Sunday, February 1, 2009

മാപ്പിളകലയും ശരീഅത്തും


കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊളളുന്നത്.

കാലഘട്ടത്തിന്‍‌റ്റെ വെല്ലുവിളികളെ
അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശാസ്ത്രത്തോടുളള സമീപനത്തില്‍ അയയേണ്ടിവന്നു.കലയുടെ കാര്യം ഇന്നും പൂര്‍വ്വസ്ഥിതിയില്‍ തന്നെയാണ്. മത്വിശ്വാസങ്ങളില്‍ ഭൂരിപക്ഷവും കലാസ്വാദകരാ‍ണെന്നും എണ്ണപ്പെടേണ്ട സര്‍ഗ്ഗസിദ്ധികള്‍ ഉളളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും അറിയാമായിരുന്നിട്ടും അത് അവഗണിക്കുകയാണ്.

ഒരു സമൂഹത്തിന്‍‌റ്റെ ആസ്വാദനനിലവാരവും, സംതൃപ്തിയും, ആത്മാവിഷ്ക്കാരസ്വാതന്ത്രവും വിലക്കുകളും മുടക്കുകളും പറഞ്ഞ് തടഞ്ഞുവെക്കാന്‍ കഴിയുന്നതല്ല. ആത്മീയവഴികളില്‍ ഉലച്ചില്‍ തട്ടാത്തകാലങ്ങളില്‍ പോലും മാപ്പിളകലയിലെ ശേഷിപ്പുകലായി നില്‍ക്കുന്ന ഗ്രന്ഥങ്ങള്‍ അക്കാര്യം അടിവരയിടുന്നുണ്ട്. കലയും ശാസ്ത്രവും ഇബ്‌ലീസിന്‍‌റ്റെ വഴിയാണെന്ന ചിന്ത മാറേണ്ടിയിരിക്കുന്നു. അന്വേഷണബുദ്ധിയും സര്‍ഗ്ഗ ചിന്തയും ദൈവം തമ്പുരാന്‍‌റ്റെ വരദാനമാണെന്ന് തിരിച്ചറിയുകയാണ് നല്ലത്.

ആധുനിക സാങ്കേതികവിദ്യകള്‍ വളര്‍ന്ന് വന്നതോട് കൂടി അത്മീയ ചിന്തകളേയും,സാംസ്കാരിക പൈതൃകങ്ങളേയും പിന്നിലാക്കികൊണ്ട് കലാപ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും മനുഷ്യ മനസിനെ കീഴടക്കി വാഴുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാസ്വാദനത്തിന് സമയം കണ്ടെത്തുകയാണ് മനുഷ്യര്‍. നിഷിദ്ധമെന്ന് പറഞ്ഞു കലാപ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തിയവര്‍ കലാപ്രവര്‍ത്തനത്തിന്‍‌റ്റെ ഫലമായി വിശ്വാസത്തിന്‍‌റ്റെ അടിയാധാരങ്ങള്‍ ആടിഉലയുന്നത് നിസ്സഹരായി കണ്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.കാലഘട്ടത്തിനെ അതിജീവിക്കനമെന്ന നിശ്ചയമുണ്ടെങ്കില്‍ കലാപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നേരായ വഴിയിലേക്ക് അതിനെ തിരിച്ചു വിടാനുളള ഹൃദയവിശാലതയും പ്രകടിപ്പിക്കണം.

