Tuesday, March 30, 2010

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് പിറന്നാള്‍ ആശംസകള്‍


ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന്‍ വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.

1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.

‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരാണ്‍ മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.

ഇന്ന് അവര്‍ നമ്മോടൊപ്പമില്ലെങ്കിലും ഈ വേളയില്‍ ചിരാത് മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് 77 ആം പിറന്നാള്‍ ആശംസകള്‍ നേരുന്നു.

Wednesday, March 24, 2010

മലയാണ്മക്കുമിതെയുള്ള സാഹിത്യജീനിയസ്സ്



നോവലിസ്റ്റ്,ചെറുകഥാകൃത്ത്,കാര്‍ട്ടൂണിസ്റ്റ്,രാഷട്രീയ ചിന്തകന്‍,പത്ര പത്രപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്ഥനായ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്‍ 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍,വേലുക്കുട്ടിയുടെയും, കമലാക്ഷിയമ്മയുടെയും മകനായി ജനിച്ചു.

അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍റ്‍ററി, കോട്ടയ്ക്കല്‍ രാജാസ്, കൊടുവായൂര്‍ ബോര്‍ഡ്, പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍, മദിരാശിയിലെ താംബരം, കോര്‍ളി എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസവും, ഇന്‍റ്‍റര്‍മീഡിയറ്റും, ബി.എയും പാലക്കാട് ഗവണ്‍മെന്‍റ്‍റ് വിക്ടോറിയാ കോളജില്‍ നിന്നും, മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി പിന്നീട് കുറച്ചു കാലം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായും ജോലി നോക്കി.

കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.

ഫാര്‍ ഈസ്റ്‍റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്‍റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൌമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമായിരുന്നു.

1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരില്‍ നിന്നും വിഭിന്നനാക്കുന്നു.

ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍, ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997). എന്നിവയാണ്‍.

ഇദ്ദേഹത്തിന്റെ പ്രധാന കഥകള്‍, വിജയന്റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ്‍.

ഇദ്ദേഹത്തിന്റെ പ്രധാന ലേഖനങ്ങള്‍, ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം,സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നിവയാണ്‍.

എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്നിവ ആക്ഷേപഹാസ്യവും,ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) കാര്‍ട്ടൂണുമാണ്‍ അതുപോലെ സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) ഒരു സ്മരണയുമാണ്‍.

കൂടാതെ പല നോവലുകളും കഥകളും ഇദ്ദേഹം സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്റ്‍റോറീസ്, സാഗ ഓഫ് ധര്‍മപുരി,ലെജന്‍ഡ് ഒഫ് ഖസാക്ക്, ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്സ്, ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് കൃതികളാണ്‍.

ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രീയേറ്‍റീവ് ഡയറക്ടറായി ജോലിചെയ്യുന്നു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. 1993-ല്‍ പത്മഭൂഷനും അദ്ദേഹത്തെ തേടിയെത്തി.

2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ അന്തരിച്ചുവെങ്കിലും അദ്ദേഹം മലയാള മനസുകളില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനസ്യൂതമായ ഉല്‍ഫുല്ലത അദ്ദേഹത്തെ സജീവ ചേതസ്സാക്കുന്നുണ്ട്.


ഈ ലേഖനം പാഥേയം ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Saturday, March 13, 2010

വയലാര്‍ പാവപ്പെട്ടവരുടെ പാട്ടുകാരന്‍



കാവ്യ സിദ്ധിയും ജനപ്രീതിയും കൊണ്ട്‌ അനുഗ്രഹീതനായ മലയാള കവിയായ വയലാര്‍ രാമവര്‍മ്മ എന്ന വയലാര്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 25നു ജനിച്ചു.

അച്ചന്‍, വെള്ളാരപ്പള്ളി കേരള വര്‍മ്മ. അമ്മ, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി എന്നിവരായിരുന്നു.

വളരെ ചെറുപ്പത്തിലേ പിതാവ്‌ മരിച്ച ഇദ്ദേഹത്തിന്റെ വിദ്യഭ്യാസം ചേര്‍ത്തല ഹൈസ്ക്കൂളിലും പിന്നിട് ഗുരുകുല രീതിയിലുമായിരുന്നു അവിടെ നിന്നാണ് ഇദ്ദേഹം സംസ്കൃതം പഠിച്ചത്.

