Saturday, January 16, 2010

2009 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍.........ഒരു വര്‍ഷം കൂടി കടന്നു പോയി ആശങ്കകളുടെയും ആകുലതകളുടെയും നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിരാശപ്പെടുത്തലുകളുടെയും നേര്‍ച്ചിത്രങ്ങള്‍ വരച്ചു കാട്ടി 21_ആം നൂറ്റാണ്ടിന്റെ ആദ്യദശകം കൊഴിഞ്ഞു.ലോകത്തെ കാല്‍കീഴില്‍ അമര്‍ത്തിഞ്ഞെരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അമരക്കാരനായി ഒബാമ അധികാരത്തിലേറിയതും റഹ്മാന്‍, റസ്സൂല്‍ പൂക്കുട്ടി എന്നിവരെ ഓസ്ക്കാര്‍ പുല്‍കിയ വര്‍ഷവുമായിരുന്നു കടന്നു പോയത്.

സ്ഫോടനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നമ്മുടെ സ്വൈരം കെടുത്തുന്ന പ്രക്രിയ ഈ വര്‍ഷവും തുടര്‍ന്നു കൊണ്ടേയിരുന്നു.ഗുവാഹത്തിയില്‍ 5 പേരുടെ മരണത്തിനും 45 പേരുടെ പരിക്കിനും ഇടയാക്കിയ വന്‍ സ്ഫോടനത്തൊടെയാണ് പുതുവര്‍ഷം ആരംഭിച്ചതു തന്നെ.നവമ്പര്‍ മാസത്തില്‍ ആസാമില്‍ മറ്റൊരു സ്ഫോടനത്തില്‍ 7 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.ഭികരവാദികളായി മുദ്രകുത്തപ്പെട്ട പലരും പിടികൂടപ്പെടുകയും വിചാരണചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.സൂഫിയ മദനിയെപ്പോലെയുള്ളവര്‍ ഭീകരവാദകേസ്സുകളില്‍പ്പെട്ടതും നമ്മള്‍ കണ്ടു.

ദുരന്തങ്ങളുടെ കാര്യത്തിലും കഴിഞ്ഞ വര്‍ഷം വിഭിന്നമായിരുന്നില്ല.ജൂണ്‍ മാസത്തില്‍ എയര്‍ ഫ്രാന്‍സ് അത്ലാന്റിക്കില്‍ പതിച്ച് 228 പേര്‍ മരിച്ചതും,നാനൂറോളം പേരുടെ മരണത്തിന് ഹേതുവായ ഇറ്റലിയിലെ ഭൂമികുലുക്കത്തില്‍ ഭവനരഹിതരായത് അമ്പതിനായിരം പേരാണ് അതുപോലെ ഫിലിപ്പിന്‍സിലും പ്രകൃതി നാശം വിതക്കുകയുണ്ടായി.ലോകത്താകെ പടര്‍ന്നു പിടിച്ച പന്നിപ്പനിയില്‍ അനേകായിരം പേരാണ് ജീവന്‍ വെടിഞ്ഞത്.

മണ്ടേര്‍ എക്സ്പ്രസ് പാളം തെറ്റി 7 പേര്‍ മരണമടഞ്ഞതെങ്കില്‍ കോറാമണ്ടല്‍ ട്രയിന്‍ അപകറ്റത്തില്‍പ്പെട്ട് മരിച്ചവര്‍ 15 പേരാണ് അതുപൊലെ മധുരയിലെ തീവണ്ടിയപകടത്തില്‍ 10 ജീവനുകള്‍ പൊലിയികയുണ്ടായി.വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മുല്ലപെരിയാറില്‍ 46 ജീവനുകള്‍ അപഹരിക്കപ്പെട്ടത് സെപ്തമ്പറിലാണ്.നവമ്പര്‍ മാസത്തില്‍ അരീക്കോട്ട് തോണിയപകടത്തില്‍ 8 വിദ്യാര്‍ത്ഥികള്‍ മരിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം കലാ_സാംസ്കാരിക_രാഷട്രീയ മേഘലകളിലും നിരവധി പേരെ നഷ്ടപ്പെട്ടു.കലാമണ്ഡലം കേശവന്‍, ലേഹിതദാസ്, രാജന്‍.പി.ദേവ്, മുരളി, അടൂര്‍ ഭവാനി, അകവൂര്‍ നാരായണന്‍, മൂര്‍ക്കേത്ത് രാമുണ്ണി, ടി.കെ.പട്ടമ്മാള്‍, കൌമുദി ടീച്ചര്‍, റോസി തോമസ്, മേഴ്സി രവി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെ നമുക്ക് നഷ്ടമായതോടൊപ്പം സാഹിത്യ നഭസിലെ വെള്ളിതക്ഷത്രമായ കമലാസുരയ്യയും ആത്മീയ ചൈതന്യങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും, ഡാനിയല്‍ അച്ചാരുപറമ്പിലും നമ്മെ വിട്ടുപിരിയുകയുണ്ടായി.അതുപോലെ ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായ മൈക്കിള്‍ ജാക്സണും വിടപറയുകയുണ്ടായി.

കായിക വിനോദരംഗങ്ങളില്‍ നേട്ടകോട്ടങ്ങളുടെ വര്‍ഷമായിരുന്നു.ടെന്നിസിലും മറ്റും നമ്മുടെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്ത് എത്താനായതും,41 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലാന്റില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിച്ചതും,ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ രാഹുല്‍ ദ്രാവിഡിന്റെ പേരില്‍ കുറിക്കുന്നതും നാം കണ്ടു. ഫുട്ബോളില്‍ സിറിയയെ തോല്‍പിച്ച് നമ്മള്‍ നെഹറുകപ്പ് നേടിയതും നേട്ടങ്ങളാണ്.

രാഷട്രിയ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായ മറ്റൊരു വര്‍ഷമായിരുന്നു 2009.ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്സും ഘടകകക്ഷികളും അധികാരത്തിലെത്തുകയും മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായപ്പോള്‍ കേരളത്തിന് ആറു മന്ത്രിമാരെ ലഭിച്ചു.ആദ്യമായി ലോകസഭക്ക് മീരാകുമാര്‍ എന്ന ഒരു വനിതാ സ്പീക്കറേയും ലഭിച്ചു.കമ്മ്യൂണിസ്റ്റ്_ഇടത് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയും കോണ്‍ഗ്രസ്സിനുകുതുച്ചു കയറ്റവും ലഭിച്ച ഈ വര്‍ഷത്തില്‍ വി.എസ്.അച്ചുതാനന്ദന് പോളിറ്റ് ബ്യൂറോ സ്ഥാനവും നഷ്ടപ്പെട്ടു.ബി.ജെ.പിയിലും വന്‍ മാറ്റങ്ങള്‍ നടന്നു.രാജ് നാഥ് സിംഗ്, എല്‍.കെ.അദ്ധ്വാനി എന്നിവരുടെ സ്ഥാനത്യാഗവും ജിന്നയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ജസ്വന്ത് സിംഗ് പുറത്തായതും കഴിഞ്ഞുപോയ വര്‍ഷമായിരുന്നു.മദനി_മാര്‍ക്സിസ്റ്റ് ബന്ധവും ഉണ്ണിത്താന്‍_തിവാരി വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയും കക്ഷിരാഷട്രീയം ചേരിതിരിഞ്ഞ് ചെളിവാരിയെറിയുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലാണ് കഴിഞ്ഞ ആണ്ട് കടന്നു പോയത്.

രസതന്ത്രത്തില്‍ നോബേല്‍ പുരസ്ക്കാരത്തിന് ഇന്ത്യന്‍ വംശജനായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അര്‍ഹനായതും ചന്ദ്രയാന്‍ ലക്ഷ്യം കണ്ടതും അതുപോലെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം നമുക്ക് ദൃശ്യമായതും ഏഴിമല നാവിക അക്കാദമി രാഷ്ട്രത്തിനു സമര്‍പ്പിച്ചതും നേട്ടങ്ങളുടെ പട്ടികയില്‍ ചേര്‍ന്നതും കഴിഞ്ഞ വര്‍ഷത്തിലായിരുന്നു.

തടിയന്റെവിട നസീറും ഡെഡ്ലിയും പ്രതികൂട്ടിലായതും അന്തര്‍ദേശിയ ഭീകരന്മാര്‍ വേട്ടയാടലിന് വിധേയരാവുന്ന സ്ഥിതി വിശേഷവും അതുപോലെ നമ്മുടെ അയല്‍ രാജ്യങ്ങമായ ശ്രീങ്കയുടെ പുലിമടയിലിറങ്ങി പ്രഭാകരനെ വധിച്ച് അവിടെ ശാന്തി പരത്തിയതും പാക്കിസ്ഥാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തവണ ഭീകരരുടെ അക്രമത്തിനിരയാവുന്ന കാഴ്ച്ചയും കടന്നു പോയ വര്‍ഷത്തില്‍ നമ്മള്‍ കാണുകയുണ്ടായി.

