Sunday, February 1, 2009

മാപ്പിളകലയും ശരീഅത്തും


കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊളളുന്നത്.

കാലഘട്ടത്തിന്‍‌റ്റെ വെല്ലുവിളികളെ
അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശാസ്ത്രത്തോടുളള സമീപനത്തില്‍ അയയേണ്ടിവന്നു.കലയുടെ കാര്യം ഇന്നും പൂര്‍വ്വസ്ഥിതിയില്‍ തന്നെയാണ്. മത്വിശ്വാസങ്ങളില്‍ ഭൂരിപക്ഷവും കലാസ്വാദകരാ‍ണെന്നും എണ്ണപ്പെടേണ്ട സര്‍ഗ്ഗസിദ്ധികള്‍ ഉളളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും അറിയാമായിരുന്നിട്ടും അത് അവഗണിക്കുകയാണ്.

ഒരു സമൂഹത്തിന്‍‌റ്റെ ആസ്വാദനനിലവാരവും, സംതൃപ്തിയും, ആത്മാവിഷ്ക്കാരസ്വാതന്ത്രവും വിലക്കുകളും മുടക്കുകളും പറഞ്ഞ് തടഞ്ഞുവെക്കാന്‍ കഴിയുന്നതല്ല. ആത്മീയവഴികളില്‍ ഉലച്ചില്‍ തട്ടാത്തകാലങ്ങളില്‍ പോലും മാപ്പിളകലയിലെ ശേഷിപ്പുകലായി നില്‍ക്കുന്ന ഗ്രന്ഥങ്ങള്‍ അക്കാര്യം അടിവരയിടുന്നുണ്ട്. കലയും ശാസ്ത്രവും ഇബ്‌ലീസിന്‍‌റ്റെ വഴിയാണെന്ന ചിന്ത മാറേണ്ടിയിരിക്കുന്നു. അന്വേഷണബുദ്ധിയും സര്‍ഗ്ഗ ചിന്തയും ദൈവം തമ്പുരാന്‍‌റ്റെ വരദാനമാണെന്ന് തിരിച്ചറിയുകയാണ് നല്ലത്.

ആധുനിക സാങ്കേതികവിദ്യകള്‍ വളര്‍ന്ന് വന്നതോട് കൂടി അത്മീയ ചിന്തകളേയും,സാംസ്കാരിക പൈതൃകങ്ങളേയും പിന്നിലാക്കികൊണ്ട് കലാപ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും മനുഷ്യ മനസിനെ കീഴടക്കി വാഴുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാസ്വാദനത്തിന് സമയം കണ്ടെത്തുകയാണ് മനുഷ്യര്‍. നിഷിദ്ധമെന്ന് പറഞ്ഞു കലാപ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തിയവര്‍ കലാപ്രവര്‍ത്തനത്തിന്‍‌റ്റെ ഫലമായി വിശ്വാസത്തിന്‍‌റ്റെ അടിയാധാരങ്ങള്‍ ആടിഉലയുന്നത് നിസ്സഹരായി കണ്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.കാലഘട്ടത്തിനെ അതിജീവിക്കനമെന്ന നിശ്ചയമുണ്ടെങ്കില്‍ കലാപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നേരായ വഴിയിലേക്ക് അതിനെ തിരിച്ചു വിടാനുളള ഹൃദയവിശാലതയും പ്രകടിപ്പിക്കണം.

വിദ്യാഭ്യാസം, തൊഴില്‍ കച്ചവടം ജീവകാരുണ്യപ്രവര്‍ത്തനം നീതിക്ക് വേണ്ടിയുളള പോരാട്ടം ഇവയൊക്കെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്‍‌റ്റെ ഭാഗമായി മുസ്ലീംകള്‍ ഏറ്റെടുക്കുന്നത് പോലെ കലാപ്രവര്‍ത്തനത്തെയും ഉള്‍പ്പെടുത്തുന്നതില്‍ എന്താണാവോ കുഴപ്പം. മതനേതാക്കളും, മുസ്ലീംജീഹ്വകളും ഇതേറ്റെടുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. വിശ്വാസം എത്ര ഉറച്ചതായാലും ആത്മാര്‍ത്ഥത എത്ര മികച്ചതായാലും അവ ബോധ്യപ്പെടുത്താനുളള വഴി വിശാലമായ ഒരു സ്വകാര്യമാകുന്നതിലും ഭേദം സുതാര്യമാക്കുന്നതാണ്.

