Saturday, July 30, 2011

മലയാള ചലചിത്രത്തിന്റെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Friday, July 29, 2011

കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്‍.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി 'മലയാള നാടകശാല' എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ 'രഥം' മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി. അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടവീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്.പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയീട്ടില്ല.

നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ് ശ്രദ്ധേയനായത്. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന് ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്.

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.സെന്‍റ് മൈക്കിള്‍സ്, ചേര്‍ത്തല ഹൈസ്കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്.

എന്‍.എന്‍. പിളളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്ലോരസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. സഞ്ചാരിയാണ് രാജന്‍ പി. ദേവ് ആദ്യം അഭിനയിച്ച ചിത്രം. 1983 ല്‍ ഫാസിലിന്റെ എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു കൊണ്ടായിരുന്നു തുടക്കങ്ങള്‍.

1988 ഓടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കുപിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം.ഒമ്പത് റേഡിയോ നാടകങ്ങളും രാജന്‍.പി ദേവ് രചിച്ചിട്ടുണ്ട്.

രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (800 ല്‍പ്പരം വേദികളില്‍ കളിച്ച ജൂബിലിയുടെ തന്നെ നാടകമായിരുന്നു ഇത്), മണിയറക്കളളന്‍ (പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്ക്ക്യ‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു..

1984ലും 86ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ പി ദേവ് ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്‍റ്റെ ഉടമയാണ്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്‍റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന്‍ പി. ദേവിന്‍റ്റെ മികച്ച നാടകവേഷം.

ശാന്തമ്മയാണ്‌ ഭാര്യ. ആഷമ്മ, ജിബിള്‍ രാജ്‌, ഉണ്ണിരാജ്‌ എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഈ പ്രതിഭ 2009 ജൂലയ് 29-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Thursday, July 14, 2011

മലയാളസാഹിത്യശില്പിയിന്ന് 78 ന്റെ നിറവിൽ


മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍ ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍ ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ ‘രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം ‘ഗോപുരനടയില്‍ ‘ എന്ന ഒരു നാടകവും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.