Thursday, April 17, 2008

മലയാള സാഹിത്യത്തില്‍ എഴുത്തുകാരന്‍െറ ആദ്യ ആത്മഹത്യ നടന്നിട്ട്‌ 79 വര്‍ഷം (ഏപ്രില്‍ 18)




മലയാള സാഹിത്യത്തില്‍ എഴുത്തുകാരന്‍െറ ആദ്യ ആത്മഹത്യ നടന്നിട്ട്‌ 79 വര്‍ഷം (ഏപ്രില്‍ 18).

ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തിന്‌ ഏഴുവര്‍ഷം മുന്‍പ്‌, 28-ാം വയസ്സില്‍ നാടകക്കാരനും രാഷ്‌ട്രീയക്കാരനുമായ വിദ്വാന്‍ പി. കേളുനായര്‍ ആത്മഹത്യ ചെയ്‌തത്‌ എന്തിനാവണം?

മരണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നില്ല മനസ്സില്‍ എന്നെഴുതി മരണത്തിലേക്ക്‌ നടക്കാന്‍ മാത്രം വേദനയുടെ കാട്ടുഞെരിഞ്ഞില്‍ മുള്‍പ്പടര്‍പ്പുകള്‍ അദ്ദേഹത്തില്‍ പടര്‍ന്നിരുന്നുവോ? സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ വിധത്തില്‍ മേളിച്ചിരുന്ന കേളുനായരുടെ ജീവിതം/ആത്മഹത്യ പുതിയ കാലഘട്ടത്തോട്‌ എന്താണ്‌ സംവദിക്കുന്നത്‌?ഇ.പി. രാജഗോപാലന്‍മലയാളസാഹിത്യത്തിന്‌ എഴുത്തുകാരുടെ ആത്മഹത്യയുടെതായ ചരിത്രവും ഉണ്ട്‌.

ഇരുപതാം നൂറ്റാണ്ടില്‍ ഈ ചരിത്രം 1929 ഏപ്രില്‍ 18-ന്‍െറ രാത്രിയോടുകൂടി തുടങ്ങുന്നു. വിദ്വാന്‍ പി. കേളുനായരാണ്‌ ആത്മഹത്യ ചെയ്‌ത ആദ്യത്തെ ആധുനിക മലയാള സാഹിത്യകാരന്‍.

ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ദുരന്തത്തിനു (1936) മുമ്പ്‌ നാടകക്കാരനായ ഈ രാഷ്‌ട്രീയക്കാരന്‍ യവനികയ്‌ക്കപ്പുറത്തേക്കു പോയി. ഇരുപത്തെട്ടുവയസ്സ്‌ തികഞ്ഞിരുന്നില്ല. 1901 ജൂണ്‍ 27-നായിരുന്നു ജനനം. കേളുനായരുടെ ആത്മഹത്യ ഒരു കൃതിയായാണ്‌ ഇന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. സ്വന്തം സ്ഥലകാലങ്ങളെക്കുറിച്ച്‌, അവയിലെ വൈരുധ്യങ്ങളെക്കുറിച്ച്‌ ഏറെ പറയുന്ന അധ്യായമാണ്‌ ആ മരണം. സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ അളവില്‍ മേളിച്ചിരുന്ന മനസ്സായിരുന്നു കേളുനായരുടേത്‌. അതിനാല്‍ മരണവും പ്രമേയപരമായിത്തീരുന്നു-തന്‍െറ അവസാനത്തെ രചന.

ഇന്ത്യ എന്തെന്ന്‌ നേരിലറിയാന്‍ കഴിഞ്ഞ ആദ്യ മലയാള സാഹിത്യകാരന്മാരില്‍ കേളുനായരും ഉള്‍പ്പെടുന്നുണ്ട്‌. ഗ്രാമീണന്‍ എന്ന വാക്കിന്‍െറ ചെറിയ അര്‍ഥത്തെ അദ്ദേഹം മറികടന്നിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ശാസ്‌ത്രീയസംഗീതവും കഥകളി സംഗീതവും പഠിച്ച കുഞ്ഞിക്കേളു സ്വയമറിയാതെ വ്യത്യസ്‌തനാവുകയായിരുന്നു. 1906-ല്‍ തീവണ്ടി സ്വന്തം നാട്ടിലെത്തുന്നുണ്ട്‌. യാത്രയുടെ സൗകര്യത്തെ അറിവിന്‍െറ വളര്‍ച്ചയ്‌ക്കായി പ്രയോജനപ്പെടുത്തുന്ന കേളുനായര്‍ അന്ന്‌ കോഴിക്കോട്‌ പ്രവര്‍ത്തിച്ചിരുന്ന വൈദ്യരത്‌നം പി.എസ്‌. വാരിയരുടെ ആര്യവൈദ്യകലാലയത്തില്‍നിന്ന്‌ വൈദ്യം പഠിക്കുന്നുണ്ട്‌. പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി നീലകണ്‌ഠശര്‍മയുടെ ശിഷ്യത്വം നേടി സംസ്‌കൃത വിദ്വാനാകുന്നുണ്ട്‌.
കേളുനായര്‍ വടക്കേയിന്ത്യയില്‍ പട്ടാളക്കാരനായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും കബീര്‍ കഹാനിയും നേരിലറിയുന്നത്‌ ഇക്കാലത്താണ്‌. നാട്ടിലെത്തുന്ന കേളുനായരുടെ ദിവസങ്ങള്‍ യാത്രകള്‍ കൊണ്ട്‌ നിബിഡമായി. `ലങ്കാദഹനം' തൊട്ടുള്ള നാടകങ്ങളും അവയിലെ പരിഷ്‌കരണ പ്രമേയങ്ങളും രാഷ്‌ട്രീയേച്ഛകളും സാമൂഹികവിമര്‍ശനവുമെല്ലാം അന്യഥാ കര്‍മഭടനായ ഒരാള്‍ക്ക്‌ മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്നവയാണ്‌.

