Tuesday, January 6, 2009

"പരോള്‍" ആദ്യ പ്രദര്‍ശനം നാളെ



ബ്ളോഗിങിലൂടെ സജീവമായി സര്‍ഗരചന നടത്തുന്ന ഒട്ടേറെ പ്രവാസി മലയാളികളില്‍ ഒരാളാണ് ഷാര്‍ജയിലെ കെ. വി. മണികണ്ഠന്‍. അദ്ദേഹം ബ്ളോഗില്‍ രചിച്ച പരോള്‍ എന്ന തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരത്തിന്റെ ആദ്യ പ്രദര്‍ശനം ബുധനാഴ്ച (നാളെ) തിരുവനന്തപുര കലാഭവന്‍ തീയറ്ററില്‍ നടക്കുന്നു.

സങ്കുചിതന്‍ എന്ന പേരില്‍ ബ്ളോഗര്‍മാര്‍ക്കിടയില്‍ സുപരിചിതനായ മണികണ്ഠന്‍ വളരെ നാള്‍ മുമ്പെഴുതിയ കഥയും തിരക്കഥയുമാണ് പരോള്‍.

ബ്ളോഗില്‍ വന്നതിനു ശേഷമാണ് സംവിധായകനെ കിട്ടിയത്. സനാതനന്‍ എന്ന പേരില്‍ ബ്ളോഗ് ചെയ്യുന്ന സനില്‍ ശശിധരനാണ് സംവിധായകന്‍. റജി പ്രസാദ് എന്ന ബ്ളോഗറാണ് ക്യാമറ ചെയ്യുന്നത്.മലയാളം ബ്ളോഗര്‍മാരായ ദിലീപ് എസ് നായരും കൂട്ടുകാരുമാണ് കാഴ്ച ചലചിത്രവേദിയുടെ ബാനറില്‍ ഈ ചലചിത്രം നിര്‍മ്മിച്ചത്.

പ്രവാസമെന്നാല്‍ മറുനാട്ടില്‍ ജോലി തേടി നാടും കൂടും വിട്ടു പോവുന്നവര്‍ക്കുള്ളതാണെന്ന് മനസ്സില്‍ ഉറച്ചവരാണ് നമ്മള്‍. എന്നാല്‍ പ്രവാസം കുട്ടികള്‍ക്ക് നഷ്ടമാക്കുന്ന ജീവിതത്തിന്റെ കഥ യാണ്‌ പരോള്‍.

അച്ഛന്റെ ജോലി നഷ്ടപ്പെടുന്നതിനാല്‍ മറുനാട്ടില്‍ നിന്നും നാട്ടിലെത്തുന്ന കണ്ണന്റെ കഥയാണിത്. ഒപ്പം കൂട്ടുകാരിയായി അമ്മുവുമുണ്ട്. അച്ഛനമ്മമാര്‍ അവനെ തിരിച്ചു കൊണ്ടുപോവുന്നതു വരെയുള്ള പരോള്‍ കാലമാണ് അതേ പേരിലുള്ള കഥയുടെ ചുരുക്കം. സ്വന്തം കഥയെ തിരക്കഥ എഴുതിയതും സങ്കുചിതന്‍ തന്നെയാണ്‌.

സംവിധാനം മറ്റൊരു ബ്ളോഗര്‍ ആയ സനാതനന്‍ എന്ന സനല്‍ ശശിധരനാണ്. ഛായാഗ്രഹണത്തില്‍ ബ്ളോഗിന്റെ സാന്നിധ്യമാവുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ളോഗറുമായ റെജി പ്രസാദ് ആണ്.

പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിത്കുമാറാണ് ഈ ടെലിഫിലിമിന്റെ എഡിറ്റര്‍.

സിനിമക്കാര്‍ക്ക് എന്നും പാലക്കാടന്‍ ഗ്രാമങ്ങള്‍ പ്രിയപ്പെട്ടതാണ്. ആദ്യത്തെ ബ്ളോഗ് സിനിമയുടെയും പശ്ചാത്തലമാവുന്നത് പട്ടാമ്പിക്കടുത്ത് ചാത്തന്നൂര്‍ ആണ്. നാലു ദിവസം കൊണ്ട് പൂര്‍ത്തിയായ ഈ ചലചിത്രം പുതിയൊരു തുടക്കമാവുന്നു.

അങ്ങനെ ബൂലോകം അതിന്റെ ശൈശവദശ പിന്നിട്ടിരിക്കുന്നു. പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുന്ന മലയാളം ബ്ളോഗുലകത്തില്‍ നിന്നും കൂടുതലായി നമുക്കെന്തു പ്രതീക്ഷിക്കാമെന്ന് കാത്തിരുന്നു കാണാം.