Wednesday, September 8, 2010

റംസാനും ഈദുല്‍ഫിത്തറുംഅനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറയുന്നു.സത്യവിശ്വാസികള്‍ക്ക് സല്‍കര്‍മ്മങ്ങളുടെ വസന്തോത്സവമായ റമദാന്‍ മനുഷ്യ സമൂഹത്തിന്റെ അഞ്ചിലൊന്നു വരുന്ന മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു.

പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും.കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയം.

പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു.വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല.പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.നാവ്,കാത്,കണ്ണ്,ശരീരം,മനസ്സ് എന്നിവയെ നിയന്ത്രിക്കുക.ഉപവാസകാലത്ത് മനസ്സ് പൂണ്ണമായുമാല്ലാഹുവിനായി സമര്‍പ്പിക്കണം ചിന്തയും വികാരങ്ങളും നിയന്ത്രിക്കണം.
ഖുറാന്‍ പാരായണം ചെയ്തും , ഉംറ നിര്‍വ്വഹിച്ചും, ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു എങ്ങും.

അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാനെന്നും ഇസ്ലാം വിശ്വസിക്കുന്നു. പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ലാമിലുള്ളത്. ഇവയെ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങള്‍ എന്നു വിളിക്കാം.

അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്‍വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.

പ്രപഞ്ചനാഥനായ ദൈവത്തെയാണ് അല്ലാഹു എന്നു പറയുന്നത്. അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയരഹിതനുമാകുന്നു. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍.

ദൈവവചനങ്ങള്‍ പ്രവാചകന് മാലാഖ വഴി എത്തിച്ചതിന്റെ ഗ്രന്ഥരൂപമാണ് ഖുര്‍ ആന്‍. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണിത്. ഇതില് 114 പാഠങ്ങളാണുള്ളത്.

ദൈവനാമത്തില്‍ എന്നര്‍ത്ഥം വരുന്ന ബിസ്മില്ലയില്‍ ആണ് ഖുര്‍ അന്‍ തുടങ്ങുന്നത്. ഒരു മുസ്ലിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്കുന്നു എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്. പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്വ്വശക്തന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കും. നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം.അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താനും റമദാന്‍ വ്രതം സഹായിക്കുന്നു.

ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രത കാലത്ത് വിസ്വാസികള്‍ ചെയ്തത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്.ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന് അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിയും.

ഇനി സക്കാത്തിന്റെ അവകാശികള്‍ ആരൊക്കെയാണെന്നു നോക്കാം
നിത്യവൃത്തിക്ക് കഴിവില്ലാത്ത അദ്ധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍, ജീവിതത്തിനുതന്നെ തികയാതെ കഷ്ടിച്ചു കഴിയുന്ന പാവങ്ങള്‍, സക്കാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, പുതിയ മുസ്ലീങ്ങള്‍, കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍,ഇസ്ലാമിനുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍, അശരണരായ വഴിയാത്രക്കാര്‍ എന്നിവരാണ്.

റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നോമ്പുകാരന്‍ തന്നെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 2.3 കിലോ അരിവീതം പാവങ്ങള്‍ക്ക് കൊടുക്കണം. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്റെ ലക്ഷ്യം.

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്റെ ദാസന്മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്മയുടേയും ധര്‍മ്മത്തിന്റെയും പാത ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.ഇത് ഓര്‍ത്തുകൊണ്ടായിരിക്കണം ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത്.

ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌.

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌.

'ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പെരുന്നാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌.

തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍... നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...

റംസാന്‍ വ്രതാനുഷ്ടാനത്തിന്റ്റെ സൂക്ഷ്മവശങ്ങളും ഈദുല്‍ഫിത്തര്‍ വിവരങ്ങളും അടങ്ങിയ ഈ കുറിപ്പ് നിറുത്തുന്നതിനുമുന്‍പ് ഒരിക്കല്‍ കൂടി വായനാക്കാര്‍ക്ക് ചിരാതിന്റെ ഈദുല്‍ഫിത്തറാശംസകള്‍ നേരുന്നു.

Thursday, September 2, 2010

ഒരു എം.പി.ആകാന്‍ എന്താ ഒരു വഴി?കോണ്‍ഗ്രസ് എം.പി. ചന്ദന്‍ദാസ് മഹന്തിന്റെ പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചതിന്റെ ചുവടുപിടിച്ച് എം.പിമാരുടെ പ്രതിമാസ ശമ്പളം16,000 രൂപയില്‍നിന്ന് 60,000 രൂപയായി ഉയര്‍ത്തി വാര്‍ത്ത എല്ലാവരും വായിച്ചിരിക്കുമല്ലോ?എന്നെപ്പോലെയും.

ഇതോടെ എം.പി.മാര്‍ വാങ്ങിയിരുന്ന പ്രതിമാസം 68,000 രൂപ എത്രയായി ഉയര്‍ന്നു എന്നതിലേക്കുള്ള ഒരു കണക്കെടുപ്പിനു ശ്രമിക്കുകയാണ് ഈ എളിയ വോട്ടര്‍ !.

രണ്ട് ശമ്പളത്തിലെ ഈ മൂന്നിരട്ടിക്കൊപ്പം എം.പിമാരുടെ ഓഫീസ് ചെലവുകള്‍ക്കായി ഉണ്ടായിരുന്ന 20,000 രൂപ 40.000 രൂപയായി ഉയര്‍ത്തി.

മൂന്ന്, പ്രതിമാസ മണ്ഡല അലവന്‍സ് 20,000 രൂപ 45,000 രൂപയായി ഉയര്‍ത്തി.

നാല്,പ്രതിദിന സിറ്റിംഗ് അലവന്‍സ് 1000 രൂപ 2000 രൂപയാക്കി ഉയര്‍ത്തി.

അഞ്ച്, പാര്‍ലമെന്റ് സമ്മേളനത്തിനായി പോകാനും വരാനും വിമാനത്താവളത്തിലേക്കുള്ള യാത്രാചിലവ് കിലോമീറ്ററിന് 13 രൂപ 16 രൂപയായി ഉയര്‍ത്തി.

ആറ്,വാഹനം വാങ്ങുന്നതിനുള്ള പലിശയില്ലാത്ത വായ്പ്പ ഒരു ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കി ഉയര്‍ത്തി.

ഏഴ്,എം.പിക്കും ഭാര്യയ്ക്കും ദല്‍ഹിയിലേക്ക് വര്‍ഷംതോറും 34 സൌജന്യ വിമാനടിക്കറ്റ്.

എട്ട്,കൂടാതെ ഭാര്യക്ക് ദല്‍ഹിയിലേക്ക് വര്‍ഷംതോറും എട്ട് സൌജന്യ വിമാന ടിക്കറ്റ്.

ഒന്‍പത്,എം.പിക്കും ഭാര്യക്കും സൌജന്യമായി ഉയര്‍ന്ന നിരക്കില്‍ ട്രെയിന്‍ യാത്ര.

പത്ത്,പ്രതിമാസ പെന്‍ഷന്‍ 8,000 രൂപ 20,000 രൂപയായി ഉയര്‍ത്തി.

ചുരുക്കത്തില്‍ പ്രതിമാസം രണ്ടരലക്ഷം രൂപയായി എന്നു സാരം.

ഇതൊന്നും പോരാതെ വര്‍ദ്ധിപ്പിച്ച ശമ്പളം 2009 മെയ് മുതലാണ് പ്രാഭല്യത്തില്‍ വന്നത് അതിന്നാല്‍ ഇതുവരെയുള്ള കുടിശികയും കൊടുക്കും

അപ്പൊ കൊല്ലത്തില്‍ 30 ലക്ഷം രൂപ!

അഞ്ചുവര്‍ഷത്തിലെത്തുമ്പോള്‍ എം.പി.മാര്‍ കോടിശ്വരനായിട്ടുണ്ടാകും!

ഈ കിട്ടിയതൊന്നും പോരെന്നും പറഞ്ഞ് കോലാഹലം കൂട്ടി പിന്നേയും ചില എം.പി.മാര്‍ ! കാലം കലികാലമല്ലോ? ഇനിയും കാണാം പേകൂത്തുകള്‍ ! നിങ്ങള്‍ കേള്‍ക്കരുത്,കാണരുത്,മിണ്ടരുത്!!!.