Thursday, August 26, 2010

ത്യാഗത്തിന്റെ അമ്മആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍ തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ ജനിച്ചു.

അച്ഛന്‍ നിക്കൊളെ വടക്കന്‍ അല്‍ബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയുമായിരുന്നു.ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുമായിരുന്ന ആഗ്നസ് പന്ത്രണ്ടാം വയസില്‍ സന്യാസിനി ആകാന്‍ തീരുമാനിച്ചുറച്ചിരുന്നു.

പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയില്‍ ചേര്‍ന്നു.
അയര്‍ലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തില്‍ ഇംഗ്ലീഷ് പഠനത്തിനായി അയക്കപ്പെട്ടു.

1929-ല്‍ ഇന്ത്യയിലെത്തിയ അവര്‍ ഡാര്‍ജിലിങ്ങില്‍ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തില്‍ അര്‍ത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ തെരേസയുടെ പേരാണ് അവര്‍ സന്യാസിനീ നാമമായി സ്വീകരിച്ചത്.

കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍‌വെന്റ് സ്കൂളില്‍ അധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റര്‍ തെരേസ നിത്യവ്രതം സ്വീകരിച്ചു.പിന്നീട് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു.

കൊല്‍ക്കത്തയില്‍ നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങള്‍ അവരുടെ മനസിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും,1946-ലെ ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളും കൊല്‍ക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയ സമയത്ത് ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധര്‍മ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.

1946 സെപ്റ്റംബര്‍ 10-നു വാര്‍ഷികധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാന്‍ ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം.

1948 മുതല്‍ തെരേസ പാവങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു.

മോട്ടിജില്‍ എന്ന സ്ഥലത്ത് ഒരു സ്കൂള്‍ തുടങ്ങിയാണ് തെരേസ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ക്രമേണ അശരണരരുടെയും വിശന്നുവലയുന്നവരുടെയും ഇടയിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചു. തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചു. പുതിയ പ്രവര്‍ത്തനമേഖലയില്‍ ഒട്ടേറെ വിഷമഘട്ടങ്ങള്‍ തെരേസയ്ക്കു തരണം ചെയ്യേണ്ടതായി വന്നു. താന്‍ സംരക്ഷണമേറ്റെടുത്തവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പലപ്പോഴും അവര്‍ക്ക് യാചിക്കേണ്ടിവന്നു.

1950 ഒക്ടോബര്‍ 7-ന് കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനീസഭ ആരംഭിക്കാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുവാദം നല്‍കി.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതോടെ തുടക്കമായി. മദര്‍ തെരേസയുടെ തന്നെ വാക്കുകളില്‍ വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആര്‍ക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തില്‍ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.

പുതിയ പ്രവര്‍ത്തനമേഖലയില്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ച അവര്‍ സന്യാസഭവനത്തിലെ പഴയ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാന്‍ പോലും ആലോചിച്ചിരുന്നു. തന്റെ കഷ്ടപ്പാടുകളേക്കാള്‍ എത്രയോ വലിയ കഷ്ടപ്പാടുകളായിരിക്കും ദരിദ്രരും അശരണരരുമാ‍യ നിരവധിപേര്‍ അനുഭവിക്കുന്നത് എന്ന ചിന്ത അവരെ പുതിയ ദൌത്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള മനസാന്നിധ്യം നല്‍കി.

മദര്‍ തെരേസയുടെ കീഴില്‍ വളര്‍ന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി മാറിയ മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നല്‍കപ്പെട്ടു.

1997 സെപ്റ്റംബര്‍ 5- ആം തിയതി അവര്‍ ഈ ലോകത്തുനിന്നും വിട പറഞ്ഞു.

മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

2 comments:

ചിരാത്‌ said...

ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍ തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ ജനിച്ചു.

പി. എം. ബഷീര്‍ said...

ആ അമ്മയുടെ ഓര്‍മ്മകളുടെ കൈ പിടിച്ചു നടക്കാനെങ്കിലും
നമുക്ക് കഴിഞ്ഞെങ്കില്‍. ഈ അനുസ്മരണം നന്നായി. അഭിനന്ദനങ്ങള്‍