സ്വവര്‍ഗ്ഗരതി നിയമവിധേയമാണെന്ന വിധിന്യായത്തിനും പിണറായി വിജയന്‍ അഴിമതിക്കേസ്സില്‍ കോടതിയില്‍ ഹാജരായതിനും മുല്ലപ്പെരിയാര്‍ അണ്ണക്കെട്ട് പ്രശ്നത്തില്‍ കേരളവും തമിഴ്നാടും ഇടയുന്നതിനും സാക്ഷിയായ നമ്മള്‍, തെലുങ്കാനക്ക് വേണ്ടി അക്രമസമരങ്ങളുടെ പരമ്പര ആരംഭിക്കുന്നതും കാണുകയുണ്ടായി.2009 അവസാനിച്ച് 2010 തുടങ്ങിയീട്ടും കഴിഞ്ഞവര്‍ഷം തുടങ്ങിയ പലപ്രശ്നങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുന്ന കാഴച്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെങ്കിലും ശാന്തിയുടെയും സാഹോദര്യത്തിന്റെയും സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന്റെയും ഒരു പുതിയ വര്‍ഷമാകട്ടെ 2010 എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം നന്മനിറഞ്ഞ ഒരു പുതുവര്‍ഷം ഏവര്‍ക്കും ആശംസിക്കുന്നു.......

പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും വായിക്കാം.

കഴിഞ്ഞ വര്‍ഷത്തിലെ മലയാള ചലചിത്രലോകത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടംലൗ ഇന്‍സിംഗപ്പൂരില്‍ തുടങ്ങി ലൗഡ്‌സ്​പീക്കറും ഡാഡികൂളും പട്ടണത്തില്‍ ഭൂതവും പഴശ്ശിരാജയും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കേരള കഫേയും കഴിഞ്ഞ് ചട്ടമ്പി നാട്ടിലൂടെയാണ് മമ്മുട്ടി 2009 അവസാനിപ്പിച്ചത്.എട്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്.വര്‍ഷാദ്യത്തിലെ പിഴവുകള്‍ മാറി വര്‍ഷാന്ത്യത്തില്‍ പല നല്ല ചിത്രങ്ങളുടെ ഭാഗമാകാനായത് മമ്മുട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

റെഡ്ചില്ലീസ്' ,സാഗര്‍ ഏലിയാസ് ജാക്കി, എയ്ഞ്ചല്‍ ജോണ്‍ ,ഭഗവാന്‍ , ഭ്രമരം തുടങ്ങി ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രമാണ് കഴിഞ്ഞ വര്‍ഷത്തിലെ മോഹന്‍ലാലിന്റെ അവസാനചിത്രം. കമലഹാസനൊപ്പം ചേര്‍ന്ന് തമിഴില്‍ ഉന്നൈപ്പോള്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ വേഷമിട്ടതുള്‍പ്പെടെ മോഹന്‍ലാലിന് ഏഴു ചിത്രങ്ങളാണ് ഉണ്ടായത്.

കളേഴ്‌സ്, മൗസ് ആന്‍ഡ് ക്യാറ്റ്, പാസഞ്ചര്‍ ,കേരള കഫേ, സ്വ.ലേ. എന്നീ ചിത്രങ്ങളുമായെത്തിയ ദിലീപിനു തന്റെ മുന്‍കാല പ്രകടനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

പുതിയമുഖം,റോബിന്‍ഹുഡ്,കേരള കഫേ,കലണ്ടര്‍ എന്നീ നാല് ചിതങ്ങളാണ് പൃഥിരാജിന്റെതായി ഇറങ്ങിയത്.

ഹയ്ലെസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സുരേഷ്‌ഗോപിക്കും കഴിഞ്ഞ വര്‍ഷം കാര്യമായ നേട്ടം നല്‍കിയില്ല.

കാണാക്കണ്മണി, സമസ്ത കേരളം പി.ഒ.,ഭാഗ്യദേവത,വിന്റര്‍ ,സീതാകല്യാണം,മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ഭാഗ്യദേവതമാത്രമാണ് ജയറാമിന് വിജയം നല്‍കിയത്.

