Thursday, January 27, 2011

ഞാനൊരു തെരുവു പണിയുന്നു,എനിക്ക് പോകാന്‍ വേണ്ടി മാത്രമായ്!..(ഒരു അനുസ്മരണം)


2010 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പുലര്‍ച്ചെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ മാതൃഭൂമി പത്രത്തില്‍ നിന്നാണ് ഞാന്‍ ആ വാര്‍ത്ത വായിച്ചത്. "അയ്യപ്പന്‍ വിടപറഞ്ഞു;ആരോരുമറിയാതെ'' ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങള്‍ എടുത്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഉമ്മാക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇല്ലാത്ത ലീവു വാങ്ങി കുടുംബവുമൊത്ത് നാട്ടിലേക്ക് വന്ന ഞാന്‍ ഈ വാര്‍ത്ത വായിച്ചതോടെ വിഷാദ മുഖരിതനായി മാറി .കൊല്ലത്തില്‍ ഒരിക്കല്‍ കാണുന്ന വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഞാന്‍ പകച്ചു നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

എന്റെ പ്രിയപ്പെട്ട കവി അജ്ഞാതജഡമായി ഒരു ദിവസം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നുവെന്ന ആ വാര്‍ത്ത അദ്ദേഹത്തിന്റെ മരണവാര്‍ത്തയെക്കാളും എന്നെ വേദനിപ്പിച്ച ഒന്നായിരുന്നു.അജ്ഞാതനായി അയ്യപ്പന്‍ ജനറല്‍ ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.ആദ്യതവണ അജ്ഞാതനായി ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് തിരിച്ചറിഞ്ഞത്.അതും ഒരു തൊഴിലാളി!!!.

മാനസീകരോഗികളും യാചകരും ക്രിമിനലുകളും ഒക്കെയുള്ള ഒരിടമാണല്ലോ?ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡ് എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതില്ല!അവിടെ നിന്ന് പത്തനാപുരം ഗാന്ധി ഭവനിലേക്ക് അവിടെ നിന്ന് പിന്നേയും തെരുവിലേക്ക്.........അശാന്തിയുടെ അവദൂതനായി.

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതിലെ ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി ഞെടുമങ്ങടില്‍ ജനിച്ച കവിയുടെ അച്ചന്‍ പ്രശസ്ഥ സ്വര്‍ണ്ണപണിക്കാരനായ അറുമുഖവും അമ്മ മുത്തമ്മാളുമായിരുന്നു.ചെറുപ്പത്തിലേ അനാഥനാകേണ്ടി വന്ന കവി സഹോദരി സുബലക്ഷിക്കൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.

ശിശുവായിരിക്കുമ്പോള്‍ അച്ചന്റെ മരണം കൂട്ടുക്കാരന്‍ കൊന്നതാണെന്ന് പലപ്പോഴും അയ്യപ്പന്‍ പറയാറുണ്ടായിരുന്നു.(അദ്ദേഹത്തിന്റെ ഒരു വയസിലാണ് അച്ചന്‍ മരിക്കുന്നത്.അപ്പോള്‍ ഈ അറിവ് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നോ മറ്റു ബന്ധുജനങ്ങളില്‍ നിന്നോ ആയിരിക്കും കിട്ടിയീട്ടുണ്ടാകുക!) ബാല്യത്തിലെ അമ്മയുടെ വേര്‍പ്പാട് യൌവനത്തിലെ പണയ പരാജയം ഇതെല്ലാം ചേര്‍ത്തു വെച്ചതാണ് അയ്യപ്പന്റെ കവിതയിലെ അക്ഷരങ്ങളുടെ തിക്ഷണത എന്നു പറയാനാണ് എനിക്കിഷടം.

തെരുവിന്റെ അനാഥനായ കവി അയ്യപ്പന്‍ തെരുവില്‍ തന്നെ അതും അനാഥനായി അവസാനിക്കണമെന്നത് ഒരു നിയോഗമാകാം.ഓര്‍ക്കുക!, വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകാം!!!.

