വര്‍ക്കല, ആറ്റിങ്ങലൽ , ചിറയിന്‍കീഴ്).
61. നെടുമങ്ങാട്: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, നെടുമങ്ങാട്, 695541. (നെടുമങ്ങാട്, വാമനപുരം, അരുവിക്കര).
62. തിരുവനന്തപുരം: താലൂക്ക് ഓഫിസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം, 695023. (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം).

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ ഫെബ്രുവരി ലക്കം എഡിറ്റോറിയലാണ്

Monday, February 7, 2011

തുഞ്ചൻപറമ്പിലെ ഒരു അവധിക്കാലം

ഈ വർഷത്തെ ആദ്യ കേരളാ ബൂലോകമീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോൾ , എന്റെ കഴിഞ്ഞ അവധികാലത്തിൽ അവിചാരിതമായി തുഞ്ചന്‍പറമ്പ് സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കാമെന്നു കരുതി.അത് മീറ്റിനു വരുന്നതിനു മുൻപ് മീറ്റാൻ വരുന്നവർക്ക് ഉപകരിച്ചാലോ?


മുഖ്യ കവാടത്തിന്റെ മുഴുവനായ ദൃശ്യം
ചിത്രങ്ങളിൽ ക്ലിക്കിയാൽ ചിത്രം വലുതായി കാണാം


മുഖ്യ കവാടത്തിന്റെ ഭാഗിക ദൃശ്യം

കഴിഞ്ഞ ഒഴിവുകാലം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടംസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങളായിരുന്നു. എല്ലാ മുന്‍കൂട്ടി ഒരു തയ്യറെടുപ്പുമില്ലാതെയായിരുന്നു.അതില്‍ ഒന്നാണ് മലയാള ഭാഷയുടെ പിതാവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം.


തുഞ്ചൻപറമ്പിലെ സ്മാരക കെട്ടിടം


മലയാള സാഹിത്യ മ്യൂസിയം

മലപ്പുറം ജില്ലയില്‍ നിന്ന് കല്ല്യാണം കഴിച്ചതുമുതലാണ് ഞാന്‍ ഈ സ്ഥലത്തെ കുറിച്ച് കൂടുതല്‍ ബോധ്യവാനായത് എന്നു തന്നെ പറയാം.കേരളീയരുടെ ജീവിതത്തില്‍ ഏറ്റവുംവലിയ സ്വാധീനം ചെലുത്താന്‍ പറ്റിയ കവിയായിരുന്നു ഇദ്ദേഹമെന്ന് ഞാന്‍ പ്രത്യേഗിച്ച് പറയേണ്ടതില്ലല്ലോ?

പ്രാചീന കവിത്രയത്തില്‍ ഏറ്റവും പ്രാചീനനായ ചെറുശ്ശേരിക്കു (പതിനെഞ്ചാം നൂറ്റാണ്ട്) ശേഷവും കുഞ്ചന്‍ നമ്പ്യാര്‍ക്കു (പതിനെട്ടാം നൂറ്റാണ്ട്) മുന്‍പുമാണ് തുഞ്ചത്തെഴുത്തച്ചന്റെ ജീവിതം.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം അന്നു വരെ വരേണ്യവര്‍ഗ്ഗം കൈവശപ്പെടുത്തി വെച്ചിരുന്ന വിനേദമായിരുന്ന കവിതയെ തന്റെ രചനകള്‍ വഴി ജനകീയമാക്കി!.താളിയോലകള്‍ വഴി പ്രചരിച്ച അദ്ദേഹത്തിന്റെ കൃതികള്‍ അനിശ്ചിതത്വം നിറഞ്ഞു നിന്നിരുന്ന സാമൂഹിക സാഹചര്യത്തില്‍ ഭക്തിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഇടയാക്കുകയുണ്ടായി.


തുഞ്ചൻ സ്മാരകം


കലാക്ഷേത്രാരങ്ങ്

ഒരു കിളി കഥ പറയുന്ന രീതിയിലാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചത്.അതിന്നാല്‍ തന്നെ അദ്ദേഹത്തിന്റെ രചനകളെല്ലാം കിളിപ്പാട് എന്ന നിലയിലാണ് പ്രശസ്ഥമായത്.കാകളി വൃത്തത്തിലായിരുന്നു എല്ലാ കിളിപ്പാട്ടുകളും എന്നതും ശ്രദ്ധേയമാണ്.

അധ്യാത്മ രാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട്,ഹരിനാമകീര്‍ത്തനം ഇരുപത്തിനാല് വൃത്തം,ചിന്താരത്നം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .


കിളിയുടെയും എഴുത്താണിയുടെയും എഴുത്തോലയുടെയും കല്ല് സ്തൂപങ്ങൾ


കിളിയും എഴുത്താണിയും എഴുത്തോലയും (ഒരു അടുത്തുന്നിന്നുള്ള ചിത്രം)

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ഇദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കുന്നു.ഈ സ്ഥലമാണ് ഇന്ന് തുഞ്ചന്‍പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്.ഇത് വളരെ പ്രശ്സ്ഥമായ ഒരു സാംസ്കാരിക കേന്ദ്രമാണന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ?


തുഞ്ചൻപറമ്പിലെ അമ്പലം


കലാമണ്ഡപം

അങ്ങിനെ ഏറെനാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മലയാള ഭാഷയുടെ പിതാവിന്റെ തറവാട്ടില്‍ നിന്ന് യാത്രപറഞ്ഞിറങ്ങി.

കൂട്ടത്തിൽ പെടാത്തത്: ഇക്കൊല്ലത്തെ ആദ്യത്തെ ബ്ലോഗ് മീറ്റിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്കിയാൽ മതി.

Thursday, January 27, 2011

ഞാനൊരു തെരുവു പണിയുന്നു,എനിക്ക് പോകാന്‍ വേണ്ടി മാത്രമായ്!..(ഒരു അനുസ്മരണം)


2010 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പുലര്‍ച്ചെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ മാതൃഭൂമി പത്രത്തില്‍ നിന്നാണ് ഞാന്‍ ആ വാര്‍ത്ത വായിച്ചത്. "അയ്യപ്പന്‍ വിടപറഞ്ഞു;ആരോരുമറിയാതെ'' ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങള്‍ എടുത്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഉമ്മാക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇല്ലാത്ത ലീവു വാങ്ങി കുടുംബവുമൊത്ത് നാട്ടിലേക്ക് വന്ന ഞാന്‍ ഈ വാര്‍ത്ത വായിച്ചതോടെ വിഷാദ മുഖരിതനായി മാറി .കൊല്ലത്തില്‍ ഒരിക്കല്‍ കാണുന്ന വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഞാന്‍ പകച്ചു നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

എന്റെ പ്രിയപ്പെട്ട കവി അജ്ഞാതജഡമായി ഒരു ദിവസം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നുവെന്ന ആ വാര്‍ത്ത അദ്ദേഹത്തിന്റെ മരണവാര്‍ത്തയെക്കാളും എന്നെ വേദനിപ്പിച്ച ഒന്നായിരുന്നു.അജ്ഞാതനായി അയ്യപ്പന്‍ ജനറല്‍ ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.ആദ്യതവണ അജ്ഞാതനായി ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് തിരിച്ചറിഞ്ഞത്.അതും ഒരു തൊഴിലാളി!!!.

മാനസീകരോഗികളും യാചകരും ക്രിമിനലുകളും ഒക്കെയുള്ള ഒരിടമാണല്ലോ?ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡ് എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതില്ല!അവിടെ നിന്ന് പത്തനാപുരം ഗാന്ധി ഭവനിലേക്ക് അവിടെ നിന്ന് പിന്നേയും തെരുവിലേക്ക്.........അശാന്തിയുടെ അവദൂതനായി.

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതിലെ ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി ഞെടുമങ്ങടില്‍ ജനിച്ച കവിയുടെ അച്ചന്‍ പ്രശസ്ഥ സ്വര്‍ണ്ണപണിക്കാരനായ അറുമുഖവും അമ്മ മുത്തമ്മാളുമായിരുന്നു.ചെറുപ്പത്തിലേ അനാഥനാകേണ്ടി വന്ന കവി സഹോദരി സുബലക്ഷിക്കൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.

ശിശുവായിരിക്കുമ്പോള്‍ അച്ചന്റെ മരണം കൂട്ടുക്കാരന്‍ കൊന്നതാണെന്ന് പലപ്പോഴും അയ്യപ്പന്‍ പറയാറുണ്ടായിരുന്നു.(അദ്ദേഹത്തിന്റെ ഒരു വയസിലാണ് അച്ചന്‍ മരിക്കുന്നത്.അപ്പോള്‍ ഈ അറിവ് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നോ മറ്റു ബന്ധുജനങ്ങളില്‍ നിന്നോ ആയിരിക്കും കിട്ടിയീട്ടുണ്ടാകുക!) ബാല്യത്തിലെ അമ്മയുടെ വേര്‍പ്പാട് യൌവനത്തിലെ പണയ പരാജയം ഇതെല്ലാം ചേര്‍ത്തു വെച്ചതാണ് അയ്യപ്പന്റെ കവിതയിലെ അക്ഷരങ്ങളുടെ തിക്ഷണത എന്നു പറയാനാണ് എനിക്കിഷടം.

തെരുവിന്റെ അനാഥനായ കവി അയ്യപ്പന്‍ തെരുവില്‍ തന്നെ അതും അനാഥനായി അവസാനിക്കണമെന്നത് ഒരു നിയോഗമാകാം.ഓര്‍ക്കുക!, വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകാം!!!.

എഴുപതുകളുടെ മദ്ധ്യഘട്ടത്തോടെയാണ് അയ്യപ്പന്‍ ശ്രദ്ധേയനാവുന്നത്.ബലിക്കുറിപ്പുകള്‍ ,ബുദ്ധനും ആട്ടിന്‍കുട്ടിയും,ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ,വെയില്‍ തിന്നുന്ന പക്ഷി,ജയില്‍ മുറ്റത്തെ പൂക്കള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍ സ്വന്തമായുള്ള കവിയുടെ ആനുകാലികങ്ങളിലെ കവിതകളോടാണ് എനിക്ക് കൂടുതല്‍ അടുപ്പം.

കാറപകടത്തില്‍
പെട്ടുമരിച്ച വഴിയാത്രക്കരന്റെ
ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍
നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു
എന്റെ കണ്ണ്

ഞാനുണ്ടായിട്ടും
താലിയറുത്ത
കെട്ടിയോൾ ‍.

എന്റെ കുട്ടികൾ ‍;
വിശപ്പ്‌ എന്ന
നോക്കുകുത്തികള്‍
ഇന്നത്താഴം
ഇതുകൊണ്ടാവാം

അദ്ദേഹത്തിന്റെ ആദ്യകവിതയായ അത്താഴം മുതല്‍ തമ്പാനൂരിലെ പാതയോരത്ത് അജ്ഞാതജഡമായി കിടക്കുമ്പോഴും ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ച കടലാസിലെ കവിതയായ പല്ല് എന്ന കവിത വരെ നമ്മോട് പറയുന്നത് മറയുടെയും ജാഡയുടെയും പൊളിച്ചെഴുത്തുകളാണ്

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
...പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

കഥയിലൂടെ തുടങ്ങി കവിതയിലെത്തിയ അയ്യപ്പന്‍ ആധുനീക കവിതയുടെ വക്താക്കളായ അയ്യപ്പപണിക്കര്‍ ,കടമനിട്ട എന്നിവരുടെ ഇളം തലമുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്.ബിരുദം നേടിയ ശേഷം അദ്യാപന ജോലിക്കൊപ്പം ജനയുഗത്തിലെ പ്രൂഫ് റീഡറായുള്ള ജോലിയും ഒപ്പം കമ}ണിസ്റ് നേതാവ് ആര്‍ . സുഗുണന്റെ സെക്രട്ടറി പണിയും ചെയ്തു പോകുന്നതിനിടക്കാണ്,അക്ഷരം എന്ന കൊച്ച് മാസികയിലേക്ക് അദ്ദേഹം തിരിയുന്നത്.അതും ഇരുപത്തിയഞ്ച് വയസുമാത്രം പ്രായം!പല പ്രമുഖരുടെ കവിതകള്‍ ഈ കൊച്ച് മാഗസിനില്‍ വരികയുണ്ടായി.പക്ഷെ എന്തു കൊണ്ടോ പത്ത് ലക്കം കൊണ്ട് ഈ മാസിക നിന്നു പോയി.അക്കാലത്തൊന്നും കവി മദ്യത്തിനടിമയല്ലായിരുന്നു.പിന്നീടെപ്പോഴൊ യൌവത്തില്‍ തന്നെ അദ്ദേഹം മദ്യാസക്തനായി! ചിലപ്പോള്‍ യൌവനത്തിലെ പണയ പരാജയം ആകാം!.ആരായിരിക്കാം ആ പെണ്‍കുട്ടി? ചിലപ്പോള്‍ അദ്ദേത്തിന്റെ വേര്‍പ്പാടില്‍ മൌനമായി തേങ്ങുന്നുണ്ടാകുമോ ആ ഹൃദയം!.

മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്ക് ശേഷം മലയാള കവിത കണ്ട സഞ്ചാരകവിയായിരുന്നു അയ്യപ്പന്‍ .അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി നമുക്ക വിലയിരുത്താവുന്നതാണ് അദ്ദേഹത്തിന്റെ തമ്പാനൂര്‍ മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടുകാരും താവളങ്ങളും!.അദ്ദേഹം സ്ഥിരമായി ഒരിടത്ത് താമസിക്കുക എന്നത് പതിവില്ലാത്തതിഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിനു കൂട്ടുകാരിലാരോ നല്‍കിയ 'മാളമില്ലാത്ത പാമ്പ്' എന്ന വിശേഷണം ഒരു പരിധി വരെ ശരിയും അത്ര തന്നെ തെറ്റുമാണ്!.അദ്ദേഹത്തിന്റെ സൌഹൃത വലയങ്ങള്‍ തന്നെയാണ് അതിനുകാരണം.

ജോണ്‍ അബ്രഹാമിന്റെ ജീവിതവും അയ്യപ്പന്റെ ജീവിതവും തമ്മില്‍ ഏറെ സാമ്യത കാണാം.'ശവങ്ങളുടെ വസന്തമാകണം എന്റെ സിനിമ,ആ മേര്‍ച്ചറിയില്‍ എനിക്ക് കിടന്നുറങ്ങണം.അന്നു നീ പാടണം" എന്നു പറഞ്ഞ പ്രശസ്ഥ ചലചിത്രക്കാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു അയ്യപ്പന്‍.

കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ ആശാന്‍ പ്രൈസ് കൈപറ്റാതെ രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന കോമാളിക്ക് തെരുവില്‍ ഇരയായത് മുന്‍പു ഞാന്‍ പറഞ്ഞ ആ നിയോഗം തന്നെയാകാം.

അവസാനമായി അദ്ദേഹത്തിന്റെ വാക്കുകൾ ‍,

സുഹൃത്തേ,
മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.

അദ്ദേഹം എഴുതിയതു പോലെ തീര്‍ച്ചയായും മരണത്തിനുമപ്പുറത്തുള്ള ആ ജീവിതവും അവിടെ ഒരു പൂക്കാലവും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്........മലയാള കവിതയിലെ പെരുമഴക്കാലത്തിന്റെ വേര്‍പ്പാടോടെ വിഷാദമായ എന്റെ ഹൃദയത്തിനുവേണ്ടി ഒരിറ്റു കണ്ണുനീര്‍ !.

Thursday, January 20, 2011

ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടു


ഒരു വര്‍ഷം കൂടി പടിയിറങ്ങി.പുതിയൊരു വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.അനസ്യൂതം തുടരുന്ന ലോക ക്രമത്തില്‍ ഈ വര്‍ഷാറുതിയും തുടക്കവും പ്രത്യേകത നല്‍കുന്ന ഒരു വിഷയമല്ലാതായിരിക്കുന്നു.ഇതെല്ലാം നാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കടന്നു പോകുന്ന വെറും ദിനമോ,ആഴച്ചയോ,മാസമോ ഒക്കെ ആയി മാറിയിരിക്കുന്നു.എന്നാല്‍ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്.നമ്മുടെ ജീവിതത്തിലെ ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടുവെന്ന സത്യം!.

ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നല്‍കിയാണ് 2010 എന്ന് ഈ വര്‍ഷം നമ്മോട് വിട പറഞ്ഞത്.ഒട്ടനവധി പ്രകൃതി ദുരന്തങ്ങള്‍ , സംഘര്‍ഷ മേഘലകളിലെ ഭീതിത മുഖങ്ങള്‍ ,പട്ടിണി മരണങ്ങള്‍ ,അഴിമതികള്‍ ,മരണങ്ങള്‍ ,ശാസ്ത്ര പുരോഗതി,കളിക്കളങ്ങളിലെ മുന്നേറ്റങ്ങള്‍ക്കെല്ലാം കഴിഞ്ഞു പോയ വര്‍ഷം എല്ലാ വര്‍ഷത്തെപ്പോലെയും സാക്ഷിയായി.

ഹെയ്തിയിലെ ഭൂകമ്പം,ഇന്ത്യോനേഷ്യയിലെ സുനാമി,മംഗലാപ്പുരം വിമാന ദുരന്തം,മീനച്ചിലാര്‍ ബസ്സ് ദുരന്തം,പൂനാ ബോംബ് സ്ഫോടനം അങ്ങിനെ നീളുന്ന ദുരന്തങ്ങളുടെ പട്ടിക.

കെ.കരുണാകരന്‍,ജ്യോതീബസ്സു,ഭൈറോണ്‍ ശെഖാവത്ത്,വര്‍ക്കല രാധാകൃഷണന്‍ എന്നിങ്ങനെയുള്ള രാഷട്രീയ നേതാക്കളുടെ വിയോഗങ്ങള്‍ ഇതില്‍ ചിലതാണ്.

കൊച്ചിന്‍ ഹനീഫ,ഗിരീഷ് പുത്തഞ്ചേരി,ശ്രീനാഥ്,പി.ജി.വിശ്വംഭരന്‍ ,അടൂര്‍ പങ്കജം,എം.ജി.രാധാകൃഷണന്‍ ,സ്വര്‍ണ്ണലത,വേണുനാഗവള്ളി,ശാന്താദേവി,മങ്കട രവിവര്‍മ്മ,കോട്ടക്കല്‍ ശിവരാമന്‍ എന്നിങ്ങനെ തുടരുന്ന കലാകാരന്മാരുടെ വിയോഗങ്ങള്‍ക്കൊപ്പം കോവിലന്‍ ,കവി അയ്യപ്പന്‍ ,വിംസി,ഐ.വി.ദാസ്,കെ.ഇ.ഈപ്പന്‍ തുടങ്ങിയ എഴുത്തുക്കാരും കാലയവനികക്കുളിലേക്ക് പിന്‍വാങ്ങുകയുണ്ടായി.