ഇവര്‍ വിവാഹിതരായാല്‍ , ഡോ. പേഷ്യന്റ്, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം, വൈരം, റോബിന്‍ഹുഡ്, കേരള കഫേ, ഉത്തരാ സ്വയംവരം, പത്താം നിലയിലെ തീവണ്ടി, ഗുലുമാല്‍ , കറന്‍സി എന്നീ ചിത്രങ്ങളില്‍ ജയസൂര്യ തിളങ്ങി. 'ഗുലുമാലി'ല്‍ ജയസൂര്യയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബനും പ്രേഷകര്‍ക്ക് നല്ല ഒരു വിരുന്നാണ് നല്‍കിയത്

ലാല്‍ സംവിധാനം ചെയ്ത 2 ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ വീണ്ടും കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു.

മകനും അച്ഛനും ,പാസഞ്ചര്‍ എന്നീ ചിതങ്ങള്‍ ശ്രീനിവാസന്‍ തന്റ കഴിവുതെളിയിച്ചു.

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ 30 കോടി മുടക്കി മലയാള സിനിമയില്‍ ഒരു പുതിയ ചരിത്രമെഴുതി . പത്തു സംവിധായകര്‍ 'കേരള കഫേ' എന്ന ചിത്രത്തിലൂടെ മറ്റൊരു ചരിത്രം സൃഷ്ടിച്ചു.

ഐ.വി. ശശിയും ഫാസിലും യഥാകൃമമം 'വെള്ളത്തൂവല്‍ ,മൗസ് ആന്‍ഡ് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനത്തിനൊരുമ്പെട്ടെങ്കിലും രണ്ടു ചിത്രങ്ങളും നിരാശയാണ് പകര്‍ന്നത്.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സജി സുരേന്ദ്രനും 'പുതിയ മുഖത്തി'ലൂടെ ദീപനും നവാഗതസംവിധായകരായി തിളങ്ങി. 'സ്വ.ലേ.'യിലൂടെ സുകുമാറും നല്ല സിനിമ ഒരുക്കാനാവുമെന്നു തെളിയിച്ചു. പക്ഷേ, സാമൂഹികപ്രസക്തിയുള്ള 'പാസഞ്ചര്‍' സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കറാണ് കൂട്ടത്തില്‍ വേറിട്ട വഴി സ്വീകരിച്ചത്.

ഡ്യൂപ്ലിക്കേറ്റിലൂടെ സുരാജ് വെഞ്ഞാറമ്മൂട് , ഡീസന്റ് പാര്‍ട്ടീസി'ലൂടെ ജഗദീഷും 'ശുദ്ധരില്‍ ശുദ്ധനി'ലൂടെ ഇന്ദ്രന്‍സും 'രാമാന'ത്തിലൂടെ ജഗതിയും നായകകഥാപാത്രങ്ങളായി.

ഐ.ടി. രംഗത്തെ ആധുനിക യുവത്വത്തിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ശ്യാമപ്രസാദ് ഒരുക്കിയ 'ഋതു'വും വ്യത്യസ്തമായ അനഭുവം പകര്‍ന്നു.

കലാഭവന്‍ മണിയെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ , മുകേഷിനെയും ജഗതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.

വര്‍ഷങ്ങള്‍ക്കുശേഷം നീലത്താമരയ്ക്ക് പുതിയ മുഖം നല്‍കി എം.ടി. ലാല്‍ജോസിലൂടെ ഒരു പരീക്ഷണം നടത്തി.

ഒരു പെണ്ണും രണ്ടാണും എന്ന ചിത്രവുമായി അടൂര്‍ ,രാമാനവുമായി എം.പി. സുകുമാരന്‍നായര്‍ ,പത്താംനിലയിലെ തീവണ്ടിയുമായി ജോഷി മാത്യു,മധ്യവേനലുമായി മധു കൈതപ്രം, ലൗഡ് സ്​പീക്കറുമായി ജയരാജ്, ഭൂമി മലയാളം,വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളിലൂടെ ടി.വി. ചന്ദ്രന്‍ എന്നിവര്‍ കഴിവുകള്‍ വീണ്ടും തെളിയിച്ചപ്പോള്‍ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിലൂടെ രാജസേനന്‍ സംവിധായകന്നായും നായകനായും അരങ്ങേറി.

പല പ്രമുഖരുടെ വിയോഗങ്ങള്‍ കണ്ട ഒരു കൊല്ലവുമായിരുന്നു, അവരിലെ ലേഹിതദാസ്, രാജന്‍.പി.ദേവ്, മുരളി, അടൂര്‍ ഭവാനി, തുടങ്ങിയ പ്രതിഭകളെ എടുത്തു പറയേണ്ടതാണ്.

പ്രിയ എന്‍ .പി ഓര്‍മയായി ഏഴു വര്‍ഷം2003 ജനുവരി മൂന്നിനായിരുന്നു മലയാള സാഹിത്യ ത്തില്‍ നിന്നും എന്‍ ‍.പി.മുഹമ്മദ് എന്ന് പ്രിയ എന്‍ .പി കഥയുടെ മറ്റൊരു ലോകത്തേക്ക് കടന്നുപോയത്.

ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ കഥ അക്ഷരത്തിലാക്കുന്നതില്‍ വിജയിച്ച കഥാകാരന്‍ , നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകന്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എന്‍ .പി അബുവിന്‍റെ മകനായി 1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിലാണ് എന്‍ ‍.പി മുഹമ്മദ് ജനിച്ചത്.

ദൈവത്തിന്‍റെ കണ്ണ് എന്ന നോവല്‍ സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.മലയാളത്തിലാദ്യമായി രണ്ടു പേര്‍ ചേര്‍ന്ന് (എം.ടി.യും എന്‍.പി.) എഴുതിയ അറബിപ്പൊന്ന് എന്ന നോവല്‍ ഒരു പുതിയ തുടക്കമായിരുന്നു.

എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍ . അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്.

ഹിരണ്യകശിപു എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍ , മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും (ആദ്യ കൃതി) വിമര്‍ശനാത്മക കൃതികളാണ്‍ ‍.

പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ,
സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ കൃതികള്‍ സിനിമയായിട്ടുണ്ട്. ‘മരം' യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍ .മേനോന്‍ പരമ്പരയാക്കി. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ‘ദൈവത്തിന്‍റെ കണ്ണ്' 2001 ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായി.

കേരള കൗമുദി കോഴിക്കോട് റസിഡന്‍റ് എഡിറ്റര്‍ ‍, നവസാഹിതി, ഗോപുരം, ജാഗ്രത, നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ എന്‍ .പി പ്രവര്‍ത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍ , കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മരിക്കുന്ന സമയത്ത് കേരള സാഹിത്യ അക്കാദമിയുടെ പ്രസിരണ്ടായിരുന്നു

ബിച്ചാത്തുമ്മയാണ് ഭാര്യ.മക്കള്‍ പരേതനായ എന്‍ ‍.പി.നാസര്‍ (എസ്.ബി.റ്റി), എന്‍ ‍.പി. ഹാഫിസ് മുഹമ്മദ് (അധ്യാപകന്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ ‍, സാഹിത്യകാരന്‍ ‍, പത്രപ്രവര്‍ത്തകന്‍ ‍), സക്കീര്‍ഹുസൈന്‍ (കുവൈറ്റ്), അബുഫൈസി(മലയാള മനോരമ), ജാസ്മിന്‍ , ബാബുപേള്‍ ‍, സെറീന എന്നിവര്‍

പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും വായിക്കാം.

ഗാനഗന്ധര്‍വ്വന് സപ്തതിയുടെ നിറവ്കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ്‌ 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.

കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍ ‍.

അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ ‍. എല്‍ . വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം.
സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇത് ചെമ്പൈയുടെ മരണംവരെ തുടര്‍ന്നു പോന്നു.

1961 നവംബര്‍ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ ' കാല്‍പ്പാടുകള്‍ ' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു.

സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്‌. ബാബുരാജ്‌, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍ , ഓ. എന്‍ ‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു.

പത്മഭൂഷണ്‍ , പത്മശ്രീ, അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, കേരളാ സര്‍വകലാശാലയുടെ ഡി.ലിറ്റ് , ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം,ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ ,ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ , എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നിങ്ങളെയുള്ള അംഗീകാരങ്ങള്‍ ഒട്ടനവധി ഇദ്ദേഹത്തിനു സ്വന്തമാണ്.

ഭാര്യ പ്രഭ,മൂന്ന് ആണ്‍മക്കള്‍ വിനോദ്,വിജയ്,വിശാല്‍ .


പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും