Friday, July 31, 2009

ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ്



ചിത്രം:ജയരാജ്

സംവിധായകന്‍,തിരക്കഥാകൃത്ത്,
നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍
എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ്. ചലച്ചിത്രനടനായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ്.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

Tuesday, July 14, 2009

സാഹിത്യസൃഷ്ടികളുടെ ശില്പി 77 ന്റെ നിറവില്‍



ചിത്രം:ജയരാജ്

മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ 'രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം 'ഗോപുരനടയില്‍' എന്ന ഒരു നാടകവും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Saturday, July 11, 2009

രാമായണ മാസം.



“തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ” എന്ന വാക്കോടെയാണ് വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്. തപസ്സിനാണ് രാമായണം പ്രധാന്യം നല്‍കുന്നത്.

വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണമാസത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങള്‍ തുടങ്ങി.

ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും രാമായണ പാരായണത്തിന്റെ നാളുകളാണ് വരുന്നത്.കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു.

നീ‍ ചെയ്യുന്ന നീചപ്രവൃത്തികളുടെ ഫലം നിന്റെ ഭാര്യക്കും കുട്ടിക്കും വയറുനിറയ്ക്കാനാണെങ്കില്‍ അവരും കൂട്ടിനുണ്ടാവുമോ അനുഭവിക്കാന്‍ എന്ന സപ്തര്‍ഷികളുടെ ചോദ്യത്തില്‍നിന്നും രത്നാകരനെന്ന കാട്ടാളന്‍ കവിയും മഹര്‍ഷിയുമായിത്തീര്‍ന്നാണ് രാമായണ രചന ആരംഭിക്കുന്നത്.

തപസ്സും വേദാധ്യയനവുമായി ആശ്രമത്തിലിരിക്കുന്ന വാല്‍മീകി മഹര്‍ഷിയോട് ലോകത്തിനു മുഴുവന്‍ വേദത്തിന്റെ അറിവിനെ പകര്‍ന്നുകൊടുക്കാന്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദമഹര്‍ഷി രാമായണ കഥ പറഞ്ഞുകൊടുക്കുന്നു.

പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. പിതൃക്കള്‍ക്ക് ഒരു ദിവസത്തേക്ക് വേണ്ട ആഹാരമാണ് തിലോദകമായി സങ്കല്‍പ്പപൂര്‍വ്വം സമര്‍പ്പിക്കുന്നത്. പിതൃക്കളോടുളള ശ്രദ്ധ അവരെ സം‌പ്രീതരാക്കുന്നു. അനന്തര തലമുറകളില്‍ അവര്‍ അനുഗ്രഹം ചൊരിയുന്നു. ഗൃഹസ്ഥാശ്രമികളായ സാധാരണക്കാരന്‍ ഐശ്വര്യലബ്ധിക്കായി വീടുകളില്‍ ഭഗവതിസേവ, ഗണപതിഹോമം, രാമായണ പാരായണം എന്നിവ നടത്തുന്നു. പഞ്ഞമാണെങ്കിലും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആഹാരവും മറ്റും നല്‍കുന്നു.

തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്. അമ്പാള്‍ ദേവതയ്ക്ക് വേണ്ടി അവിടെയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തും. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ജൂലൈ 17 വെളളിയാഴ്ച പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്.

രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. ഒരുവര്‍ഷം മുഴുവന്‍ ആഹാരാദികളെക്കൊണ്ട് സ്തംഭിക്കപ്പെട്ട വയറിന് നല്‍കുന്ന ചികിത്സയാണ് മുക്കുടി സേവിക്കല്‍. ദശപുഷ്പങ്ങള്‍ ശ്രീപോതിക്ക് വയ്ക്കുന്നത് കൂടാതെ അന്നന്ന് പറിച്ചെടുത്ത് കഴുകി അരച്ച് മോരില്‍ കലക്കി വെറുംവയറ്റില്‍ കഴിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല.

കിണറ്റില്‍ കിടക്കുന്ന തവള, തന്റെ ചെറിയ ലൊകം മാത്രം അറിയുന്നു. ഭക്തിയും വേദാന്തവും ഭൌതികതയും, ആധ്യാത്മികതയും ഒക്കെ ഓരോ കിണറാണ്. അതില്‍ വീണ്, അതാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് കണ്ണ് കാണാതെ ഇരിക്കുകയാണ് പലരും എന്നാണ് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ കൂ‍പമണ്ഡൂകത്തിന്റെ കഥയിലെ സാരം‍.

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഓരോ ദിവസവും വായിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ അന്നന്നു തന്നെ വായിച്ചു തീര്‍ക്കണം. ദിവസവും ക്ഷേത്ര ദര്‍ശനവും കര്‍ക്കിടകത്തില്‍ പതിവാണ് .

പൊന്നിന്‍ ചിങ്ങത്തിനായുളള കാത്തിരിപ്പ് കൂടിയാണ് കര്‍ക്കിടക മാസം. കര്‍ക്കിടകത്തിലെ കലി തുളളി പെയ്യുന്ന മഴക്ക് ശേഷമുളള മലയാളത്തിന്റെ പൊന്നോണത്തിന് വേണ്ടിയുളള കാത്തിരുപ്പ് കൂടിയാണ് കര്‍ക്കിടക മാസം.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം