Saturday, July 11, 2009

രാമായണ മാസം.“തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ” എന്ന വാക്കോടെയാണ് വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്. തപസ്സിനാണ് രാമായണം പ്രധാന്യം നല്‍കുന്നത്.

വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണമാസത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങള്‍ തുടങ്ങി.

ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും രാമായണ പാരായണത്തിന്റെ നാളുകളാണ് വരുന്നത്.കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു.

നീ‍ ചെയ്യുന്ന നീചപ്രവൃത്തികളുടെ ഫലം നിന്റെ ഭാര്യക്കും കുട്ടിക്കും വയറുനിറയ്ക്കാനാണെങ്കില്‍ അവരും കൂട്ടിനുണ്ടാവുമോ അനുഭവിക്കാന്‍ എന്ന സപ്തര്‍ഷികളുടെ ചോദ്യത്തില്‍നിന്നും രത്നാകരനെന്ന കാട്ടാളന്‍ കവിയും മഹര്‍ഷിയുമായിത്തീര്‍ന്നാണ് രാമായണ രചന ആരംഭിക്കുന്നത്.

തപസ്സും വേദാധ്യയനവുമായി ആശ്രമത്തിലിരിക്കുന്ന വാല്‍മീകി മഹര്‍ഷിയോട് ലോകത്തിനു മുഴുവന്‍ വേദത്തിന്റെ അറിവിനെ പകര്‍ന്നുകൊടുക്കാന്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദമഹര്‍ഷി രാമായണ കഥ പറഞ്ഞുകൊടുക്കുന്നു.

പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. പിതൃക്കള്‍ക്ക് ഒരു ദിവസത്തേക്ക് വേണ്ട ആഹാരമാണ് തിലോദകമായി സങ്കല്‍പ്പപൂര്‍വ്വം സമര്‍പ്പിക്കുന്നത്. പിതൃക്കളോടുളള ശ്രദ്ധ അവരെ സം‌പ്രീതരാക്കുന്നു. അനന്തര തലമുറകളില്‍ അവര്‍ അനുഗ്രഹം ചൊരിയുന്നു. ഗൃഹസ്ഥാശ്രമികളായ സാധാരണക്കാരന്‍ ഐശ്വര്യലബ്ധിക്കായി വീടുകളില്‍ ഭഗവതിസേവ, ഗണപതിഹോമം, രാമായണ പാരായണം എന്നിവ നടത്തുന്നു. പഞ്ഞമാണെങ്കിലും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആഹാരവും മറ്റും നല്‍കുന്നു.

തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്. അമ്പാള്‍ ദേവതയ്ക്ക് വേണ്ടി അവിടെയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തും. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ജൂലൈ 17 വെളളിയാഴ്ച പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്.

രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. ഒരുവര്‍ഷം മുഴുവന്‍ ആഹാരാദികളെക്കൊണ്ട് സ്തംഭിക്കപ്പെട്ട വയറിന് നല്‍കുന്ന ചികിത്സയാണ് മുക്കുടി സേവിക്കല്‍. ദശപുഷ്പങ്ങള്‍ ശ്രീപോതിക്ക് വയ്ക്കുന്നത് കൂടാതെ അന്നന്ന് പറിച്ചെടുത്ത് കഴുകി അരച്ച് മോരില്‍ കലക്കി വെറുംവയറ്റില്‍ കഴിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല.

കിണറ്റില്‍ കിടക്കുന്ന തവള, തന്റെ ചെറിയ ലൊകം മാത്രം അറിയുന്നു. ഭക്തിയും വേദാന്തവും ഭൌതികതയും, ആധ്യാത്മികതയും ഒക്കെ ഓരോ കിണറാണ്. അതില്‍ വീണ്, അതാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് കണ്ണ് കാണാതെ ഇരിക്കുകയാണ് പലരും എന്നാണ് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ കൂ‍പമണ്ഡൂകത്തിന്റെ കഥയിലെ സാരം‍.

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഓരോ ദിവസവും വായിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ അന്നന്നു തന്നെ വായിച്ചു തീര്‍ക്കണം. ദിവസവും ക്ഷേത്ര ദര്‍ശനവും കര്‍ക്കിടകത്തില്‍ പതിവാണ് .

പൊന്നിന്‍ ചിങ്ങത്തിനായുളള കാത്തിരിപ്പ് കൂടിയാണ് കര്‍ക്കിടക മാസം. കര്‍ക്കിടകത്തിലെ കലി തുളളി പെയ്യുന്ന മഴക്ക് ശേഷമുളള മലയാളത്തിന്റെ പൊന്നോണത്തിന് വേണ്ടിയുളള കാത്തിരുപ്പ് കൂടിയാണ് കര്‍ക്കിടക മാസം.

ഈ ലേഖനം ഞാന്‍ എഡിറ്ററായ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

2 comments:

ചിരാത്‌ said...

രാമായണ മാസത്തെ പറ്റിയുള്ള ഒരു ലേഖനം വായിക്കാം.

വയനാടന്‍ said...

കർക്കിടകം വരുന്നൂ.
ഞാനും ഓർമ്മകൾക്കു ബലിയിടട്ടെ