എഴുപതുകളുടെ മദ്ധ്യഘട്ടത്തോടെയാണ് അയ്യപ്പന്‍ ശ്രദ്ധേയനാവുന്നത്.ബലിക്കുറിപ്പുകള്‍ ,ബുദ്ധനും ആട്ടിന്‍കുട്ടിയും,ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ,വെയില്‍ തിന്നുന്ന പക്ഷി,ജയില്‍ മുറ്റത്തെ പൂക്കള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍ സ്വന്തമായുള്ള കവിയുടെ ആനുകാലികങ്ങളിലെ കവിതകളോടാണ് എനിക്ക് കൂടുതല്‍ അടുപ്പം.

കാറപകടത്തില്‍
പെട്ടുമരിച്ച വഴിയാത്രക്കരന്റെ
ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍
നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു
എന്റെ കണ്ണ്

ഞാനുണ്ടായിട്ടും
താലിയറുത്ത
കെട്ടിയോൾ ‍.

എന്റെ കുട്ടികൾ ‍;
വിശപ്പ്‌ എന്ന
നോക്കുകുത്തികള്‍
ഇന്നത്താഴം
ഇതുകൊണ്ടാവാം

അദ്ദേഹത്തിന്റെ ആദ്യകവിതയായ അത്താഴം മുതല്‍ തമ്പാനൂരിലെ പാതയോരത്ത് അജ്ഞാതജഡമായി കിടക്കുമ്പോഴും ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ച കടലാസിലെ കവിതയായ പല്ല് എന്ന കവിത വരെ നമ്മോട് പറയുന്നത് മറയുടെയും ജാഡയുടെയും പൊളിച്ചെഴുത്തുകളാണ്

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
...പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

കഥയിലൂടെ തുടങ്ങി കവിതയിലെത്തിയ അയ്യപ്പന്‍ ആധുനീക കവിതയുടെ വക്താക്കളായ അയ്യപ്പപണിക്കര്‍ ,കടമനിട്ട എന്നിവരുടെ ഇളം തലമുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്.ബിരുദം നേടിയ ശേഷം അദ്യാപന ജോലിക്കൊപ്പം ജനയുഗത്തിലെ പ്രൂഫ് റീഡറായുള്ള ജോലിയും ഒപ്പം കമ}ണിസ്റ് നേതാവ് ആര്‍ . സുഗുണന്റെ സെക്രട്ടറി പണിയും ചെയ്തു പോകുന്നതിനിടക്കാണ്,അക്ഷരം എന്ന കൊച്ച് മാസികയിലേക്ക് അദ്ദേഹം തിരിയുന്നത്.അതും ഇരുപത്തിയഞ്ച് വയസുമാത്രം പ്രായം!പല പ്രമുഖരുടെ കവിതകള്‍ ഈ കൊച്ച് മാഗസിനില്‍ വരികയുണ്ടായി.പക്ഷെ എന്തു കൊണ്ടോ പത്ത് ലക്കം കൊണ്ട് ഈ മാസിക നിന്നു പോയി.അക്കാലത്തൊന്നും കവി മദ്യത്തിനടിമയല്ലായിരുന്നു.പിന്നീടെപ്പോഴൊ യൌവത്തില്‍ തന്നെ അദ്ദേഹം മദ്യാസക്തനായി! ചിലപ്പോള്‍ യൌവനത്തിലെ പണയ പരാജയം ആകാം!.ആരായിരിക്കാം ആ പെണ്‍കുട്ടി? ചിലപ്പോള്‍ അദ്ദേത്തിന്റെ വേര്‍പ്പാടില്‍ മൌനമായി തേങ്ങുന്നുണ്ടാകുമോ ആ ഹൃദയം!.

മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്ക് ശേഷം മലയാള കവിത കണ്ട സഞ്ചാരകവിയായിരുന്നു അയ്യപ്പന്‍ .അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി നമുക്ക വിലയിരുത്താവുന്നതാണ് അദ്ദേഹത്തിന്റെ തമ്പാനൂര്‍ മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടുകാരും താവളങ്ങളും!.അദ്ദേഹം സ്ഥിരമായി ഒരിടത്ത് താമസിക്കുക എന്നത് പതിവില്ലാത്തതിഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിനു കൂട്ടുകാരിലാരോ നല്‍കിയ 'മാളമില്ലാത്ത പാമ്പ്' എന്ന വിശേഷണം ഒരു പരിധി വരെ ശരിയും അത്ര തന്നെ തെറ്റുമാണ്!.അദ്ദേഹത്തിന്റെ സൌഹൃത വലയങ്ങള്‍ തന്നെയാണ് അതിനുകാരണം.

ജോണ്‍ അബ്രഹാമിന്റെ ജീവിതവും അയ്യപ്പന്റെ ജീവിതവും തമ്മില്‍ ഏറെ സാമ്യത കാണാം.'ശവങ്ങളുടെ വസന്തമാകണം എന്റെ സിനിമ,ആ മേര്‍ച്ചറിയില്‍ എനിക്ക് കിടന്നുറങ്ങണം.അന്നു നീ പാടണം" എന്നു പറഞ്ഞ പ്രശസ്ഥ ചലചിത്രക്കാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു അയ്യപ്പന്‍.

കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ ആശാന്‍ പ്രൈസ് കൈപറ്റാതെ രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന കോമാളിക്ക് തെരുവില്‍ ഇരയായത് മുന്‍പു ഞാന്‍ പറഞ്ഞ ആ നിയോഗം തന്നെയാകാം.

അവസാനമായി അദ്ദേഹത്തിന്റെ വാക്കുകൾ ‍,

സുഹൃത്തേ,
മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.

അദ്ദേഹം എഴുതിയതു പോലെ തീര്‍ച്ചയായും മരണത്തിനുമപ്പുറത്തുള്ള ആ ജീവിതവും അവിടെ ഒരു പൂക്കാലവും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്........മലയാള കവിതയിലെ പെരുമഴക്കാലത്തിന്റെ വേര്‍പ്പാടോടെ വിഷാദമായ എന്റെ ഹൃദയത്തിനുവേണ്ടി ഒരിറ്റു കണ്ണുനീര്‍ !.

12 comments:

ചിരാത്‌ said...

"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.

എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.

മണ്ണ് മൂടുന്നതിനു മുന്പ് ഹൃദയത്തില്‍ നിന്നു ആ പൂവ് പറിക്കണം.
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.

പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും.

ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും. ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌."

എന്റെ പ്രിയ കവിക്കായി ഒരു വൈകിയ അനുസ്മരണം.

Pradeep said...

കവിയുടെ കവിതകള്‍പോലെ മനോഹരമായ അനുസ്മരണം, വളരെ നന്നായിരിക്കുന്നു.

രമേശ്‌അരൂര്‍ said...

കവിയുടെ മരിക്കാത്ത കവിതകള്‍ക്ക് മുന്നില്‍ പ്രണാമം *****

വാഴക്കോടന്‍ ‍// vazhakodan said...

നല്ല അനുസ്മരണം സഗീര്‍.

MyDreams said...

muzhuvan vayichu pinne abhipryam paryaam

MyDreams said...

മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.
മനസ്സില്‍ എന്നും ഒരു പൂക്കാലം സൂക്ഷിച്ചു വെക്കുന്നു ...

jayarajmurukkumpuzha said...

aashamsakal.....

ജയിംസ് സണ്ണി പാറ്റൂര്‍ said...

കവിതയെഴുതാതെ
അലഞ്ഞു തിരിയാതെ
അയ്യപ്പനൊരിടത്തടങ്ങി
കിടക്കുന്നത്(പരലോകത്ത് )
ഒമ്പതാം ലോകാത്ഭുതം

ഏ.ആര്‍. നജീം said...

കവിതക്ക് മാത്രമായി ജീവിക്കുന്നതിനിടെ ജീവിക്കാൻ മറന്ന ആ വലിയ കവിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ വൈകിയെങ്കിലും അദ്ദേഹത്തിനുള്ള അക്ഷരാർച്ചനയാകട്ടെ

Satheesh Haripad said...
This comment has been removed by the author.
Satheesh Haripad said...

ഒന്നുമല്ലായെന്ന് പുറമേ തോന്നിപ്പിച്ച് ഉള്ളിൽ ഇരമ്പുന്ന കടലും കൊണ്ട് നടന്നകന്ന അയ്യപ്പൻ.
അനുസ്മരണം നന്നായി.

satheeshharipad.blogspot.com
Thursday, February 10, 2011

ബെഞ്ചാലി said...

well said..