വിദ്യാഭ്യാസം, തൊഴില്‍ കച്ചവടം ജീവകാരുണ്യപ്രവര്‍ത്തനം നീതിക്ക് വേണ്ടിയുളള പോരാട്ടം ഇവയൊക്കെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്‍‌റ്റെ ഭാഗമായി മുസ്ലീംകള്‍ ഏറ്റെടുക്കുന്നത് പോലെ കലാപ്രവര്‍ത്തനത്തെയും ഉള്‍പ്പെടുത്തുന്നതില്‍ എന്താണാവോ കുഴപ്പം. മതനേതാക്കളും, മുസ്ലീംജീഹ്വകളും ഇതേറ്റെടുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. വിശ്വാസം എത്ര ഉറച്ചതായാലും ആത്മാര്‍ത്ഥത എത്ര മികച്ചതായാലും അവ ബോധ്യപ്പെടുത്താനുളള വഴി വിശാലമായ ഒരു സ്വകാര്യമാകുന്നതിലും ഭേദം സുതാര്യമാക്കുന്നതാണ്.

മാപ്പിള കലകളുടെ വളര്‍ച്ചക്ക് വഴിമുടക്കികളായി നില്‍ക്കുന്ന ഒരു വിഭാഗം വേറെയുണ്ട്.ഒറ്റനോട്ടത്തില്‍ അവര്‍ കലാപ്രവര്‍ത്തകരായാണ്‌ മുന്നണിയിലുളളത്.അവര്‍ക്ക് കല എന്താണെന്നോ അതിന്റെ സാധ്യതകളെന്തൊക്കെയാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.കാരണം അവരുടെ ശാഠ്യം ഇതൊരു ശരീഅത്ത് നിയമം പോലെ സംരക്ഷിക്കപ്പെടേണ്ട ഓന്നാണിതെണ്.പഴയകാലത്തെ കവികള്‍ സിദ്ധിച്ച അക്ഷജ്ഞാനം അറബി മലയാളത്തില്‍ നിന്നായതുകൊണ്ട് അവരുടെ രചനകള്‍ അതിലൂടെ ആയിരുന്നു.കാലവും,ലോകവും മാറിയപ്പോള്‍ മുസ്ലീമുകള്‍ക്കിടയില്‍ അറബിമലയാളം വാമൊഴിയോ വരമൊഴിയോ അല്ലാതെയായി.അവര്‍ മാതൃഭാഷ പഠിക്കുകയും അവരുടെ സര്‍ഗ്ഗസിദ്ധികള്‍ മാതൃഭാഷ ഉള്‍ക്കൊളളുവാനും തുടങ്ങി.അത് മാപ്പിലകലയുടെ മാറ്റ് കുറക്കുമെന്ന് ഇന്ന് മാപ്പിളകലയുടെ വക്താക്കളായി മുന്നില്‍ നില്‍ക്കുവരുടെ ധാരണ മാപ്പിളകലയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ ഇക്കൂട്ടരുടെ തെറ്റിധാരണമാറ്റിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

അറബിമലയാളത്തില്‍ എഴുതപ്പെട്ടതിനെക്കാള്‍ മികച്ച ഒട്ടേറെ രചനകള്‍ മാതൃഭാഷയില്‍ ഉണ്ടായിട്ടുകൂടി ഇക്കൂട്ടര്‍ അതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നു.സംഗീതത്തെ ഇശലുകളെ പേരില്‍ ഒരു നാഥനില്ലാത്ത കളരിയാക്കുന്നത് വിഡ്ഡിത്തമാണെന്നും തിരിച്ചറിയണം.ഹിന്ദുസ്ഥാനി രാഗമുള്‍കൊണ്ട് ഉര്‍ദ്ദുവിലുളള അനേകം ഇസ്ലാമിക രചനകള്‍ മനുഷ്യ മനസുകളെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് കണ്ടറിയണം.ഇശലുകളുടെ വഴിയും നല്ല ഈണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുന്നില്ല.ആ മനോഹരങ്ങളെ സൂക്ഷിച്ചുവെക്കപെടേണ്ടത് തന്നെയാണ്.അത് മാത്രമാണ് മികച്ചതെന്നവാദം അംഗീകരിക്കപ്പെടുന്നത് ശരിയല്ല.

അമ്പതുകള്‍ക്ക് ശേഷമാണ് മാപ്പിളകലകള്‍ക്ക് ഒരു പുത്തനുണര്‍വ്വുണ്ടായത്.അതിന്റെ പ്രധാന കാരണം മികച്ച സംഗീതജ്ഞര്‍ ചെറിയതോതിലെങ്കിലും അവ രാഗങ്ങളില്‍ ലയിപ്പിച്ചെടുക്കുവാന്‍ പരിശ്രമിച്ചതുകൊണ്ടുമാത്രമാണ്.പലവിധമാലകളും മന:പാഠമാക്കുകയും,ഒരത്മീയനിര്‍വൃതിയോടുകൂടി അവ പാടി നടന്നിട്ടും അതൊരു ജനകീയകലയായി വളരാതെ പോയതും സംഗീതജ്ഞന്മാരുടെ കരസ്പര്‍ശങ്ങള്‍ ഏല്‍ക്കാതെ പോയതുകൊണ്ടാണ്.വാദ്യങ്ങള്‍ അനുവദനീയമാണോ എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുനുണ്ട്.പഴം തിന്നാം അതിന്റെ മണമാസ്വദിക്കാന്‍ പാടില്ല എന്ന ഒരു ശാഠ്യം വേണോ? വാദ്യങ്ങളോടൊപ്പമാണ് കാലം സഞ്ചരിക്കുന്നത്.

രണ്ടു കൈകളുണ്ടായിട്ടുതന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നു.രണ്ടു കൈകള്‍കൂടി ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയാല്‍ നമ്മുക്ക് ചെവികള്‍ പൊത്തി വാദ്യത്തെ തടയാം മറ്റു മാര്‍ഗ്ഗമില്ല.കലയുടെ പേരില്‍ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു പ്രവണത വളര്‍ന്നു വരുന്ന വേവലാതിയും ഇന്നുണ്ട്.കിട്ടേണ്ടത് കിട്ടിയാല്‍ അവ വഴിമാറിക്കോളും.കാലത്തിനു മായ്ച്ചു കളയാന്‍ പറ്റാത്ത സൂരോദയങ്ങള്‍ ഇനിയും വരാനുണ്ട്.കൂടുതലായി മാതൃഭാഷകള്‍ ഉള്‍ക്കൊണ്ട രചനകളെ സംരക്ഷിക്കപ്പെടാനുള്ള ഒരു ശ്രമം എല്ലാഭാഗത്തുനിന്നുണ്ടാവുകയും അവ അക്കാഡമിക്ക് തലത്തിലേക്കുനയിക്കപ്പെടാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍
മാഗസിനിലും വായിക്കാം



9 comments:

ചിരാത്‌ said...

"മാപ്പിളകലയും ശരീഅത്തും"എന്ന എന്റെ ഈ പുതിയ ലേഖനം പാഥേയം എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

ബിനോയ്//HariNav said...

കലകള്‍ക്ക് ജാതിമതവ്യത്യാസമില്ല. നിര്‍മ്മലമായ സംഗീതം പതിക്കുന്നത് പച്ചയായ മനുഷ്യന്റെ കര്‍ണ്ണപടങ്ങളിലാണ്. ശ്രവണതന്ത്രികളുടെ കമ്പനത്തിന് ഹിന്ദുവിനും മുസല്‍മാനും അവൃത്തിവ്യത്യാസമില്ല. കലാകാരനെന്നും ആസ്വാദകനെന്നും രാമനെന്നും മുഹമ്മദെന്നും വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ധാരയിലൊഴുകുന്ന ആ തലത്തെയാണ് യാഥാസ്ഥിതികരായ മതപുരോഹിതര്‍ ഭയപ്പെടുന്നത്. ദൈവത്തിന്റെ മക്കള്‍ക്കും ഇബലീസിന്റെ സന്തതികള്‍ക്കും കലയുടെയോ മറ്റെന്തിന്റെയോ പേരിലായലും ഒരു common platform ഉണ്ടാകുന്നതാണ് ഇക്കൂട്ടര്‍ക്കു പൊരുത്തപ്പെടാനാകാത്തത് . കലയിലൂടെ അനുയായികള്‍ക്കു വെളിപ്പെട്ടുകിട്ടിയേക്കാവുന്ന സത്യങ്ങള്‍ അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സത്യാന്വേഷണങ്ങളിലേക്കു നയിച്ചാല്‍ ഉത്തരം മുട്ടുന്നത് തങ്ങള്‍ക്കാകുമെന്ന ബോദ്ധ്യം മതപ്രമാണിമര്‍ക്കുണ്ട്.
താങ്കളുടെ ലേഖനം ഉജ്വലം. ലളിതമായ ഭാഷയില്‍ വളച്ചുകെട്ടില്ലാത്ത അവതരണം. ആശംസകള്‍.

ബിനോയ്//HariNav said...

track

Anonymous said...

താങ്കള്‍ എഴുതിയ "വിഡ്ഡിത്വം അല്ലെങ്കില്‍ അഞ്ജതയുടെ വെളിപാട്‌ ആയ ലേഖനത്തിന്‌ ഒരു മറുകുറിപ്പാണിത്‌.

മനുഷ്യ ജീവിതത്തെ സ്വാദീനിക്കാന്‍ കഴിവുള്ള കാര്യം തന്നെയാണ്‌ കലയും ശാസ്ത്രവും അംഗീകരിക്കുന്നു.

സൂറ: അദ്ദാരിയാത്‌ സൂക്തം 56: "മനുഷ്യനെയും ജിന്നുകളെയും നമ്മെ ആരാധിക്കാനല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല".

ഒരു മനുഷ്യന്റെ ജന്മ ദൗത്യം അല്ലാഹുവിനെ ആരാധിക്കാനാണ്‌. അതിനനുഗുണമായ രീതിയില്‍ അവന്റെ ജീവിതം ക്രമപ്പെടുത്താനുള്ള നിയമസംഹിതയാണ്‌ ഇസ്ലാമിക ശരീഅത്ത്‌.

അറിവും ശാസ്ത്രവും നൂറ്റാണ്ടുകളോളം ഇസ്ലാമിന്റെ നേതൃത്വത്തിലായിരുന്നു.ഉന്നു. ഇബ്നുസീനയും, അണ്‍ ബറൂണിയും, ജാബിറുബ്‌നു ഹയ്യാനെയും പോലുമുള്ള അനേകം ശാസ്ത്രഞ്ജന്‍. സ്പെയിനെന്ന ഇടനാഴിലൂടെ ഇരുളില്‍ കിടന്നിരുന്ന യൂറോപ്പിലേക്ക്‌ ഇസ്ലാമിക ലോകത്ത്‌ നിന്ന്‌ ഒഴുകിയെത്തിയതാണ്‌ ഇന്നു ശാസ്ത്രീയ വിവരങ്ങളുടെ അടിത്തറ എന്നത്‌ വിസ്മരിക്കുക സാധ്യമല്ലല്ലോ.

ഹസ്സനുബ്‌നു സാബിത്തിനെയും റസൂലിന്‌ ആ കവിയോടുണ്ടായിരുന്ന സമീപനത്തെയും അറിയുന്ന ആരും ഇസ്ലാം കലയെയും ശാസ്ത്രത്തെയും ഇബ്‌ലീസിന്റെ വഴിയായി മാറ്റി നിര്‍ത്തുന്നുവേന്ന്‌ പറയാന്‍ സാധ്യമല്ല.

മരം ചുറ്റി പാടലുക്കളുടെ അഭിനവ "ഖല്‍ബാണു ഫാതിമകളൂം" ആഭാസങ്ങളും ശാസ്ത്രമാണ്‌ ലോകത്തെ നിയന്ത്രിക്കുന്നതും അവസാനത്തെ ശരിയുമെന്ന ചിന്തക്ലും ഇബ്‌ലീസിന്റെ വഴി തന്നെയാണ്‌.

സൂറ: യാസീന്‍ സൂക്തം 60 : "അല്ലയോ ആദം സന്തതികളേ, നാം നിങ്ങളെ ഉപദേഴിച്ചിരുന്നില്ലേ, ചെകുത്താണ്‌ വഴിപ്പെട്ടു പോകരുതെന്ന്‌, നിശ്ചയമായും അവര്‍ നിങ്ങളുടെ ശത്രുവാണെന്ന്‌"

നിഷിദ്ധമെന്ന്‌ കലാപ്രവര്‍ത്തനത്തിലെ ആഭാസങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നവര്‍ നിരാശരല്ല. അവര്‍ക്ക്‌ അല്ലാഹുമായുള്ള അഭിമുഖത്തില്‍ തങ്ങളുടെ കടമ നിര്‍വഹിച്ചിരുന്നു എന്ന്‌ സമാധാനിക്കം"

വിദ്യാഭ്യാസം, തൊഴില്‍, കച്ചവടം, ജീവ കാരുണ്യ പ്രവര്‍ത്തനം, നീതിക്ക്‌ വേണ്ടിയുള്ള പോരട്ടം എന്നിവ പോലെയല്ല കലാപ്രവര്‍ത്തനം

"നിന്റെ നാഥന്റെ നാമത്തില്‍ വയിക്കുക എന്നു തുടങ്ങുന്ന ഖുറാനികാഹ്വാനത്തിന്റെ ആവിഷ്കാരമാണ്‌ അറിവു നേടുകയെന്നത്‌"."ചൈനയില്‍ പോയൈട്ടാണെങ്കിലും അറിവു നേടുകയെന്ന്‌" പ്രവാചകന്‍ പറഞ്ഞത്‌ അതിന്റെ ഗൗരവം അനുയായികള്‍ മനസ്സിലാക്കാനാണ്‌.

ഫദക്കിലെ തോട്ടത്തില്‍ ജോലിചെയ്തിരുന്ന പ്രവാചക മാതൃക ജോലി ചെയ്ത്‌ ഭക്ഷണം കഴിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു.

അന്നത്തേക്കു പോലും ബാക്കി വക്കാതെ ദാനം ചെയ്യുന്ന മാതൃക, ഒരു ജീവൻ രക്ഷിച്ചവര്‍ മനുഷ്യരാശിയെ മുഴുവന്‍ രക്ഷിച്ചപോലെയാണെന്ന വാക്ക്‌ ഇതെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള മാതൃകയാണ്‌.

കഷ്ടപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും മോചനത്തിനുള്ള സമരാഹ്വാനം ഖുറാന്‍ നടത്തുന്നത്‌ വായിച്ചു പോകാനല്ല. ഉമ്മത്തിനതൊരു ബാധ്യതയും കര്‍ത്തവ്യവുമാണ്‌.

എന്നാല്‍ കലാപ്രവര്‍ത്തനത്തെ ഈ കൂട്ടത്തില്‍പ്പെടുത്താനുള്ള താങ്കളുടെ വ്യഗ്രത വിവരക്കേടെന്നേ പറയാനുള്ളൂ.

വിവാഹമെന്ന കര്‍മ്മത്തിനും ഈദ്‌ എന്ന രണ്ടാഘോഷങ്ങള്‍ക്കും മാത്രമാണ്‌ പ്രവാചകന്‍ സംഗീതത്തെ ചെറിയ രീതിയിലെങ്കിലും പ്രോല്‍സാഹിപ്പിച്ചതായി കാണാന്‍ സാധിക്കുകയുള്ളൂ. അതു പോലെ ദാര്‍മ്മിക മൂല്യമുള്ള അല്ലഹുവിന്റെയും ദീനിന്റെയും അപദാനങ്ങള്‍ വാഴ്തുന്ന കവിതകളെയും.

1857-1891 ജീവിച്ച മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച്‌ കേള്‍ക്കാത്തതുകൊണ്ടായിരിക്കും 1950 ശേഷമാണ്‌ മാപ്പിളക്കലകള്‍ക്ക്‌ പുത്തനുണര്‍വുണ്ടായതെന്ന ബോധോദയം ഉണ്ടായത്‌.

അധാര്‍മ്മികത കൊടികുത്തി വാഴുന്നിടത്ത് 'തഖ്‌വ' യുള്ളജീവിതത്തിന്‌ മാല്യന്യങ്ങളില്‍ നിന്ന്‌ മാറി നടക്കുക അന്യവാര്യമാണ്‌.

അല്ലാഹുവിന്റെ പ്രവാചകന്‍ കാണിച്ചു തന്ന വിശുദ്ധിയുടെ, വിജയത്തിന്റെ, പാതയില്‍ ചരിക്കാനും വിജയവും സ്വര്‍ഗ്ഗവും ലഭിക്കുന്നവരില്‍ നാമോരുരത്തരെയുംപ്പേടുത്തുമാറാകട്ടെ.

ചിരാത്‌ said...

പ്രിയ നിയാസ്,എന്താണ് താങ്കള്‍ ഇവിടെ എഴുതിയിരിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല!കുറേ ഖുര്‍‌ആ:ന്‍ വചനങ്ങള്‍ എഴുതിവെച്ചാല്‍ എല്ലാം ആയി എന്നാണോ?ഞാന്‍ എഴിതിയത് ലോക മുസ്ലീം കലയെകുറിച്ചല്ല മറിച്ച് മാപ്പിളകലയെ കുറിച്ചാണ്.താങ്കളുറ്റെ മറുപടിയില്‍ നിന്ന് ഞാന്‍ മനസില്ലാക്കുന്നത്.എന്റെ ലേഖനം താങ്കള്‍ വായിച്ചിട്ടില്ല എന്നാണ്.

Anonymous said...

ഖുര്‍ആനിന്‍ ഭാഷ്യം എഴുതുന്ന താങ്കള്‍ക്ക്‌ കലാപ്രവര്‍ത്തനം പോലെ തന്നെയാണ്‌ തൊഴില്‍ കച്ചവടം ജീവകാരുണ്യപ്രവര്‍ത്തനം നീതിക്ക് വേണ്ടിയുളള പോരാട്ടം എന്ന്‌ പറയുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. ശരീഅത്തിനെ പരിഹസിച്ചെഴുതുന്നത്, എന്തിനാണെന്നു മനസ്സിലായില്ല. അതു കൊണ്ടാണ്‌ ഞാന്‍ അങിനെ ഒരു എഴുത്തിട്ടത്‌. പിന്നെ ഞാന്‍ എഴുതിയെതെന്താണെന്ന്‌ മന്സ്സിലാകാത്തത്‌. വെബ് ലോകം നിറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ചവറുകള്‍ പടക്കുന്ന താങ്കളുടെ അല്‍പത്തമായേ ഞാന്‍ കണക്കാക്കുന്നുള്ളൂ.

Anonymous said...

പ്രിയപ്പെട്ട സഗീര്‍ താങ്കളെ ഞാന്‍ ബഹുമാനിക്കുന്നു,, ഒരു ചിന്തകനായിട്ട്,, അതിലുപരി നല്ലൊരു കൂട്ടുകാരനായിട്ട്.. പക്ഷെ ആദ്യം പറഞ്ഞ പരിഗണന തെറ്റായിരുന്നോ എന്നു തോന്നിപ്പൊകാറുണ്ട്... സുഹ്ര്ത്തെ,,, എവിടെയാണ്, ഏത് വിഷയത്തിലാണ്, ഇസലാം അല്ലെങ്കില്‍ ഖുറാ‍ന്‍ ശാസ്ത്രത്തിനനുസരിച്ച് മാറ്റപ്പെട്ടത്??? താങ്കള്‍ ഖുറാന്‍ പരിഭാഷ ബ്ലോഗ് ആക്കി മാറ്റിയ മഹാനാണല്ലോ... അതൊന്നും വായിക്കാതെ, ചിന്തിക്കാതെയാണൊ കോപ്പി, പേസ്റ്റ് ചെയ്തത്??????/ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖുരാന്‍ പറഞ്ഞ സത്യങ്ങളല്ലെ 15 ആണ്ടുകള്‍ക്ക് ശേഷം ശാസ്ത്രം കണ്ടെത്തിയത്... തെളിവുകള്‍ എത്ര വേണമെങ്കിലും നിരത്താം,,, സമയക്കുറവ് അനുവദിക്കുന്നില്ല,,,, നബിയുടെ കാലത്തും സഹാബികളുടെ സദസ്സിലും കവികളും ചിന്തകരും സാഹിത്യകാരന്മാരും ഉണ്ടാ‍യിരുന്നുവെന്ന് ചരിത്രവും പ്രവാചക ചര്യയും പഠിക്കുന്ന ആര്‍ക്കും മനസ്സിലാകാം.. ഇസലാം കലയെ നിരുത്സാഹപ്പെടുത്തുന്നില്ല,, മറിച്ച്,, ബുദ്ധിയും വിവേകവും ഉള്ള ഏതൊരു മനുശ്യനും മനസ്സിലാക്കുന്ന തരത്തില്‍ ഇന്നിന്റെ അഴിഞ്ഞാട്ടത്തെ ഇസ്ലാമും പ്രേത്സാഹിപ്പിക്കുന്നില്ല എന്നു മാത്രം... ഇത്തരത്തിലാണെങ്കില്‍ , നാളെ ഈ സഗീരിന്റെ പാഥേയത്തിലെ മുഖക്കുറിപ്പ് പാര്‍വ്വതി ഓമനക്കുട്ടന്റെ പ്രശസ്തിയും സിനിമാറ്റിക് ഡാന്‍സിന്റെ ധാര്‍മികതയുമെല്ലാം ആയിപ്പോവും എന്നു ഭയപ്പെടുന്നു,,,, മൌനം വിദ്വാനു പൂഷണം , മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന മഹാ വാക്യങ്ങള്‍ മനസ്സിലാക്കി അറിയാത്തവ പഠിക്കാനും അല്പമെങ്കിലും ചിന്തിക്കാന്‍ കഴിവുണ്ടെങ്കില്‍ അതിനെ നല്ല രൂപത്തില്‍ ഉപയോഗപ്പെടുത്തുമെന്നും പ്രത്യാശിക്കുന്നു,,,, ശരീഅത്ത് - ഇതിനെ കുറിച്ചു കൂടുതല്‍ പഠിക്കുമല്ലോ... കുറെ എഴുതാന്‍ ഉണ്ട്,, സമയം കിട്ടുമ്പോള്‍ മെയിലാം.... പടച്ചവന്‍ താങ്കള്‍ക്ക് നല്ലബുദ്ധിയും സന്മാര്‍ഗ്ഗവും കാണിച്ചു തരട്ടെ എന്നു പ്രാര്‍ഥിക്കുന്നു

ചിരാത്‌ said...

റിയാസ്,എന്താ ഈ ലേഖനത്തില്‍ പ്രശ്നം!ഇതില്‍ ഞാന്‍ എവിടെയാണ് ഖുര്‍‌ആനെയും ശരീആത്തിനെയും ഇസ്ലാമിനേയും ഒക്കെ തള്ളിപറഞ്ഞത്?

Anonymous said...

hello sageer,
thannkal enthaanu udheshikkunnathum parayunnnathum ennu manasilaavunnillla padheyathil ningalude peril vanna lekhanam aaraanu ezhuthiyath???