Friday, July 31, 2009

ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ്ചിത്രം:ജയരാജ്

സംവിധായകന്‍,തിരക്കഥാകൃത്ത്,
നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍
എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ്. ചലച്ചിത്രനടനായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ്.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

2 comments:

ചിരാത്‌ said...

സംവിധായകന്‍,തിരക്കഥാകൃത്ത്,
നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍
എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ നമ്മോട് വിടപറഞ്ഞു പിരിഞ്ഞിട്ട് പതിനൊന്നു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് ഒരു അവലോകനം നടത്തുകയാണ്

മാണിക്യം said...

ജീവിതത്തിന്റെ ചൂടും ചൂരും പച്ചയായ കഥാപാത്രത്തിലൂടെ സിനിമയില്‍ ആവിഷ്‌കരിച്ച സംവിധായകനായിരുന്നു ഭരതന്‍ ..
ജീവിതത്തിന്റെ നഗ്നമായ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ ക്യാമറ പിടിച്ചാണു ഭരതന്‍ തന്റെ ചിത്രങ്ങള്‍ അവതരിപ്പിച്ചത്‌.
ഭരതന്‍ എന്ന ചലച്ചിത്രകാരന്റെ അസാന്നിധ്യം മലയാളസിനിമ ഇന്ന്‌ അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുകതന്നെയാണ്‌..

ഭരതന്റെ ഓര്‍മ്മക്കു മുന്നില്‍ ഒരു പിടികണ്ണീര്‍പൂക്കള്‍