ചെങ്ങണ്ട പുത്തന്‍ കോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു.

ആദ്യ കാലങ്ങളില്‍ ഗാന്ധിജിയുടെ അനുഭാവിയായിരുന്നെങ്കിലും പിന്നീടെപ്പോഴോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം പാവപ്പെട്ടവരുടെ പാട്ടുകാരനായാണ് അറിയപ്പെട്ടിരുന്നത്

സര്‍ഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

കവി എന്നതിലുപരി, സിനിമാപിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌.കവിതയില്‍ നിന്ന് വയലാര്‍ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യമാണ്.

മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിത പോലെ മനോഹരമാക്കി പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1974-ല്‍ രാഷ്ട്രപതിയുടെ സുവര്‍ണ്ണ‌പ്പതക്കവും നേടി.

ഇദ്ദേഹത്തിന്റെ ആദ്യ സമാഹാരമായ പാദമുദ്രകള്‍ 1948 ലാണ് പുറത്തിറങ്ങുന്നത് പിന്നെ കൊന്തയും പൂണൂലും (1950), ആയിഷ (1954),എനിക്കു മരണമില്ല (1955), മുളംകാട് (1955), ഒരു ജൂഡാസ് ജനിക്കുന്നു (1955), എന്‍റെ മാറ്റൊലിക്കവിതകള്‍ (1957), സര്‍ഗ സംഗീതം (1961).ഇദ്ദേഹം രണ്ടു ചെറുകഥാസമാഹാരങ്ങളും എഴുതിയീട്ടുണ്ട് വെട്ടും തിരുത്തും, രക്തം പുരണ്ട മണ്‍തരികള്‍ എന്നിവയാണ് അവ.

അകാലത്തില്‍ പൊലിഞ്ഞ് പോയ കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ്.

പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

ഇദേഹം മരിച്ചിട്ട് 36 കൊല്ലം തികയുകയുന്ന ഈ വര്‍ഷത്തിലും,അദ്ദേഹത്തിന്റെ മരണത്തെ പറ്റിയുള്ള ദുരൂഹത ഇപ്പോഴും നിലനിലക്കുന്നു.പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം.

1975 ഒക്ടോബർ 27-നു‍ തന്റെ 47ആമത്തെ വയസ്സിലായിരുന്നു ഇദ്ദേഹം നമ്മളില്‍ നിന്നും അകന്നു പോയത്.രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.

ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കഴിവാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്.

52 കൊല്ലമേ അദ്ദേഹത്തിനു ജീവിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും ഓരോമലയാളികളുടെയും മനസില്‍ അദ്ദേഹം ജീവിക്കുന്നു.

മക്കള്‍,വയലാര്‍ ശരത്ചന്ദ്രന്‍ (ഇദ്ദേഹം മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്), ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ്.

ഈ ലേഖനം പാഥേയം ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

Monday, March 8, 2010

‘വരൂ, പഠിക്കാം, മദ്യപാനം‘.



നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.

സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ലഭ്യമാകാന്‍ ഇനി താമസമുണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്.

ഇതിനായി രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയം. എന്നാല്‍ അതിലും കൂടുതല്‍ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണം മദ്യക്കമ്പനികള്‍ നടത്തുന്നത്.

ഇതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്

മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ ‘കേരളത്തിലും മദ്യം കലര്‍ന്ന ശീതളപാനീയം വില്‍പ്പന നടത്താം‘ എന്ന തീരുമാനത്തിലാണ് ഒടുവില്‍ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്നറിയുന്നു.

ആദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.അങ്ങിനെയെങ്കില്‍ സംസ്ഥാനം ഇതിനായി അനുമതി നല്‍കുകയാണെങ്കില്‍ പെട്ടിക്കടകള്‍ വഴിയും മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.

വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപാന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.കൂടാതെ സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുക.ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കേണ്ടതുണ്ട്.അതിനായി നമ്മള്‍ സംഘടിക്കണം.


ഈ ലേഖനം ഞാന്‍ പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ എഡിറ്റോറിയലാണ്