Monday, June 15, 2009

സ്വേച്ഛാധിപത്യാന്തത്തിന്റെ അറുപത്തിനാലുവര്‍ഷങ്ങള്‍ലോകത്തെ കിടുകിടാ വിറപ്പിച്ച സേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മഹത്യയുടെ അറുപത്തിനാലാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 30 ആം തിയതി.

1945 ഏപ്രില്‍ 30 ന് പുലര്‍ച്ചെ ആയിരുന്നു ഹിറ്റ്ലറും നവവധുവായ കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ വളരെ സുരക്ഷിതമായ ഭൂഗര്‍ഭ അറയില്‍ സ്വയം മരണത്തിന് പിടികൊടുത്തത്. ഇതിന്‍റെ പിറ്റേന്നാണ് വിശ്വസ്ഥനായ ഗീബല്‍സും ഭാര്യ മാള്‍ഡയും കുഞ്ഞുങ്ങളും ഒരുമിച്ച് ആത്മഹത്യ ചെയ്തത്.
ഹിറ്റ്ലറുടെ ചെയ്തികള്‍, കൊടും ക്രൂരതകള്‍, നരഹത്യകള്‍, വംശീയ മൗലിക വാദം എല്ലാം മാനവികതയ്ക്കേറ്റ ആഘാതങ്ങളായിരുന്നു. ജനാധിപത്യത്തിന്‍റെ ബദ്ധ ശത്രുവായും പൈശാചികതയുടെ പര്യായമായുമാണ് ലോകം ഹിറ്റ്ലറെ വിശേഷിപ്പിക്കുന്നത്.

പരാജിതനായി നില്‍ക്കക്കള്ളിയില്ലാതെ സ്വയം മരിച്ചൊടുങ്ങിയെങ്കിലും ഹിറ്റ്ലര്‍ തീര്‍ത്ത ഭീകരാന്തരീക്ഷം ദശാബ്ദങ്ങളോളം നിലനിന്നിരുന്നു. ഹിറ്റ്ലര്‍ മരിച്ചിട്ടില്ല എന്നൊരു പ്രബലമായ വിശ്വാസവും കുറേക്കാലം നിലനിന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേന കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ജര്‍മ്മനിയിലേക്ക് കുതിച്ചു കയറുകയാണ്. സോവിയറ്റ് ചുവപ്പ് പട ബര്‍ലിന് നേരെ പാഞ്ഞടുക്കുകയാണ്. സേന പിടികൂടിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകല്‍ ഹിറ്റ്ലര്‍ മുന്‍കൂട്ടി കണ്ടു. ലോകം മുഴുവന്‍ വിറപ്പിച്ച ഹിറ്റ്ലറുടെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് ചോര്‍ന്ന് പോവുകയായിരുന്നു.

ഫഹറര്‍ ബങ്കര്‍ എന്ന രഹസ്യ ഭൂഗര്‍ഭ മന്ദിരത്തിലേക്ക് ഹിറ്റ്ലറും ഉറ്റ അനുയായികളും അഭയം പ്രാപിച്ചു-1945 ജനുവരി 16ന്. കാമുകി ഈവാ ബ്രൗണ്‍, മാര്‍ട്ടിന്‍ ബോര്‍മാന്‍, ജോസഫ് ഗീബല്‍സ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സോവിയറ്റ് സൈന്യം ബര്‍ലിന് നേരെ വെടിയുതിര്‍ത്തു തുടങ്ങിയപ്പോള്‍ ഹിറ്റ്ലറുടെ മനോധൈര്യം ചോര്‍ന്നു. ഏപ്രില്‍ 22ന് തിരക്കു പിടിച്ചൊരു യോഗം ചേര്‍ന്ന് രക്ഷപ്പെടേണ്ട എന്നും ബര്‍ലിനില്‍ കിടന്ന് മരിക്കാമെന്നും ഹിറ്റ്ലര്‍ തീരുമാനിച്ചു.

23ന് റോബര്‍ട്ട് വോണ്‍ ഗ്രെയിനിനെ പിന്‍ഗാമിയായി വാഴിച്ചു. ഏപ്രില്‍ 28 ന് ഹിറ്റ്ലര്‍ വില്‍പ്പത്രവും രാഷ്ട്രീയ പ്രഖ്യാപനവും എഴുതിവച്ചു. 29 ന് കാമുകിയായ ഈവാ ബ്രൗണിനെ വിവാഹം ചെയ്തു. അല്‍പ്പം ചീരക്കറിയും ചീസും കഴിച്ച് ഇരുവരും ഭൂഗര്‍ഭ വസതിയിലെ പഠനമുറിയിലേക്ക് പോയി.

മുപ്പതാം തീയതി രാവിലെ മരിച്ചു കിടക്കുന്ന ഹിറ്റ്ലറെയും ഈവാ ബ്രൗണിനെയുമാണ് കൂട്ടാളികള്‍ കണ്ടത്. ഹിറ്റ്ലര്‍ നെറ്റിയിലോ വായ്ക്കകത്തോ വെടിവച്ചാണ് മരിച്ചത്. ഈവാ ബ്രൗണ്‍ സയനൈഡ് കഴിച്ചും.

ലോകം കണ്ട മറ്റൊരു സ്വേച്ഛാധിപതിയായിരുന്ന മുസോളിനിയെ ഫാസിസ്റ്റ് വിരോധികള്‍ പിടികൂടി കൊന്നതിന്റെയും അറുപത്തിനാലാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 28 ആം തിയതി.

1883 ജൂലൈ 29 ന് നേമാഗ്നോയില്‍ ഫോര്‍ളിക്കടുത്തുള്ള പ്രിഡാപ്പിയോയിലാണ് മുസോളിനി ജനിച്ചത്. അച്ഛന്‍ അലക്സാന്‍ഡ്രോ ഇരുമ്പു പണിക്കാരനായിരുന്നു. അമ്മ റോസ സ്കൂള്‍ അദ്ധ്യാപികയും.

1922 മുതല്‍ നാല്‍പത്തി മൂന്നു വരെ ഇറ്റലിയില്‍ അദ്ദേഹം സ്വാതന്ത്ര്യവും അധികാരവും ദുര്‍വിനിയോഗം ചെയ്ത് സ്വേച്ഛാധിപത്യ ഭരണം നടത്തി.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്ന മുസോളിനി ഒന്നാം ലോകമഹായുദ്ധ കാലത്താണ് അതിനോട് വിട പറഞ്ഞത്. 1919 ല്‍ അദ്ദേഹം ഫാസ്കി ഡി കൊമ്പാത്തിമെന്‍റൊ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു.

1921 ല്‍ മുസോളിനി ഇറ്റലിയിലെ പാര്‍ലമെന്‍റംഗമായി. അരാജകത്വം അവസാനിപ്പിക്കുന്നതില്‍ നിലവിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ 1922 ഒക്ടോബറില്‍ രാജാവ് മുസോളിനിയെ വിളിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

അക്കൊല്ലം 26,000 അനുയായികളോടെ റോമിലേക്ക് മാര്‍ച്ച് നടത്തിയ മുസോളിനിയുടെ രാഷ്ട്രീയ പിന്‍ബലം മനസിലാക്കിയ രാജാവ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ അധികാരം കൂടി നല്‍കി.

ഇതോടെ മുസോളിനി ആളാകെ മാറുകയായിരുന്നു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി.

മുസോളിനിയുടെ ഫാസിസ്റ്റ് രീതികള്‍ ജനങ്ങളെ ആകെ കുഴപ്പത്തിലാഴ്ത്തി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്‍റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പ് രീതിയില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി.

രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ എനിക്കേ പരിഹരിക്കാന്‍ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളമ്പരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ് വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ അദ്ധ്യാപകരെ കൊണ്ടു പോലും പ്രതിജ്ഞയെടുപ്പിച്ചു.ഫാസിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ അംഗീകാരമില്ലായിരുന്നു. വ്യവസായ മേഖലകളെ വ്യക്തികേന്ദ്രീകൃതങ്ങളാക്കി മാറ്റി.

1939 ല്‍ ഹിറ്റ്ലറുമായി കരാറുണ്ടാക്കി ആസ്ട്രിയയ്ക്കെതിരായി പോരാടി. ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി യഹൂദരെ പീഢിപ്പിച്ചു. വര്‍ണ്ണ വിവേചനം നടത്തി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലര്‍ക്ക് വേണ്ടി പോരാടിയ മുസോളിനിയുടെ സൈന്യം പരാജയപ്പെട്ടു. ഇതോടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരായി തിരിഞ്ഞു. മുസോളിനി ഭരണത്തെ രാജാവ് പിരിച്ചുവിട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

പക്ഷെ, ജര്‍മ്മന്‍ സൈന്യം മുസോളിനിയെ രക്ഷിച്ചു. അതോടെ മുസോളിനി അവരുടെ കൈയിലെ കളിപ്പാവയായിത്തീര്‍ത്തു.

വടക്കേ ഇറ്റലിയില്‍ പിന്നീട് അദ്ദേഹം റിപ്പബ്ളിക്കന്‍ ഫാസിസ്റ്റ് സംവിധാനത്തിന് രൂപം നല്‍കിയെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാനായില്ല. പല ഫാസിസ്റ്റ് നേതാക്കന്മാരും മുസോളിനിയുമായി പിണങ്ങിപ്പിരിഞ്ഞു.അവരില്‍ മിക്കവരെയും മുസോളിനിയുടെ ഭൃത്യന്മാര്‍ പിടികൂടി കൊന്നു. ഇക്കൂട്ടത്തില്‍ മുസോളിനിയുടെ അനന്തിരവനുമുണ്ടായിരുന്നു.

1945 ഏപ്രില്‍ 28 ആം തിയതി ക്ലാരാ പെറ്റാച്ചിയുമായി സ്വിറ്റ്സര്‍ലന്‍റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഫാസിസ്റ്റ് വിരോധികള്‍ അവരില്‍ മിക്കവരെയും മുസോളിനിയെ പിടികൂടി കൊന്നു. ഇരുവരുടെയും മൃതശരീരം മിലാനിലെ പിയസലെ ലൊരേത്തോയില്‍ പൊതുദര്‍ശനത്തിനായി തൂക്കിയിട്ടു.