Wednesday, October 7, 2009

നാലപ്പാട്ട് നാരായണമേനോന്‍ മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന എഴുത്തുകാരന്‍



നാലപ്പാട്ട് നാരായണമേനോന്‍ എന്ന എഴുത്തുക്കാരനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ ജന്മദിനമാസം തന്നെ തെരഞ്ഞെടുക്കാന്‍ കാരണം മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന എഴുത്തുകാരനായിരുന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെയാണ്‌.വളരെ കുറച്ചേ എഴുതിയിട്ടുവെങ്കിലും മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന് വളരെ വലിയൊരു സ്ഥാനമാണുള്ളത്.

ഈ വരുന്ന ഒക്ടോബര്‍ ഏഴ് അദ്ദേഹത്തിന്റെ ജന്മദിവസമാണ്.വിവര്‍ത്തനം വലിയ ഒരു സാംസ്കാരികദൗത്യമായി മാറ്റുക. കവിതാ രചനയില്‍ പുതിയ അനുവാചകലോകത്തെ സൃഷ്ടിക്കുക. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കല്പം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരയണമേനോന്‍.

വള്ളത്തോള്‍ പാരമ്പര്യത്തില്‍ പെട്ട കവിയില്‍ നിന്ന് നാരായണ മേനോന്‍ ദാര്‍ശനിക കവിയായി, തത്വചിന്തകനായി വിലാപകാവ്യകാരനായി, വിവര്‍ത്തകനായി, ആര്ഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ സമഗ്രവ്യക്തിത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളുടെ എല്ലാ മേഖലകളിലേയ്ക്കും അദ്ദേഹത്തിന്റെ കാഴ്ച ചെന്നെത്തി.
ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ. എഴുതിയവയാകട്ടെ ബൃഹദ് പുസ്തകങ്ങളും; അവയെല്ലാം എക്കാലത്തെയും മികച്ചവയാണുതാനും. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുക്കാരന്‍ എന്നു പറയുന്നതാകും അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലത്. നാലപ്പാടനു മാത്രമേ ഇത്തരം ഒരു ബഹുമതി അവകാശപ്പെടാനാകൂ കാവ്യത്തിലും ഗദ്യത്തിലും ഉള്ള സവ്യ സാചിത്വം.

1887 ഒക്ടോബര് ഏഴിന് പൊന്നാനിക്കടുത്ത വന്നേരിയിലാണ് ജനനം 1954 ജൂണ് മൂന്നിന് അന്തരിച്ചു .നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി.

കണ്ണുനീര്‍ത്തുള്ളിയും , പാവങ്ങളും സഹധര്‍മ്മിണിയുടെ വേര്‍പ്പാടലുണ്‍റ്റായ ദുഃഖത്തിന്നാല്‍ നാലപ്പാട്ട് നാരായണമേനോനന്‍ എഴുതിയ കണ്ണുനീര്ത്തുള്ളി ഭാഷയിലെ എക്കാലത്തെയും മികച്ച വിലാപകാവ്യമാണ്. അദ്ദേഹം വിവര്‍ത്തനം ചെയ്ത വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളിക്ക് തീര്‍ത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു.

രതിസാമ്രാജ്യം ആക്ഷരജ്ഞാനത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളുന്ന എഴുത്തുകാരന്‍ ലൈംഗികത പാപമായി കാണേണ്ട ഒന്നല്ല.ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തില് നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ലൈംഗികതയെ ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിനു കഴിഞ്ഞു. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് ഉയര്‍ന്ന നിലവാരമിന്നും പുലര്‍ത്തുന്ന ഗ്രന്ഥം തന്നെയാണ്.

സമൂഹത്തില്‍ ഉന്നതജീവിതത്തിലായിരുന്നപ്പോഴും സാധാരണക്കാരന്റെ വിശപ്പിലേയ്ക്കും വിലാപങ്ങളിലേയ്ക്കും കടന്നുചെല്ലാന്‍ നാരായണമേനോനെ പ്രാപ്തനാക്കിയത് അദ്ദേഹം നിലയുറപ്പിച്ചിരുന്ന മാനവികതയുടെ ശക്തിവിശേഷം കൊണ്ടായിരുന്നു.
ഭാരതീയ സംസ്കാരത്തിലേക്ക് ആഴ്ന്നിറങ്ങിയാണ്‌ അദ്ദേഹം രചനകളെല്ലാം നിര്‍‌വ്വഹിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യമാകും.

ഒക്ടോബര്‍ ലക്കം പാഥേയത്തിന്റെ എഡിറ്റോറിയലാണ് ഈ ലേഖനം

Monday, September 7, 2009

നിനക്ക് പാപം ചെയ്യാം



ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ ഇബ്രാഹീം ഇബിനു അദ്ഹം (റ) അടുത്തുവന്നു ഇങ്ങനെ
പറഞ്ഞു ''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര്‍
പ്രവര്‍ത്തിക്കാനാണ്‍,

പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.

ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര്‍ പ്രവര്‍
ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ എനിക്ക്
നിന്നോട്‌ പറയാനുള്ളത് അതിനു അഞ്ചു നിബന്ധന ഉണ്ട്. (ആ നിബന്ധന നീ പാലിക്കുന്ന
പക്ഷം നിനക്ക് പാപം ചെയ്യാം)

ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്ധന?

ഇബ്രാഹീം ഇബിനു അദ്ഹം (റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍
അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ..

ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്കും
അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.

ഉടനെ ഇബ്രാഹീം ഇബിനു (റ) സുബ്ഹാനല്ലാഹ്! എങ്കില്‍ അല്ലാഹു നിന്നെ കണ്ടു
കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു
ചോദിച്ചു.

ആമനുഷ്യന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...

വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്ധന എന്താണ്?

ഇബ്രാഹീം ഇബിനു അദ്ഹം (റ)'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്‍റെ
ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്'

ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! പിന്നെ ഞാന്‍ എവിടെ പോകും? പ്രപഞ്ചം മുഴുവന്‍
അവന്റെയാണല്ലോ?

ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം (റ) സുബ്ഹാനല്ലാഹ്! എങ്കില്‍ അവന്‍റെ ഭൂമിക്കു
മുകളില്‍ നീ താമസക്കാരനായിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു
ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു...

വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്ധന?

ഇബ്രാഹീം ഇബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍
ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്‍റെ ഭക്ഷണം കഴിക്കരുത്"

ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും
അവന്‍റെയാണല്ലോ?

ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) "എങ്കില്‍ അവന്‍ നിനക്ക് വേണ്ട ഭക്ഷണവും
വെള്ളവും, ആരോഗ്യവും നല്‍കി നിന്നെ സംരക്ഷിക്കുംബോഴും അവനു എതിര് പ്രവര്‍
ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ?

ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്ധന?

ഇബ്രാഹീം ഇബിനു അദ്ഹം(റ) "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ
നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്

ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ , അവര്‍ എന്നെ
വലിച്ചു കൊണ്ട് പോകുമല്ലോ...

ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്ധന?

ഇബ്രാഹീം ഇബിനു അദ്ഹം(റ) "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍
കാണുമ്പൊള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക"

ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! അപ്പോള്‍ എന്‍റെ നന്മ തിന്മകള്‍ എഴുതുന്ന
ആദരണീയരായ മലക്കുകള്‍, എന്‍റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി
നല്‍കുന്ന സാക്ഷികള്‍ അവരെയൊക്കെ എന്ത് ചെയ്യും''

ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈ വാചകം വീണ്ടും വീണ്ടും ഉരുവിട്ട് മഹാന്‍റെ
സന്നിധിയില്‍ നിന്നും പോയി......

Friday, August 21, 2009

റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍

ml_b_soum

Saturday, August 15, 2009

ഇന്ത്യന്‍ സ്വാതന്ത്ര്യസമരഘട്ടങ്ങള്‍



നമ്മുടെ രാജ്യത്തിന്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിരണ്ട്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍ തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.

ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍-ബാല്‍-പാല്‍ തുടങ്ങിയവരുടെ കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായി.

1857-ലെ ശിപായി ലഹള എന്നുവിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍.എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ 1947 ആഗസ്റ്റില്‍ രൂപീകൃതമായി.1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ ആണ്.

ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.

വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി.

ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുളള നിസ്സഹകരണത്തില്‍ ഊന്നിയുളള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി.

ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍ നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു.

400 കിലോമീറ്റര്‍ ദൂരമുളള ഈ പദയാത്ര അഹ്മദാബാദിലുളള തന്റെ ആശ്രമത്തില്‍ നിന്നും ദണ്ഡിയിലേയ്ക്കുളള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍ 6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍ വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍ വെളളത്തില്‍ നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍ 1930-ല്‍ കല്‍ക്കട്ടയില്‍ പോലീസും ജനക്കൂട്ടവും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് (1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പെഷാവാറില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സ ഖവാനി ബസാര്‍ കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ ഘഫ്ഫാര്‍ ഖാന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍.

ഗാന്ധിജി ജയിലില്‍ കിടക്കവേ ലണ്ടനില്‍ 1930 നവംബറില്‍ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍ കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ ജയില്‍ മോചിതരായി.

മാര്‍ച്ച് 1931-ല്‍ ഗാന്ധി-ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍ 1931 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍ പരാജയത്തില്‍ കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, 1932 ജനുവരിയില്‍ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍ പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍) അഥവാ ആഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍ വെച്ചു 1939 സെപ്റ്റംബറില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ സ്റ്റാന്‍ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍നിന്നും വൈസ്രോയില്‍ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍ നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ ഒരു ഉടമ്പടിയില്‍ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു.

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍ (ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാന്‍ കൊട്ടാരത്തില്‍ തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹ്മദ്നഗര്‍ കോട്ടയില്‍ തടവിലടച്ചു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍‌സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍ അധോലോക സംഘടനകള്‍ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹന നിരകളില്‍ ബോംബ് ആക്രമണങ്ങള്‍ നടത്തി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.

1947 ജൂണ്‍ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആയ വൈസ്കൌണ്ട് ലൂയി മൌണ്ട്ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സര്‍ദ്ദാര്‍ വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി തുടരാന്‍ ക്ഷണിച്ചു. 1948 ജൂണില്‍ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ ഏറ്റെടുത്തു. തന്റെ “പട്ടു കയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍, ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍ പോളോ എന്നിവയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേല്‍ സൈനീകശക്തി ഉപയോഗിച്ചു.ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍ 26-നു നിയമസഭ പൂര്‍ത്തിയാക്കി.

1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍ വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു: പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്നും 1961-ല്‍ ഗോവയും 1954-ല്‍ ഫ്രഞ്ച് അധീനതയില്‍ നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

കുറിപ്പ്:ലൈബ്രറി ഓഫ് കോണ്‍ഗ്രസ്,വിക്കിപീഡിയ,കണ്ട്രി സ്റ്റഡീസ് എന്നിവയില്‍ നിന്നുളള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

Friday, July 31, 2009

ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ്



ചിത്രം:ജയരാജ്

സംവിധായകന്‍,തിരക്കഥാകൃത്ത്,
നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍
എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ്. ചലച്ചിത്രനടനായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ്.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

Tuesday, July 14, 2009

സാഹിത്യസൃഷ്ടികളുടെ ശില്പി 77 ന്റെ നിറവില്‍



ചിത്രം:ജയരാജ്

മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ 'രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം 'ഗോപുരനടയില്‍' എന്ന ഒരു നാടകവും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Saturday, July 11, 2009

രാമായണ മാസം.



“തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ” എന്ന വാക്കോടെയാണ് വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്. തപസ്സിനാണ് രാമായണം പ്രധാന്യം നല്‍കുന്നത്.

വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണമാസത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങള്‍ തുടങ്ങി.

ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും രാമായണ പാരായണത്തിന്റെ നാളുകളാണ് വരുന്നത്.കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു.

നീ‍ ചെയ്യുന്ന നീചപ്രവൃത്തികളുടെ ഫലം നിന്റെ ഭാര്യക്കും കുട്ടിക്കും വയറുനിറയ്ക്കാനാണെങ്കില്‍ അവരും കൂട്ടിനുണ്ടാവുമോ അനുഭവിക്കാന്‍ എന്ന സപ്തര്‍ഷികളുടെ ചോദ്യത്തില്‍നിന്നും രത്നാകരനെന്ന കാട്ടാളന്‍ കവിയും മഹര്‍ഷിയുമായിത്തീര്‍ന്നാണ് രാമായണ രചന ആരംഭിക്കുന്നത്.

തപസ്സും വേദാധ്യയനവുമായി ആശ്രമത്തിലിരിക്കുന്ന വാല്‍മീകി മഹര്‍ഷിയോട് ലോകത്തിനു മുഴുവന്‍ വേദത്തിന്റെ അറിവിനെ പകര്‍ന്നുകൊടുക്കാന്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദമഹര്‍ഷി രാമായണ കഥ പറഞ്ഞുകൊടുക്കുന്നു.

പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. പിതൃക്കള്‍ക്ക് ഒരു ദിവസത്തേക്ക് വേണ്ട ആഹാരമാണ് തിലോദകമായി സങ്കല്‍പ്പപൂര്‍വ്വം സമര്‍പ്പിക്കുന്നത്. പിതൃക്കളോടുളള ശ്രദ്ധ അവരെ സം‌പ്രീതരാക്കുന്നു. അനന്തര തലമുറകളില്‍ അവര്‍ അനുഗ്രഹം ചൊരിയുന്നു. ഗൃഹസ്ഥാശ്രമികളായ സാധാരണക്കാരന്‍ ഐശ്വര്യലബ്ധിക്കായി വീടുകളില്‍ ഭഗവതിസേവ, ഗണപതിഹോമം, രാമായണ പാരായണം എന്നിവ നടത്തുന്നു. പഞ്ഞമാണെങ്കിലും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആഹാരവും മറ്റും നല്‍കുന്നു.

തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്. അമ്പാള്‍ ദേവതയ്ക്ക് വേണ്ടി അവിടെയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തും. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ജൂലൈ 17 വെളളിയാഴ്ച പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്.

രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. ഒരുവര്‍ഷം മുഴുവന്‍ ആഹാരാദികളെക്കൊണ്ട് സ്തംഭിക്കപ്പെട്ട വയറിന് നല്‍കുന്ന ചികിത്സയാണ് മുക്കുടി സേവിക്കല്‍. ദശപുഷ്പങ്ങള്‍ ശ്രീപോതിക്ക് വയ്ക്കുന്നത് കൂടാതെ അന്നന്ന് പറിച്ചെടുത്ത് കഴുകി അരച്ച് മോരില്‍ കലക്കി വെറുംവയറ്റില്‍ കഴിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല.

കിണറ്റില്‍ കിടക്കുന്ന തവള, തന്റെ ചെറിയ ലൊകം മാത്രം അറിയുന്നു. ഭക്തിയും വേദാന്തവും ഭൌതികതയും, ആധ്യാത്മികതയും ഒക്കെ ഓരോ കിണറാണ്. അതില്‍ വീണ്, അതാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് കണ്ണ് കാണാതെ ഇരിക്കുകയാണ് പലരും എന്നാണ് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ കൂ‍പമണ്ഡൂകത്തിന്റെ കഥയിലെ സാരം‍.

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഓരോ ദിവസവും വായിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ അന്നന്നു തന്നെ വായിച്ചു തീര്‍ക്കണം. ദിവസവും ക്ഷേത്ര ദര്‍ശനവും കര്‍ക്കിടകത്തില്‍ പതിവാണ് .

പൊന്നിന്‍ ചിങ്ങത്തിനായുളള കാത്തിരിപ്പ് കൂടിയാണ് കര്‍ക്കിടക മാസം. കര്‍ക്കിടകത്തിലെ കലി തുളളി പെയ്യുന്ന മഴക്ക് ശേഷമുളള മലയാളത്തിന്റെ പൊന്നോണത്തിന് വേണ്ടിയുളള കാത്തിരുപ്പ് കൂടിയാണ് കര്‍ക്കിടക മാസം.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം