Monday, April 13, 2009

ജീവിത ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും, സ്വപ്നം വിതയ്ക്കാന്‍ വിഷു.


കേരളത്തിലെ കാര്‍ഷികോത്സവമാണല്ലോ വിഷു. അതിന്നാല്‍ നമ്മുടെ വിളവെടുപ്പുത്സവവുമാണ്‌ വിഷു. വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ വിഷു ആചരിക്കുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു രണ്ടു തരമുണ്ട്; മേടവിഷുവെന്നും തുലാവിഷുവെന്നും. ഇതില്‍ മേടവിഷുവാണ് നമുക്ക് പ്രധാനം.
മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? കൈവന്ന ഐശ്വര്യത്തെ എതിരേല്‍ക്കുക എന്ന ലക്‌ഷ്യമാണ്‌ ഈ ഉത്സവത്തിന്റെ സന്ദേശം, ഒപ്പം അടുത്ത ഒരു കൊല്ലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. ഇതിനെ വിഷുഫലം എന്നാണ്‌ പറയുക.
മത്സ്യ-മാംസാഹാരാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള ഉത്സവമാണ്‌ ഓണം എങ്കില്‍ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരാഹത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു. അതിനാല്‍ ഓണത്തേക്കാള്‍ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു.
കേരളത്തില്‍ മാത്രമല്ല, അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ പോലും വിഷു ആഘോഷിക്കാറുണ്ട്. കൂടാതെ ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്.

എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം.
അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു. ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. 'വിഷു എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത്' എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടല്‍ തുടങ്ങുന്നു.

സംക്രാന്തികളില്‍ പ്രധാനം മഹാവിഷുവാണ്‌. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വന്നിരുന്നിരിക്കണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ 'പതിറ്റുപത്ത്' എന്ന് കൃതിയില്‍ ഉണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണം. ക്രി.വ. 825 ല്‍ പകലിന്‍‌റ്റേയും രാത്രിയുടേയും ദൈര്‍ഘ്യം ഒന്നായ ദിവസം ഏപ്രില്‍ 15 നായിരുന്നു. അന്നാണ്‌ പുതുവര്‍ഷമായി പുതിയ കൊല്ലവര്‍ഷത്തില്‍ (പഞ്ചാംഗം) രേഖപ്പെടുത്തിയത്. അതായത് സൂര്യന്‍ മേഷാദിയില്‍ വരുന്ന ദിവസം . എന്നാല്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ മഹാവിഷു 16 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ ചരിവാണ്‌ ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയില്‍ ആണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തില്‍ ആണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയില്‍ ആണ്‌.

വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. കണ്ണടച്ചു വേണം ഉറക്കമുണരാന്‍. വാല്‍സല്യത്തിന്‍റെ കൈവിരലുകള്‍ കണ്ണുകളെ പതുക്കെ മൂടും. നമ്മെ നടത്തി പ്രകാശ പൂര്‍ണ്ണിമയുടെ മുന്‍പില്‍ കൊണ്ടുചെന്നാക്കും. വിരലുകള്‍ വകഞ്ഞു മാറ്റി കണ്‍ തുറക്കുമ്പോള്‍ ദീപ്തമായ പൊന്‍കണി.
വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ നിറത്തിലുള്ള കണിവെള്ളരിക്കയും സ്വര്‍ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.

തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.
ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

കുടുംബത്തിലെ കാരണവര്‍ കണികണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു. മുന്‍പൊക്കെ പൊന്‍നാണയമായിരുന്നെങ്കില്‍ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പൊതുവേ വിഷുക്കണിക്കും വിഷുക്കൈനീട്ടത്തിനുമാണ് പ്രാധാന്യം.

പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ്‌ വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

വിഷുവിനെപറ്റി പറയുമ്പോള്‍ കണിക്കൊന്നയെപറ്റി പറയാതെ വയ്യ. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.
സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. 'സംസ്കൃതത്തില്‍ കര്‍ണ്ണികാര'മെന്നാണ് കൊന്ന അറിയപ്പെടുന്നത്. കൊന്നയുടെ ശാസ്ത്രീയ നാമം 'കാഷ്യഫിസ്റ്റുല' എന്നാണ്. സംസ്കൃതത്തില്‍ ആരഗ്വധ, രാജവൃക്ഷ എന്നും കൊന്നയെ പറയുന്നു.

കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ ദേശീയ പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. എന്നാല്‍ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു, വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Friday, April 10, 2009

ഗള്‍ഫ് മേഘലയിലെ സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് അറിയുന്നത്.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ഗള്‍ഫ് മേഘലയിലെ ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുന്ന ഒരു കാഴച്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുവരുന്നത്. ഗള്‍ഫ് മേഖലകളില്‍ ‍നിര്‍മാണത്തിലിരിക്കുന്നതും തുടങ്ങാനിരുന്നതുമായ മിക്കവാറും എല്ലാ നിര്‍മാണ പദ്ധതികളും താത്കാലികമായി ബന്ധപ്പെട്ടവര്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഒരവസ്ഥയാണ്.