കളിക്കളത്തില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ കരുത്തുകാട്ടിയ ഒരു വര്‍ഷം കൂടിയായിരുന്നു കടന്നു പോയതെന്ന് എടുത്ത് പറയേണ്ടതുണ്ട്.ഏഷ്യന്‍ ഗൈംസിലും,അഴിമതിയുടെ ഈറ്റിലമായിരുന്ന കോമണ്‍വെല്‍ത്ത് ഗൈംസിലും നമ്മുടെ താരങ്ങള്‍ തിളങ്ങുകയുണ്ടായി.ടെസ്റില്‍ അന്‍പത് സെഞ്ചുറി തികച്ച സച്ചിന്‍ എന്ന പ്രതിഭയുടെ പേര്‍ ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ്!പക്ഷെ നാം ഒന്ന് മറക്കാതെ ഓര്‍ക്കേണ്ട ഒരാളുണ്ട്, ഐ.പി.എല്‍ അഴിമതി വീരന്‍ ലളിത് മോഡിയാണ് അദ്ദേഹം.അഴിമതി വിഷയം പറയുമ്പോള്‍ സ്പ്രെക്ടം അഴിമതി രാജാവായ രാജയെയും നാം വിസ്മരിക്കാതെ ഓര്‍ക്കേണ്ടതുണ്ട് !.

വനിതകള്‍ക്ക് സംവരണം നല്‍ക്കുന്ന ബില്ല് പാസ്സാക്കിയതും, ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച ആധുനീക യുദ്ധകപ്പലായ ഐ.എന്‍.എസ്സ്.ശിവാലിക്ക് നീരിലിറങ്ങിയതും, ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപ്പോലെ ഇന്ത്യന്‍ രൂപക്കും ഒരു ചിഹ്നം ആയി എന്നതും കഴിഞ്ഞ വര്‍ഷത്തിലെ ഒരു പ്രധാന സംഭവങ്ങളാണ്.

ലോകശക്തികള്‍ ആഗോല പ്രതിസന്ധിയില്‍ ആടി ഉലഞ്ഞപ്പോഴും നമ്മുടെ രാജ്യം സാമ്പത്തികാസൂത്രണത്തിന്റെ മികവില്‍ മികച്ച സാമ്പത്തിക കരുത്ത് കാട്ടി എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

കഴിഞ്ഞുപ്പോയ വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തിലും ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടായിരിക്കാം, അപ്രതീക്ഷിതമായ ഒരവസരത്തില്‍ അവ ഒരു നിമിത്തമെന്നോണം സംഭവിക്കാം!.എങ്കിലും എല്ലാ മാന്യവായനക്കാര്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും നന്മയുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

Wednesday, September 8, 2010

റംസാനും ഈദുല്‍ഫിത്തറും



അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറയുന്നു.സത്യവിശ്വാസികള്‍ക്ക് സല്‍കര്‍മ്മങ്ങളുടെ വസന്തോത്സവമായ റമദാന്‍ മനുഷ്യ സമൂഹത്തിന്റെ അഞ്ചിലൊന്നു വരുന്ന മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു.

പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും.കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയം.

പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു.വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല.പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.നാവ്,കാത്,കണ്ണ്,ശരീരം,മനസ്സ് എന്നിവയെ നിയന്ത്രിക്കുക.ഉപവാസകാലത്ത് മനസ്സ് പൂണ്ണമായുമാല്ലാഹുവിനായി സമര്‍പ്പിക്കണം ചിന്തയും വികാരങ്ങളും നിയന്ത്രിക്കണം.
ഖുറാന്‍ പാരായണം ചെയ്തും , ഉംറ നിര്‍വ്വഹിച്ചും, ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു എങ്ങും.

അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാനെന്നും ഇസ്ലാം വിശ്വസിക്കുന്നു. പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ലാമിലുള്ളത്. ഇവയെ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങള്‍ എന്നു വിളിക്കാം.

അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്‍വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.

പ്രപഞ്ചനാഥനായ ദൈവത്തെയാണ് അല്ലാഹു എന്നു പറയുന്നത്. അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയരഹിതനുമാകുന്നു. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍.

ദൈവവചനങ്ങള്‍ പ്രവാചകന് മാലാഖ വഴി എത്തിച്ചതിന്റെ ഗ്രന്ഥരൂപമാണ് ഖുര്‍ ആന്‍. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണിത്. ഇതില് 114 പാഠങ്ങളാണുള്ളത്.

ദൈവനാമത്തില്‍ എന്നര്‍ത്ഥം വരുന്ന ബിസ്മില്ലയില്‍ ആണ് ഖുര്‍ അന്‍ തുടങ്ങുന്നത്. ഒരു മുസ്ലിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്കുന്നു എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്. പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്വ്വശക്തന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കും. നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം.അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താനും റമദാന്‍ വ്രതം സഹായിക്കുന്നു.

ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രത കാലത്ത് വിസ്വാസികള്‍ ചെയ്തത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്.ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന് അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിയും.

ഇനി സക്കാത്തിന്റെ അവകാശികള്‍ ആരൊക്കെയാണെന്നു നോക്കാം
നിത്യവൃത്തിക്ക് കഴിവില്ലാത്ത അദ്ധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍, ജീവിതത്തിനുതന്നെ തികയാതെ കഷ്ടിച്ചു കഴിയുന്ന പാവങ്ങള്‍, സക്കാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, പുതിയ മുസ്ലീങ്ങള്‍, കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍,ഇസ്ലാമിനുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍, അശരണരായ വഴിയാത്രക്കാര്‍ എന്നിവരാണ്.

റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നോമ്പുകാരന്‍ തന്നെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 2.3 കിലോ അരിവീതം പാവങ്ങള്‍ക്ക് കൊടുക്കണം. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്റെ ലക്ഷ്യം.

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്റെ ദാസന്മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്മയുടേയും ധര്‍മ്മത്തിന്റെയും പാത ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.ഇത് ഓര്‍ത്തുകൊണ്ടായിരിക്കണം ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത്.

ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌.

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌.

'ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പെരുന്നാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌.

തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍... നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...

റംസാന്‍ വ്രതാനുഷ്ടാനത്തിന്റ്റെ സൂക്ഷ്മവശങ്ങളും ഈദുല്‍ഫിത്തര്‍ വിവരങ്ങളും അടങ്ങിയ ഈ കുറിപ്പ് നിറുത്തുന്നതിനുമുന്‍പ് ഒരിക്കല്‍ കൂടി വായനാക്കാര്‍ക്ക് ചിരാതിന്റെ ഈദുല്‍ഫിത്തറാശംസകള്‍ നേരുന്നു.

Thursday, September 2, 2010

ഒരു എം.പി.ആകാന്‍ എന്താ ഒരു വഴി?



കോണ്‍ഗ്രസ് എം.പി. ചന്ദന്‍ദാസ് മഹന്തിന്റെ പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചതിന്റെ ചുവടുപിടിച്ച് എം.പിമാരുടെ പ്രതിമാസ ശമ്പളം16,000 രൂപയില്‍നിന്ന് 60,000 രൂപയായി ഉയര്‍ത്തി വാര്‍ത്ത എല്ലാവരും വായിച്ചിരിക്കുമല്ലോ?എന്നെപ്പോലെയും.

ഇതോടെ എം.പി.മാര്‍ വാങ്ങിയിരുന്ന പ്രതിമാസം 68,000 രൂപ എത്രയായി ഉയര്‍ന്നു എന്നതിലേക്കുള്ള ഒരു കണക്കെടുപ്പിനു ശ്രമിക്കുകയാണ് ഈ എളിയ വോട്ടര്‍ !.

രണ്ട് ശമ്പളത്തിലെ ഈ മൂന്നിരട്ടിക്കൊപ്പം എം.പിമാരുടെ ഓഫീസ് ചെലവുകള്‍ക്കായി ഉണ്ടായിരുന്ന 20,000 രൂപ 40.000 രൂപയായി ഉയര്‍ത്തി.

മൂന്ന്, പ്രതിമാസ മണ്ഡല അലവന്‍സ് 20,000 രൂപ 45,000 രൂപയായി ഉയര്‍ത്തി.

നാല്,പ്രതിദിന സിറ്റിംഗ് അലവന്‍സ് 1000 രൂപ 2000 രൂപയാക്കി ഉയര്‍ത്തി.

അഞ്ച്, പാര്‍ലമെന്റ് സമ്മേളനത്തിനായി പോകാനും വരാനും വിമാനത്താവളത്തിലേക്കുള്ള യാത്രാചിലവ് കിലോമീറ്ററിന് 13 രൂപ 16 രൂപയായി ഉയര്‍ത്തി.

ആറ്,വാഹനം വാങ്ങുന്നതിനുള്ള പലിശയില്ലാത്ത വായ്പ്പ ഒരു ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കി ഉയര്‍ത്തി.

ഏഴ്,എം.പിക്കും ഭാര്യയ്ക്കും ദല്‍ഹിയിലേക്ക് വര്‍ഷംതോറും 34 സൌജന്യ വിമാനടിക്കറ്റ്.

എട്ട്,കൂടാതെ ഭാര്യക്ക് ദല്‍ഹിയിലേക്ക് വര്‍ഷംതോറും എട്ട് സൌജന്യ വിമാന ടിക്കറ്റ്.

ഒന്‍പത്,എം.പിക്കും ഭാര്യക്കും സൌജന്യമായി ഉയര്‍ന്ന നിരക്കില്‍ ട്രെയിന്‍ യാത്ര.

പത്ത്,പ്രതിമാസ പെന്‍ഷന്‍ 8,000 രൂപ 20,000 രൂപയായി ഉയര്‍ത്തി.

ചുരുക്കത്തില്‍ പ്രതിമാസം രണ്ടരലക്ഷം രൂപയായി എന്നു സാരം.

ഇതൊന്നും പോരാതെ വര്‍ദ്ധിപ്പിച്ച ശമ്പളം 2009 മെയ് മുതലാണ് പ്രാഭല്യത്തില്‍ വന്നത് അതിന്നാല്‍ ഇതുവരെയുള്ള കുടിശികയും കൊടുക്കും

അപ്പൊ കൊല്ലത്തില്‍ 30 ലക്ഷം രൂപ!

അഞ്ചുവര്‍ഷത്തിലെത്തുമ്പോള്‍ എം.പി.മാര്‍ കോടിശ്വരനായിട്ടുണ്ടാകും!

ഈ കിട്ടിയതൊന്നും പോരെന്നും പറഞ്ഞ് കോലാഹലം കൂട്ടി പിന്നേയും ചില എം.പി.മാര്‍ ! കാലം കലികാലമല്ലോ? ഇനിയും കാണാം പേകൂത്തുകള്‍ ! നിങ്ങള്‍ കേള്‍ക്കരുത്,കാണരുത്,മിണ്ടരുത്!!!.

Thursday, August 26, 2010

1386 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബദറില്‍


1386 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷം 624 ലെ മാര്‍ച്ച് 27 ആം തിയതി ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദര്‍ യുദ്ധം.ഇത്‌ നടക്കുന്നത്‌ ഹിജറാം രണ്ടാം വര്‍ഷത്തിലെ റംസാന്‍ പതിനേഴിനാണ്‌.മുഹമ്മദ്‌ നബി (സ) മക്കയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും, വിശാലമനസ്കതയും, വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്‍തിത്വത്തില്‍നിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാന്‍ കഴിഞ്ഞു.

മുഹമ്മദ്‌ നബി (സ) മക്കാ ജീവിതത്തില്‍ നബി (സ) നടത്തിയ പ്രവര്‍ത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂര്‍വം വീക്ഷിച്ചിരുന്നവര്‍ അതിന്റെ അന്ത്യഘട്ടത്തില്‍ ഇത്‌ ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ്‌ അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുവാന്‍ തീരുമാനിച്ചു.അതിനുമുന്‍പേ ഈ പ്രബോധനത്തില്‍ വിശ്വാസം ഉള്‍ക്കൊണ്ട്‌ വലിയ ഒരു വിഭാഗം ജനങ്ങള്‍ മുഹമ്മദ്‌ നബി (സ) യുടെ കീഴില്‍ ഉയര്‍ന്നുവന്നിരുന്നു.ഇവര്‍ക്ക്‌ ഖുറൈശികളില്‍ നിന്ന് മര്‍ദ്ദനമുറകള്‍ ഏലക്കേണ്ടിവന്നെങ്കിലും,അവര്‍ വിശ്വസിച്ച തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നില്‍ ഇവര്‍ക്ക്‌ യഥാര്‍ത്ഥമായ്‌ ഇസ്ലാമിനോട്‌ സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാന്‍ കഴിഞ്ഞു.ശത്രുക്കളുടെ മുന്നില്‍ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാന്‍ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്‌.

സ്വന്തം ആദര്‍ശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാന്‍ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും,മണലില്‍ കാലുറപ്പിച്ചു നടക്കാന്‍ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല.എങ്കിലും ഈസംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത്‌ ഒരു വലിയ വിജയം തന്നെയായിരുന്നു.മക്കയില്‍ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.

മക്കയിലെ അവസാന വര്‍ഷങ്ങലെ ഹജ്ജ്‌ കാലത്ത്‌ പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട്‌ ഇസ്ലാമിന്റെ ചരിത്രത്തില്‍ വിപ്ലാവാതമകമായ വഴിതിരിവായ്‌ തീര്‍ന്നു.ഇവര്‍ നല്‍കിയ ഉറപ്പിന്മേലാണ്‌ പ്രവാചകന്‍ മദീനയില്‍ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാന്‍ തീരുമാനിക്കുന്നതും,അതിനായ്‌ മക്കവിട്ട്‌ മദീനയിലേക്കു ചേക്കേറിയതും.അങ്ങിനെ അവിടെ "മദീനത്തുല്‍ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയര്‍ത്തുന്നതിന്റ ഭാഗമായ്‌,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുല്‍ ഇസ്ലാം" സ്ഥപിച്ചതും.ഇതിന്റെ ഭാഗമായ്‌ ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം "അഖബ"ഉടമ്പടിയെന്ന പ്രശസ്ഥമായ"ബൈഅത്ത്‌"നടന്നതും.

ഈ ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ വളരെയേറേ പ്രചോധനം ഉള്‍കൊണ്ടതാണെന്ന്‌ നമുക്ക്‌ ഇതു കേള്‍ക്കുന്ന നിമിഷം മനസിലാവും.ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേര്‍ "അന്‍സ്വാര്‍" എന്നായിരുന്നു.ഇവര്‍ പ്രവാചകന്റെ കയില്‍ കയ്‌ വെച്ചാണ്‌ ഈ ഉടമ്പടി നടത്തിയത്‌.

"അല്ലാഹുവിന്റെ ദൂതനാണ്‌ എന്നറിഞ്ഞുകൊണ്ട്‌ ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്‌.ഇത്‌ ഇവിടെയുള്ളവരുമായ്‌ ശത്രുതക്കിടം വരുത്തുകയും തന്‍ മൂലം നമ്മളില്‍ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച്‌ നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവില്‍ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മള്‍ നശിക്കുമ്പോള്‍,നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഇദേഹത്തെ ശത്രുക്കളെ ഏല്‍പ്പിച്ചുകൊടുക്കുകയാണെങ്കില്‍ നമുക്കിപ്പോള്‍ തന്നെ പിരിയാം, അതാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ സ്വീകാര്യമായത്‌.അങ്ങിനെ ഇദേഹത്തെ ശത്രുക്കള്‍ക്കു ഏല്‍പ്പിച്ചു കൊടുക്കുന്നത്‌ അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു"ധനനഷ്‌ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങള്‍ ഇദേഹത്തെ സ്വീകരിക്കും"ഇതാണ്‌ പ്രശസ്ഥമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്‌".

പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസിലാക്കിയിരുന്ന ഖുറൈശികള്‍ ഇതെല്ലാം അറിഞ്ഞ്‌ അസ്വസ്തരായ്‌ തീര്‍ന്നു. മുഹമ്മദിന്‌(സ) മദീനയില്‍ മുസ്ലീമുകളെ ഒത്തു ചേര്‍ക്കാനായ്‌ താവളം ലഭിച്ചാല്‍,ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാര്‍ഗമായ്‌ കണ്ടിരുന്ന കച്ചവടം (യമനില്‍ നിന്ന് ശാമിലേക്കുള്ള ചെങ്കടല്‍ തീരത്തില്‍ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാന്‍ തീരുമാനിച്ചു.

ഉടമ്പടി ഉണ്ടായ അന്നുതൊട്ട്‌ മക്കാനിവാസികള്‍ മുഹമ്മദ്‌(സ)ത്തെ ഒറ്റപ്പെടുത്തുവാന്‍ നീക്കം ആരംഭിച്ചിരുന്നു.പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല,മുസ്ലീമായ മക്കാനിവാസിക്കള്‍ ഓരോരുത്തരായ്‌ മദീനയിലേക്ക്‌ പോയിതുടങ്ങിയതോടെ ഖുറൈശികള്‍ പ്രവാചകനെ വധിക്കുവാന്‍ തീരുമാനിച്ചു.അതിനായ്‌ നബിയുടെ ഗോത്രത്തില്‍ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ്‌ എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാല്‍ അവര്‍ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടല്‍.എന്നാല്‍ നബിക്കുകൂട്ടയ്‌ അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാല്‍മക്കയില്‍ നിന്ന് സുരക്ഷിതമായ്‌ മദീനയിലെത്തിചേരാന്‍ നബിക്കു കഴിഞ്ഞു.അങ്ങിനെ നബി തന്റെ "ഹിജറ"പൂര്‍ത്തിയാക്കി.ഇതില്‍ പരാജിതരായ ഖുറൈശികള്‍ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി"നിങ്ങള്‍ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി (സ) നും കൂട്ടാളികള്‍ക്കും അഭയം നല്‍കിയിരിക്കുന്നു.അതിന്നാല്‍ ഇയാളെ ഒറ്റക്കായോ,കൂട്ടമായോ പുറത്താക്കണം.അല്ലാത്ത പക്ഷം ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും".ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും,ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.ഇതിന്റെ കാരണം മദീനയിലെ"ഔസ്‌,ഖസ്‌റജ്‌"എന്നീ ഗോത്രങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്‌.പിന്നീട്‌ മദീനയിലെ നേതാവ്‌ "സഅദ്ബ്നു മുഅദ്‌"എന്ന മുസ്ലീം ആവുകയും ചെയ്തു.ഇദ്ദേഹം മക്കയിലേക്ക്‌ ഉംറ നിര്‍വഹിക്കാന്‍ പോയപ്പോള്‍ അബൂജഹല്‍"ഹറമിന്‍"ന്റെ കവാടത്തില്‍ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു"ഞങ്ങളുടെ മതത്തില്‍ നിന്നു തെറ്റിയവര്‍ക്കു നിങ്ങള്‍ അഭയം നല്‍ക്കുകയും ചെയ്തിട്ട്‌ നിങ്ങള്‍ നിര്‍ഭയരായി ഇവിടെ"ത്വവാഫ്‌"ചെയുന്നത്‌"ഉമ്മയ്യ"ത്തിന്റെ അഥിതിയായതിനാലാണ്‌.അല്ലെങ്കില്‍ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും".ഇതിനു സഅദ്ബ്നു മുഅദ്‌ തക്ക മറുപടിയും നല്‍കി.അതിങ്ങനെയായിരുന്നു"മദീനയില്‍ കൂടി നിങ്ങള്‍ക്കുള്ള കച്ചവടമാര്‍ഗ്ഗം ഞാനും തടയും".ഇത്‌ മക്കനിവാസിക്കള്‍ക്ക്‌ ആലോചിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നതിനാല്‍,മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടില്‍ മാറ്റം വരുത്തേണ്ടതായ്‌ വന്നു.

മദീനയിലെത്തിയ നബി ആദ്യമായ്‌ ചെയ്തത്‌ അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും,ജൂതവിഭാഗങ്ങളുമായ്‌ നിലന്നിന്നു പോന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക്കയുമണ്‌ ചെയ്തത്‌.പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ്‌ ചെയ്തത്‌.അതില്‍ ആദ്യത്തേത്‌ ചെങ്കടല്‍ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവര്‍ഗ്ഗമായ"ജുഹൈന"യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യന്‍ ബുഇനം,ദുല്‍ ഉശൈറ,ബനൂസമുറ"എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു.ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലര്‍ത്തുന്നവരായിരുന്നു.രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താന്‍ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു.ചില സംഘങ്ങളില്‍ നബിയും ഉള്‍പ്പെട്ടിരുന്നു.ആദ്യവര്‍ഷത്തില്‍ നാലു സംഘങ്ങളും രണ്ടാം വര്‍ഷത്തില്‍ രണ്ടു സംഘങ്ങളെയുമാണ്‌ അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തികാണുന്നു.ഇതില്‍ നബി നേരിട്ട്‌ നയിച്ചിരുന്ന സംഘത്തിന്റെ പേര്‍"ഗസ്‌വ"എന്നും സഹാബികളുടെ നേതൃത്വത്തില്‍ പോയിരുന്ന സംഘങ്ങളുടെ പേര്‍"സരിയ്യ" എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌.ഈ സംഘങ്ങളില്‍ നബി മദീനക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തല്‍ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ദേയമാണ്‌.കാരണം ഇതില്‍ രക്തചൊരിച്ചല്ലോ,കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.പക്ഷെ മക്കാനിവാസികള്‍ ഇതിനെതിരെ തിരിച്ചടിച്ചത്‌ മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിച്ചായിരുന്നു.കാര്യങ്ങള്‍ ഇത്രത്തോളം ആയപ്പോള്‍ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികള്‍ മക്കക്ക്‌ നിവാസികളെ തിരിച്ചടിച്ചു.അതിന്നാല്‍ മദിനയില്‍ കൂടി മക്കയിലേക്കു ചരക്കുകള്‍ കൊണ്ടു പോകാന്‍ മക്കാഖുറൈശികള്‍ ഭയന്നു. അങ്ങിനെ ഒരുനാള്‍ ക്യത്യമായ്‌ പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം623 ആദ്യമാസങ്ങളില്‍ അല്ലെങ്കില്‍ ഹിജറ രണ്ട്‌ ശഹബാനില്‍ സിറിയയില്‍ നിന്ന് മക്കയിലേക്ക്‌ മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കല്‍ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും,കാവല്‍ക്കാരായി ഉണ്ടായിരുന്നവര്‍ മുപ്പതിനും നാല്‍പതിനും മദ്ധ്യേ മാത്രമായിരുന്നു.മദീനാഗോത്രങ്ങളുടെ കവര്‍ച്ചക്കിരയായ മുന്‍ സംഭവങ്ങള്‍ ഓര്‍ത്ത്‌ സംഘതലവന്‍"അബുസുഫിയാന്‍" മക്കയിലേക്കു ദൂതുമായ്‌ ദൂതനെ അയച്ചു.ദൂതിപ്രകാരമായിരുന്നു"മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നു ഉടന്‍ സഹായത്തിനെത്തുക".ഇതു വായിച്ച മക്കാഖുറൈശികള്‍ക്ക്‌ വളരെയേറെ ദേഷ്യം വരികയും അവര്‍ യുദ്ധത്തിനായ്‌ തയ്യാറാവുകയും ചെയ്തു.യുദ്ധത്തിന്‌ 600 ഭടന്മാര്‍ 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേര്‍ന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായ്‌ പുറപ്പെട്ടു.

തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാര്‍ത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ലയെങ്കില്‍,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയില്‍ മക്കാഖുറൈശികള്‍ അക്രമിച്ചാല്‍ മുസ്ലീം സമൂഹമാണ്‌ ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാന്‍ നിശ്ചയിച്ചു.എന്നാല്‍ മദീനയില്‍ നബി (സ) എത്തിയീട്ട്‌ രണ്ടു വര്‍ഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങള്‍ ഇല്ലാത്ത"മുജാഹിറുകളും,അന്‍സ്വാറുകളും"യഹൂദരുമായ്‌ എതിര്‍പ്പിലാണ്‌.എന്തുവന്നാലും പോരാറ്റാന്‍ നിശ്ചയിച്ച നബി (സ) "മുജാഹിറുകളെയും,അന്‍സ്വാറുകളെയും"വിളിച്ചു കൊണ്ടു ചോദിച്ചു"വടക്കുഭാഗത്ത്‌ കച്ചവട സംഘമുണ്ട്‌ അതുപോലെ തെക്കുഭാഗത്ത്‌ ഖുറൈശി സംഘവുമുണ്ട്‌ രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം.അതിന്നാല്‍ ഏതുസംഘത്തെയാണു നേരിടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌"ഇതിനു മുറുപടി ലഭിച്ചത്‌ കച്ചാവടസംഘത്തെ ആക്രമിക്കാനാണ്‌ അധികം ആളുകളുടെയും താല്‍പര്യം.എന്നാല്‍ നബി (സ) ആഗ്രഹിച്ചത്‌ ഖുറൈശികളെ ആക്രമിക്കാനായിരുന്നു.അതിനാല്‍ നബി (സ) ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മുജാഹിറുകളില്‍പ്പെട്ട"മിഖ്ദാദുല്‍ ഇബ്‌ബുഅംറ്‌"എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"റസൂലേ,അങ്ങയോട്‌ അല്ലാഹു എന്തു പറഞ്ഞുവോ?അങ്ങോട്ടു പോവുക.ഞങ്ങളും അങ്ങോട്ട്‌ അങ്ങയുടെ ഒപ്പമുണ്ട്‌.നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക,ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ (അ) മയോട്‌ ഇസ്രായേലുക്കാര്‍.അതുപോലെ ഞങ്ങള്‍ പറയാതെ മറിച്ചു പറയുന്നു,അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവന്‍ കൊടുത്തും പൊരുതും"എന്നുപറഞ്ഞവസാനിപ്പിച്ചു.അന്‍സ്വാറുകളുടെ പക്കല്‍ നിന്നു മറുപടിയോന്നും വരാതെയായപ്പോള്‍ നബി (സ) ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്‍സ്വാര്‍കളുടെയിടയില്‍ നിന്ന്"സഅദു ഇബ്‌നുമുഅദ്‌ (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"അങ്ങ്‌ ഞങ്ങളെ ഉദേശിച്ചാണ്‌ എന്നു തോന്നുന്നു ചോദ്യം ആവര്‍ത്തിച്ച്തെന്നു തോന്നുന്നതിനാല്‍ പറയുകയാണ്‌,ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും,അങ്ങ്‌ സത്യവാദിയാണ്‌ എന്ന് സമ്മദിച്ചിരിക്കുകയും,അങ്ങയെ അനുസരിക്കാന്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക.അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും.ആരും പിന്‍വാങ്ങുകയില്ല.ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും,ധൈര്യവും തെളിയിക്കുന്നതാണ്‌.ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌"എന്നുപറഞ്ഞവസാനിപ്പിച്ചു.ഇതനുസരിച്ച്‌ നബി (സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകള്‍ എണ്‍പത്തിയാറ്‌,ഔസ്‌ ഗോത്രക്കാര്‍ അറുപത്തിയോന്ന്,ഖസ്‌റജ്‌ ഗോത്രക്കാര്‍ നൂറ്റിയെഴുപത്‌ മൊത്തം മുന്നൂറ്റിപതിനേഴ്‌ പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായ്‌.ഇതില്‍ കുതിരയുളവര്‍ വെറും മൂന്നോ നാലോ പേര്‍ മാത്രം,പിന്നെ എഴുപത്‌ ഒട്ടകങ്ങളും,അറുപതാളുകള്‍ക്കുമാത്രവുമായിരുന്നു ഇതില്‍ കവചമുണ്ടായിരുന്നത്‌.ഒപ്പം ആയുധങ്ങളും കുറവായിരുന്നു.മൂന്നു,നാലുപേര്‍ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു.ആത്മത്യാഗവും മതിമരന്ന് ആവേശത്താലുമാണ്‌ ഇത്തരം അപകടകരമായ ഒരു യുദ്ധത്തുനു തയ്യാറായതെന്നു നമുക്കു മനസിലാക്കാം.ഇസ്ലാമിനോടുള്ള അവസരസേവകര്‍ക്ക്‌ ഇത്‌ ഒരു ഭ്രാന്തന്‍ നയമായിട്ടാണ്‌കാണാന്‍ കഴിഞ്ഞിരുന്നത്‌.ഇവര്‍ വിശ്വാസത്തിന്റെ പേരില്‍ ജീവനും ധനവും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.

നബിയും യഥാര്‍ത്ഥ വിശ്വസികളും സര്‍വ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്‌.അങ്ങിനെ റംസാന്‍ പതിനേഴ്‌,ഹിജറ രണ്ടാം വര്‍ഷം ബദറില്‍ ഇരുസംഘങ്ങളും അണിനിരന്നപ്പോള്‍,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂര്‍വം ഇരുകൈകളും മുകളിലോട്ടുയര്‍ത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യര്‍ത്ഥിച്ചു"അല്ലഹുവേ ഘുറൈശികള്‍ അഹങ്കാരത്താല്‍ അങ്ങയുടെ ദൂതന്‍ കള്ളനാണ്‌ എന്നു വരുത്തുവാന്‍ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാല്‍ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാന്‍ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അങ്ങയെ ആരാധിക്കാന്‍ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു.

പോരാട്ടത്തില്‍ പരീക്ഷണം മുജ്ജാഹിറുകള്‍ക്കായിരുന്നു.ശത്രുപക്ഷത്ത്‌ സ്വന്തം പിതാക്കള്‍,പുത്രന്മാര്‍,സഹോദരങ്ങള്‍ അങ്ങിനെ നീളുന്നു ബന്ധുക്കള്‍.അടര്‍ക്കളത്തില്‍ സ്വന്തം വാളിനുനേരെവരുന്നത്‌ സ്വന്തക്കാര്‍ തന്നെയാണ്‌.ഈ അവസരത്തില്‍ എങ്ങിനെയാണ്‌ കൈകള്‍ക്ക്‌ യുദ്ധത്തിനായ്‌ ബലം ലഭിക്കുക.പക്ഷെ ഇവിടെ ബന്ധുക്കള്‍ തമ്മില്ല യുദ്ധം എന്നതിനാല്‍ എല്ലാ ബന്ധങ്ങളും വിചേദിക്കാന്‍ തിരുമാനിച്ചു.ഇവിടെ അവിശ്വസവും, വിശ്വസവും ത്മിലാണ്‌ യുദ്ധം ചെയ്യുന്നത്‌.അന്‍സ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല.മദീനയില്‍ മുസ്ലീമിനഭയം കൊടുത്തതന്നാല്‍ പ്രഭല ഗോത്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോള്‍ ഇസ്ലാമിനായ്‌ യുദ്ധവും.അറേബ്യയിലെ മുഴുവന്‍ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസിലാക്കിയെങ്കിലും,ആദര്‍ശത്തിന്റെയും വിശ്വസത്തിന്റെയും പേരില്‍ എല്ലാം അവഗണിച്ച്‌ യുദ്ധത്തിനായ്‌ തയ്യാറാവുകയായിരുന്നു.

അങ്ങിനെ ദ്രഢവിശ്വസാത്തിന്റെ മുന്നില്‍ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികള്‍ക്കു ലഭിച്ച വിജയത്തില്‍ എഴുപതു ഖുറൈശികള്‍ വധിക്കപ്പെടുകയും,എഴുപതുപേര്‍ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികള്‍ മിസ്ലീമുകള്‍ക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകര്‍ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ്‌ ഉയര്‍ന്നു.ബദര്‍ യുദ്ധത്തിനു മുന്‍പ്‌ ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാല്‍ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുര്‍ആനില്‍"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാര്‍മീകത ലോകത്തിന്റെ മുന്നില്‍ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകള്‍"ദാറുലിസ്ലാമിനു" പുറത്തുള്ളവര്‍ക്കു കാണിച്ചു കൊടുക്കുവാനും ഈ യുദ്ധത്തിനു കഴിഞ്ഞു.