മാപ്പിള കലകളുടെ വളര്‍ച്ചക്ക് വഴിമുടക്കികളായി നില്‍ക്കുന്ന ഒരു വിഭാഗം വേറെയുണ്ട്.ഒറ്റനോട്ടത്തില്‍ അവര്‍ കലാപ്രവര്‍ത്തകരായാണ്‌ മുന്നണിയിലുളളത്.അവര്‍ക്ക് കല എന്താണെന്നോ അതിന്റെ സാധ്യതകളെന്തൊക്കെയാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.കാരണം അവരുടെ ശാഠ്യം ഇതൊരു ശരീഅത്ത് നിയമം പോലെ സംരക്ഷിക്കപ്പെടേണ്ട ഓന്നാണിതെണ്.പഴയകാലത്തെ കവികള്‍ സിദ്ധിച്ച അക്ഷജ്ഞാനം അറബി മലയാളത്തില്‍ നിന്നായതുകൊണ്ട് അവരുടെ രചനകള്‍ അതിലൂടെ ആയിരുന്നു.കാലവും,ലോകവും മാറിയപ്പോള്‍ മുസ്ലീമുകള്‍ക്കിടയില്‍ അറബിമലയാളം വാമൊഴിയോ വരമൊഴിയോ അല്ലാതെയായി.അവര്‍ മാതൃഭാഷ പഠിക്കുകയും അവരുടെ സര്‍ഗ്ഗസിദ്ധികള്‍ മാതൃഭാഷ ഉള്‍ക്കൊളളുവാനും തുടങ്ങി.അത് മാപ്പിലകലയുടെ മാറ്റ് കുറക്കുമെന്ന് ഇന്ന് മാപ്പിളകലയുടെ വക്താക്കളായി മുന്നില്‍ നില്‍ക്കുവരുടെ ധാരണ മാപ്പിളകലയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ ഇക്കൂട്ടരുടെ തെറ്റിധാരണമാറ്റിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

അറബിമലയാളത്തില്‍ എഴുതപ്പെട്ടതിനെക്കാള്‍ മികച്ച ഒട്ടേറെ രചനകള്‍ മാതൃഭാഷയില്‍ ഉണ്ടായിട്ടുകൂടി ഇക്കൂട്ടര്‍ അതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നു.സംഗീതത്തെ ഇശലുകളെ പേരില്‍ ഒരു നാഥനില്ലാത്ത കളരിയാക്കുന്നത് വിഡ്ഡിത്തമാണെന്നും തിരിച്ചറിയണം.ഹിന്ദുസ്ഥാനി രാഗമുള്‍കൊണ്ട് ഉര്‍ദ്ദുവിലുളള അനേകം ഇസ്ലാമിക രചനകള്‍ മനുഷ്യ മനസുകളെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് കണ്ടറിയണം.ഇശലുകളുടെ വഴിയും നല്ല ഈണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുന്നില്ല.ആ മനോഹരങ്ങളെ സൂക്ഷിച്ചുവെക്കപെടേണ്ടത് തന്നെയാണ്.അത് മാത്രമാണ് മികച്ചതെന്നവാദം അംഗീകരിക്കപ്പെടുന്നത് ശരിയല്ല.

അമ്പതുകള്‍ക്ക് ശേഷമാണ് മാപ്പിളകലകള്‍ക്ക് ഒരു പുത്തനുണര്‍വ്വുണ്ടായത്.അതിന്റെ പ്രധാന കാരണം മികച്ച സംഗീതജ്ഞര്‍ ചെറിയതോതിലെങ്കിലും അവ രാഗങ്ങളില്‍ ലയിപ്പിച്ചെടുക്കുവാന്‍ പരിശ്രമിച്ചതുകൊണ്ടുമാത്രമാണ്.പലവിധമാലകളും മന:പാഠമാക്കുകയും,ഒരത്മീയനിര്‍വൃതിയോടുകൂടി അവ പാടി നടന്നിട്ടും അതൊരു ജനകീയകലയായി വളരാതെ പോയതും സംഗീതജ്ഞന്മാരുടെ കരസ്പര്‍ശങ്ങള്‍ ഏല്‍ക്കാതെ പോയതുകൊണ്ടാണ്.വാദ്യങ്ങള്‍ അനുവദനീയമാണോ എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുനുണ്ട്.പഴം തിന്നാം അതിന്റെ മണമാസ്വദിക്കാന്‍ പാടില്ല എന്ന ഒരു ശാഠ്യം വേണോ? വാദ്യങ്ങളോടൊപ്പമാണ് കാലം സഞ്ചരിക്കുന്നത്.

രണ്ടു കൈകളുണ്ടായിട്ടുതന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നു.രണ്ടു കൈകള്‍കൂടി ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയാല്‍ നമ്മുക്ക് ചെവികള്‍ പൊത്തി വാദ്യത്തെ തടയാം മറ്റു മാര്‍ഗ്ഗമില്ല.കലയുടെ പേരില്‍ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു പ്രവണത വളര്‍ന്നു വരുന്ന വേവലാതിയും ഇന്നുണ്ട്.കിട്ടേണ്ടത് കിട്ടിയാല്‍ അവ വഴിമാറിക്കോളും.കാലത്തിനു മായ്ച്ചു കളയാന്‍ പറ്റാത്ത സൂരോദയങ്ങള്‍ ഇനിയും വരാനുണ്ട്.കൂടുതലായി മാതൃഭാഷകള്‍ ഉള്‍ക്കൊണ്ട രചനകളെ സംരക്ഷിക്കപ്പെടാനുള്ള ഒരു ശ്രമം എല്ലാഭാഗത്തുനിന്നുണ്ടാവുകയും അവ അക്കാഡമിക്ക് തലത്തിലേക്കുനയിക്കപ്പെടാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍
മാഗസിനിലും വായിക്കാം