ഗള്‍ഫ് മേഘലയില്‍ മുഖ്യമായും ആഗോളപ്രതിസന്ധി ബാധിച്ചിരിക്കുന്നത് ദുബായിലാണ്. ഇവിടത്തെ ഒരു പ്രധാന പദ്ധതിയായിരുന്ന ജബല്‍അലിയിലെ 'അല്‍മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു. ഇതിനുകാരണം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഒട്ട് മിക്ക കമ്പനികളുടെ നിലവിലുള്ള നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിയിരിക്കുന്നതിന്നാല്‍ ജോലിക്കാരെ മറ്റ് പദ്ധതികളിലേക്ക് സ്ഥലംമാറ്റുകയോ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയോയാണ്.

പല കമ്പനികള്‍ ജീവനക്കാരെ തരംതിരിച്ച് നിര്‍ബന്ധിതമായി നീണ്ട അവധിയില്‍ പറഞ്ഞയക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ചില കമ്പനികള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതായും ആക്ഷേപമുയരുന്നുണ്ട്. അധിക വേതനം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതായും ആനുകൂല്യങ്ങള്‍ ‍നേടാന്‍ കഴിയാത്തവിധം ടാര്‍ജറ്റ് നിശ്ചയിച്ചതായുമാണ് ഇതിലെ പ്രധാന പരാതികള്‍. ഗള്‍ഫ് മേഖലയില്‍ ഫ്ളാറ്റുകളുടേയും വില്ലകളുടേയും വാടകയില്‍ കുറവുണ്ടായിട്ടുണ്ടെന്നുള്ളത് ഒരു മുഖ്യഘടകമാണ്. ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ത്തയിലാണ്. ലോണ്‍ വഴി കാര്‍ എടുത്തവര്‍ കാര്‍ ഉപേക്ഷിച്ചു പോകുന്നതായും വാര്‍ത്തകളില്‍ വായിക്കാന്‍ കഴിഞ്ഞു.

മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അന്‍പത്തി ശതമാനം കമ്പനികള്‍ വിദേശികളുടെ നിയമനം മരവിപ്പിച്ചിട്ടുണ്ട്. പതിനേഴ് ശതമാനം കമ്പനികള്‍വരും മാസങ്ങളില്‍ ഈ നിലപാടെടുക്കുമെന്നും സൂചനയുണ്ട്. യു.എ.ഇ, സൌദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണു വിദേശ ജീവനക്കാരെ നിയമിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നത്. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിലെ സ്ഥിതിയാകും കൂടുതല്‍ മോശം. സാമ്പത്തിക മാന്ദ്യത്തിനു ദുബായിലെ ആയിരക്കണക്കിനു ജീവനക്കാര്‍, പ്രത്യേകിച്ച് റിയല്‍ എസ്റേറ്റ് മേഖലയിലുള്ളവരാണ് ഇതിന്ന് ഇരയായിക്കുന്നത്.

ശമ്പളം മരവിപ്പിക്കുക എന്നതാണ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ പല കമ്പനികളും കണ്ട എളുപ്പ മാര്‍ഗ്ഗം.തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കരുതെന്ന് കമ്പനികളോട് ഗള്‍ഫിലെ അധികാരികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് എത്രകണ്ട് പ്രാപല്യത്തില്‍ വരും എന്ന് പറയാനാവില്ല. ശമ്പള നിരക്കു കുറച്ചും ജീവനക്കാരെ വെട്ടിച്ചുരുക്കിയും ബജറ്റ് സന്തുലിതമാക്കാനുള്ള ശ്രമത്തിലാണവര്‍. പതിനെഞ്ച് ശതമാനം കമ്പനികള്‍ ലേ ഓഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുപത് ശതമാനം കമ്പനികള്‍ ഇതേക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ എണ്ണം അഞ്ചുലക്ഷം വരുമെന്നാണ് നമ്മുടെ ധനകാര്യ മന്ത്രി ബഡ്ജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ പറഞ്ഞത്.

എണ്ണ വിപണയിലുണ്ടായ തകര്‍ച്ച ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഒരവസ്ഥയിലാനിപ്പോള്‍. സാമ്പത്തിക മാന്ദ്യം കടന്നാക്രമിച്ച നിര്‍മാണ മേഖലയിലും ബാങ്കിംഗ് മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതിനാല്‍ മിക്ക ജോലിക്കാരും പ്രതിസന്ധിഘട്ടത്തിലാണ്. പിരിച്ചു വിടുന്ന വരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ചിന്തിക്കപ്പൊടേണ്ട ഒന്നാണ്.ഇതു തന്നെയാവും നമ്മുടെ ബഡ്ജറ്റില്‍ തിരിച്ചിവരുന്ന മലയാളികള്‍ക്കായി പല പദ്ധതികളും ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചതും. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇ.യില്‍, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിനായിരം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യന്‍ എംബസിയുടെ കണക്കില്‍ പറയുന്നു.

യു.എ.ഇ.യിലെ വിസാ നിയമപ്രകാരം ജോലി നഷ്ട്ടപ്പെട്ടാല്‍ ഒരു മാസത്തിനകം വിസ റദ്ദാക്കണമെന്നാണ് നിയമം. പ്രതിസന്ധി മാറുമ്പോള്‍മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് മിക്ക മലയാളികളും ഗള്‍ഫ് വിടുന്നത്.ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രവാസികള്‍.

ഈ ലേഖനം പാഥേയം
എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം