
മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി 'മലയാള നാടകശാല' എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ 'രഥം' മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി. അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടവീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്.പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയീട്ടില്ല.
നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന് പി. ദേവ് ശ്രദ്ധേയനായത്. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന് പി ദേവിന് ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്.
വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.സെന്റ് മൈക്കിള്‍സ്, ചേര്‍ത്തല ഹൈസ്കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്റ്റുഡിയോയില്‍ ഫിലിം റപ്രസന്റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്.
എന്‍.എന്‍. പിളളയുടേയും എസ്.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത് തിളങ്ങിയ രാജന്.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്ലോരസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സഞ്ചാരിയാണ് രാജന് പി. ദേവ് ആദ്യം അഭിനയിച്ച ചിത്രം. 1983 ല്‍ ഫാസിലിന്റെ എന്റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു കൊണ്ടായിരുന്നു തുടക്കങ്ങള്‍.
1988 ഓടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കുപിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം.ഒമ്പത് റേഡിയോ നാടകങ്ങളും രാജന്.പി ദേവ് രചിച്ചിട്ടുണ്ട്.
രാജന്.പി അവസാനമായി അഭിനയിച്ചത് 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന 'റിങ്ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ചായന് (800 ല്‍പ്പരം വേദികളില്‍ കളിച്ച ജൂബിലിയുടെ തന്നെ നാടകമായിരുന്നു ഇത്), മണിയറക്കളളന്‍ (പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്ക്ക്യ' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു..
1984ലും 86ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ രാജന് പി ദേവ് ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്റ്റെ ഉടമയാണ്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന് പി. ദേവിന്റ്റെ മികച്ച നാടകവേഷം.
ശാന്തമ്മയാണ് ഭാര്യ. ആഷമ്മ, ജിബിള്‍ രാജ്, ഉണ്ണിരാജ് എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഈ പ്രതിഭ 2009 ജൂലയ് 29-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.
മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.
3 comments:
മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.
ആദരാഞ്ജലികള്‍
കൊച്ചു വാവക്കു പ്രണാമം..
Post a Comment