Friday, March 11, 2011

പ്രവാസികളെ കഷ്ട്ത്തിലാക്കുന്ന പ്രവാസി വോട്ട്


രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് .എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ മതിയെന്നാണ്.എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നളിനി നേറ്റൊ പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ സ്വീകരിക്കില്ലെന്നും.ഗവണ്‍മന്റിനും തിരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തത് ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ പ്രസ്താവനകളാണ് മന്ത്രിയും തിരഞ്ഞെടുപ്പു കമ്മീഷനും പറയുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞതുപോലെ എംബസി അറ്റസ്‌റ്റേഷന്‍ നടത്തിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഈ വരുന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളികളായ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമോയെന്നത് കണ്ടുതന്നെ അറിയണം.കേരളത്തില്‍ ഭരണത്തിലെത്തുന്ന മുന്നണികള്‍ക്ക് കിട്ടുന്ന വോട്ടിനെക്കാള്‍ അധികമാണ്‌ പ്രവാസി മലയാളികളുടെ എണ്ണമെന്ന് ഓര്‍മ വേണം!.

ഇന്ത്യന്‍ എംബസിയിലാണെങ്കില്‍ വോട്ടവകാശം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളൊന്നും കേന്ദ്ര ഗവര്‍മെന്റില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് അംബാസഡര്‍ പറയുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐ.സി.സിയില്‍ ലഭ്യമാക്കുമെങ്കിലും ഫോം വിതരണമുണ്ടായിരിക്കിലെന്ന് ഐ.സി.സി ഓണ്‍ലൈനില്‍ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസിയില്‍ പാസ്‌പോര്‍ട്ടുമായി ചെന്നാല്‍ സാധാരണയായി ചെയ്യുന്നതുപോലെ ഫോറം ഈ ആളുടേതുതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. അതിനാണെങ്കില്‍ 38 ഖത്തര്‍ റിയാല്‍ (നാനൂറ്റിയമ്പത് രൂപ) ഫീസടയ്ക്കണം.തുച്ഛമായ സംഖ്യ വേതനം പറ്റുന്ന നിര്‍മാണ മേഖലയിലേയും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കിത് വലിയൊരു തുകയാണ്.

സ്വകാര്യമേഖയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പലപ്പോഴും കമ്പനികളിലായിരിക്കും. ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ കമ്പ്യൂട്ടര്‍ സംവിധാനം വഴി വിശദമായ പരിശോധനകള്‍ക്ക് ശേഷം സാക്ഷ്യപ്പെടുത്തി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അംബാസഡര്‍ അറിയിയിച്ചിട്ടുണ്ട്.അതിന്നാല്‍ പാസ്സ്പോര്‍ട്ട് പ്രശ്നത്തില്‍ കുഴപ്പമില്ല.പക്ഷെ ഒരു ദിവസം ജോലിയില്‍നിന്നു ലീവെടുത്ത് ഭീമമായ സംഖ്യ നഷ്ടം സഹിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ എത്രപേര്‍ക്ക് എംബസിയിലെത്തും?.

ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ വോട്ടവകാശം നിര്‍വഹിക്കാനായി കാശു മുടക്കണമെന്നത് അപഹാസ്യമല്ലേ ?കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഫീസ് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ എംബസിക്ക് സ്വന്തം നിലക്ക് ഒഴിവാക്കാനാവില്ല.അതിനാൽ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനും എംബസി നിശ്ചയിച്ച ഫീസ് ഈടക്കിയേ മതിയാകൂ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി എംബസിയില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബസി ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നും അറിയുന്നു.

ഭാരതത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതി നിര്‍ണ്ണയകമായൊരു പങ്ക് വഹിച്ചു പോരുന്നതില്‍ സുപ്രാധാനമായൊരു ഘടകമാണ്‌ പ്രവാസികളായ ഇന്ത്യക്കാര്‍ ‍. വളരെ പ്രയാസങ്ങള്‍ അനുഭവിച്ച് അന്യ നാട്ടിലെ വിസ സംമ്പാദിക്കുകയും പല രാജ്യങ്ങളിലുമുള്ള നിയമകുരുക്കുകള്‍ തരണം ചെയ്ത് പ്രതികൂലക്കാലാവസ്ഥയോട് മല്ലിട്ടുമാണ് മാതൃരാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവാസികള്‍ പങ്കാളികളാവുന്നത്. എന്നാല്‍ ഭാരത സര്‍ക്കാറിന്റെ അനുഭാവപൂര്‍ണ്ണമായ ഒരിടപെടലും പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടാവാറില്ല എന്നത് ഖേദകരമാണ്‌.

പ്രവാസികളായ ഭാരതീയര്‍ മാതൃരാജ്യത്തോടുള്ള കൂറും ആത്മാര്‍ത്ഥയും പഴയപടി നിലനിര്‍ത്തി പോന്നിട്ടും വിദേശത്ത്‌പോകുന്നവര്‍ക്ക് വേണ്ടി കുറ്റമറ്റ ഒരു യാത്രാ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍പോലും ഗവര്‍മെന്റുകളുടെ ശ്രദ്ധ വേണ്ട വിധത്തില്‍ പതിയാറില്ല.തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും വോട്ടാര്‍മാരെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.എന്ന ഒരു ചിന്ത എല്ലാവര്‍ക്കും നല്ലതാണ്.പ്രത്യേഗിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്!.

മാതൃരാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോകാര്യവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ്‌ പ്രവാസികളുടെ രാപകലുകള്‍ കടന്നു പോകുന്നത്. വോട്ടും ഭരണവും എന്ന ഏക അജണ്ടയുമായി രാഷ്ട്രീയം കളിക്കുന്ന അടവുകളൊന്നും ഇവിടെ വിലപ്പോവില്ല. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചതു കൊണ്ട് പ്രവാസികള്‍ വീഴുമെന്ന് ധരിക്കുന്നത് വിഡിത്തമാണ്. മുഖ്യധാരാരാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉത്തരവാദിത്ത ബോധത്തോടുകൂടി തീരുമാനിക്കാന്‍ പ്രവാസികള്‍ക്ക് നന്നായിട്ടറിയാം. ആയതിന്നാല്‍ ഈ പ്രവാസി വോട്ടിന്റെ നിയമത്തിലെ പോരായ്മകളെല്ലാം തിരുത്തി എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ശ്രമിക്കണം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്

4 comments:

ചിരാത്‌ said...

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് .എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

ബെഞ്ചാലി said...

പ്രവാസിയുടെ കാശുമതി, വോട്ട് വേണ്ട..!

ജയിംസ് സണ്ണി പാറ്റൂർ said...

പാവം പ്രവാസി ജന്മ-
നാട്ടിലും പ്രവാസി

ജയരാജ്‌മുരുക്കുംപുഴ said...

paranjathu valare prasakthamanu....... aashamsakal...........