രാജ്യം സ്വാതന്ത്ര്യം നേടിയശേഷമേ ശമ്പളം പറ്റൂ എന്ന തെറ്റിക്കാത്ത തീര്‍പ്പോടെ വെള്ളിക്കോത്ത്‌ വിജ്ഞാനദായിനി ദേശീയവിദ്യാലയം തുടങ്ങുകയും അവിടെ പ്രധാനാധ്യാപകനാവുകയും ചെയ്യുന്നുണ്ട്‌, കേളുനായര്‍. നാടകാവതരണം, നാടകങ്ങള്‍ ചിട്ടപ്പെടുത്താനുള്ള യാത്രകള്‍, `ശക്തി' കയ്യെഴുത്തുമാസികാ പ്രവര്‍ത്തനം,

കോണ്‍ഗ്രസിന്‍െറ കാസര്‍കോഡ്‌ താലൂക്ക്‌ ഭാരവാഹിത്വം, പ്രസംഗയാത്രകള്‍, രോഗപരിചരണം, കവിതയെഴുത്ത്‌, വായന, സമ്മേളന സംഘാടനം, വായനശാലകളുടെ സ്ഥാപനം, ഗാനസദസ്സുകള്‍ എന്നിവയുടെയെല്ലാം തിരക്കില്‍ അദ്ദേഹം കുടുംബത്തെ മറന്നു എന്ന്‌ പതിവുചിട്ടയില്‍ എഴുതുന്നത്‌ മുഴുത്തെറ്റാണ്‌.

ജീവിതത്തിന്‍െറ കേന്ദ്രമാണ്‌ കുടുംബം എന്ന സ്വാര്‍ഥത നിറഞ്ഞ സങ്കല്‌പത്തെ അദ്ദേഹം നിരസിക്കുക മാത്രമായിരുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന പലയിടങ്ങളില്‍ ഒരിടമാണ്‌ കുടുംബം എന്നതായിരുന്നു ദൃഢമായ വിശ്വാസം. കുടുംബത്തെ മാറുന്ന സാമൂഹികാവസ്ഥയുടെ ഭാവത്തിനൊത്ത്‌ മാറ്റിയെഴുതാനുള്ള തിടുക്കം കേളുനായര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത്‌ പിന്തുണയ്‌ക്കപ്പെട്ട തിടുക്കമായിരുന്നില്ല. തുണയറ്റവനെ തുണയ്‌ക്കുന്ന പണത്തിന്‍െറ തുണയും തനിക്കുണ്ടായിരുന്നില്ല. ഫ്യൂഡല്‍ ജീവിതത്തിന്‍െറ പരിഷ്‌കൃതമായ തുടര്‍ച്ചയായി രാഷ്‌ട്രീയപ്രവര്‍ത്തനത്തെ കാണുന്ന സുരക്ഷിതമായ നിലപാടെടുത്തിരുന്ന സഹപ്രവര്‍ത്തകരും കേളുനായരുടെ കാര്യപരിപാടിയെ സമഗ്രതയില്‍ തിരിച്ചറിയാന്‍ കെല്‌പുള്ളവരായിരുന്നില്ല. ജാതീയതയുടെ കളം വിടുകയെന്നത്‌ അവര്‍ക്ക്‌ ഒട്ടും എളുപ്പമല്ലായിരുന്നു.

ഫലം: കടുത്ത ഏകാന്തത.
ഇത്‌ ശാരീരികാസ്വാസ്ഥ്യം പോലുമായി കേളുനായര്‍ അനുഭവിച്ചിരിക്കണം. ഇതില്‍നിന്നുള്ള മോചനമായി അദ്ദേഹം മരണത്തെ തിരഞ്ഞെടുത്തു. നാടകീയസൗന്ദര്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട നദിയൊഴുകുന്ന തിരശ്ശീലയുടെ, വിരിച്ചിട്ട ത്രിവര്‍ണക്കൊടിയുടെ, മാര്‍ക്കിട്ട്‌ ചിട്ടയാക്കിയ ഉത്തരക്കടലാസുകളുടെ, ചുമരില്‍ മിടിക്കുന്ന ഘടികാരത്തിന്‍െറ സാന്നിധ്യത്തില്‍ അവീന്‍ കഴിച്ചുള്ള ഉറക്കം-മരണം വഴി തന്‍െറ കാലത്തിന്‍െറ മൂര്‍ച്ചയുള്ള വൈരുധ്യങ്ങളെ വെളിപ്പെടുത്തുകയായിരുന്നു കേളുനായര്‍. അവയെ വിചാരണ ചെയ്യുകയും. ഇതാണ്‌ തന്‍െറ മരണാനന്തര ജീവിതം.

പുരാവൃത്താധിഷ്‌ഠിതമാണ്‌ ഒന്നൊഴിച്ചെല്ലാ കേളുനായര്‍ കൃതികളും. എങ്കിലും സ്വയമറിയാതെ സ്വജീവിതഘട്ടങ്ങള്‍ അവയില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ അദ്ദേഹം. അവയുടെ ഡീകോഡിങ്‌ ശീലിച്ചവരില്‍ ഡയറിക്കുറിപ്പുകള്‍ വലിയ വികാരമൊന്നും ഉണ്ടാക്കണമെന്നില്ല. അപ്പോഴും, തപിച്ച ഒരണിയറയിലേക്ക്‌ കടക്കുന്ന അനുഭവം ഈ കുറിപ്പുകള്‍ നല്‍കാതിരിക്കുകയുമില്ല. ഡയറിയെഴുതുന്ന ശീലം എന്നു മുതലാണ്‌ കേളുനായര്‍ തുടങ്ങിയതെന്ന്‌ തിട്ടമില്ല. പട്ടാമ്പിക്കാലം തൊട്ടേ തുടങ്ങിയിരിക്കാം. പക്ഷേ, അവസാനത്തെ ഇരുനൂറ്റിനാല്‌പതു ദിവസത്തെ കുറിപ്പുകളേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അനേകം കയ്യെഴുത്തുപ്രതികള്‍, മാസികകള്‍, ചിത്രക്കടലാസുകള്‍, മറ്റു കടലാസുകള്‍ എന്നിവയെല്ലാം ഒരിക്കലും തിരിച്ചുകിട്ടാത്ത തരത്തില്‍ ഇല്ലാതായിട്ടുണ്ട്‌. പഴയ ഡയറികളും തീപ്പെട്ടിരിക്കണം. ആത്മഹത്യയുണ്ടാക്കിയ അപമാനത്തില്‍ കേളുനായരോടുള്ള സേ്‌നഹാദരങ്ങള്‍ മങ്ങിയ കാലത്ത്‌ ഈ രേഖകളെല്ലാം പ്രേതക്കടലാസുകള്‍ക്കപ്പുറം എന്തെങ്കിലുമാണെന്നു കരുതാന്‍ കുടുംബത്തില്‍ ആളുണ്ടായിരുന്നില്ല.

ദേശീയപ്രസ്ഥാനത്തിനും കേളുനായര്‍ പെട്ടെന്നുതന്നെ വേണ്ടാത്തയാളായി-കേളുനായരുടെ അതേ തരംഗദൈര്‍ഘ്യത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അതിലുണ്ടായിരുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനം കേളുനായരെയെന്നല്ല ഗാന്ധിയെപ്പോലും ശരിയായി കണ്ടെത്തുന്നത്‌ ഏറെയേറെ വൈകിയാണല്ലോ. അശ്രദ്ധയുടെയും അവഗണനയുടെയും നീണ്ട ഒഴുക്കിലൂടെ എങ്ങനെയെല്ലാമോ സഞ്ചരിച്ചാണ്‌ ഈ കടലാസു തോണികള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്‌.

1928 ആഗസ്‌ത്‌ 18-നാണ്‌ കുറിപ്പുകള്‍ തുടങ്ങുന്നത്‌. ആ വര്‍ഷത്തെതന്നെ ഏറെ താളുകള്‍ നഷ്‌ടപ്പെട്ടുപോയി എന്നര്‍ഥം. 1929 ഏപ്രില്‍ 12-ന്‌ ഒറ്റവാക്യത്തില്‍ ഡയറി അവസാനിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ഒരാഴ്‌ചക്കാലം കേളുനായര്‍ എഴുതിയതെല്ലാം മനസ്സില്‍ മാത്രമായിരിക്കണം.

മരിക്കണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നും ഇല്ലാത്തയാളിന്‌ സ്വന്തം പേനയും കടലാസും പോലും കനത്ത ഭാരമായി തോന്നിയിരിക്കാം. ഇനിയെന്തെഴുതാന്‍ എന്നാവണം അപ്പോഴത്തെ വിചാരം.

യാത്രകളുടെ തെളിവുകള്‍, കാലാവസ്ഥാ കാര്യങ്ങള്‍, നിത്യകര്‍മങ്ങള്‍, പണക്കണക്ക്‌, മനസ്സ്‌ തുറക്കല്‍... ഏറ്റവും ആഴമേറിയ സ്വത്വസ്ഥലത്തെ ആവിഷ്‌കരിക്കുന്നവയാണ്‌ ഈ കുറിപ്പുകളും. താന്‍ ഏറ്റവും ആത്മാര്‍ഥമായി എഴുതിയ വരികള്‍ ഈ സ്വകാര്യക്കുറിപ്പുകളാണ്‌.

തന്‍െറ വിശിഷ്‌ട മിത്രമായി ഡയറിയെ കേളുനായര്‍ കണ്ടിരിക്കണം (ആന്‍ ഫ്രാങ്ക്‌ `കിറ്റി' എന്നൊരു പേരുപോലും കൊടുത്തായിരുന്നു സ്വന്തം ഡയറി പരിപാലിച്ചിരുന്നത്‌) സുഹൃത്തുക്കളിലും ബന്ധുക്കളിലും തന്നെ ശരിയായി ഉള്‍ക്കൊള്ളുന്ന കേള്‍വിക്കാര്‍ ഇല്ല എന്ന്‌ കേളുനായര്‍ കരുതിയിരുന്നു.

അതിനാലാണ്‌ ഡയറി യഥാര്‍ഥ സൗഹൃദത്തിന്‍െറ സാമഗ്രിയായിത്തീര്‍ന്നത്‌. അതൊരു സ്വകാര്യസ്ഥല (personal space) മായിരുന്നു-സ്വന്തം ഉടമസ്ഥതയിലുള്ള ഒരേയൊരു സ്ഥലം. കണ്ടെത്തപ്പെട്ട ഡയറികളില്‍ ഏറ്റവും പ്രാചീനം ജപ്പാനിലെ സ്‌ത്രീകളുടേതാണ്‌. തലയണപ്പുസ്‌തകം (Pillow Books) എന്നാണവയെ ഡയറി പഠനങ്ങളില്‍ വിളിക്കാറ്‌. അത്രയും അടുപ്പമുള്ള ഒന്നാണ്‌ ഡയറി- എഴുതിക്കഴിഞ്ഞയുടന്‍ തലയണക്കടിയില്‍ ഒളിപ്പിച്ചുവെക്കുന്ന ആത്മരേഖ. പൊതുധാരണയനുസരിച്ച്‌, തങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌ ഡയറിസ്റ്റുകള്‍ എഴുതുന്നത്‌. ഡയറികളുടെ ഭാവിയിലെ വായനക്കാരും തങ്ങള്‍തന്നെ എന്ന്‌ അവര്‍ കരുതുന്നുണ്ട്‌. പഴയകാലം ഓര്‍ത്തെടുക്കാനും ഓര്‍മകള്‍ വികസിപ്പിക്കാനുമായി പില്‍ക്കാലത്ത്‌ വായിക്കാനുള്ള കുറിപ്പുകളായി ഡയറിയെ കാണുന്നവര്‍ ഉണ്ട്‌. എന്നാല്‍ വളരെക്കുറച്ചുപേര്‍ക്കേ പില്‍ക്കാലത്ത്‌ സ്വന്തം ഡയറി വായിക്കാനിടവരാറുള്ളൂ എന്നതാണ്‌ നേര്‌. സ്വന്തം വായനയ്‌ക്കായി സ്വയം എഴുതുന്ന സ്വന്തം ദൈനംദിന ജീവിതരേഖ എന്ന മൗലിക നിര്‍വചനത്തില്‍ നിന്ന്‌ ഡയറി പുതിയകാലത്ത്‌ വിട്ടുമാറിയിട്ടുണ്ട്‌.

ഡയറികളുടെ പ്രസിദ്ധീകരണവും അവ നേടുന്ന പൊതുശ്രദ്ധയും അവയ്‌ക്കുണ്ടാവുന്ന വിമര്‍ശനപഠനങ്ങളും അവയെ അവലംബിച്ചുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുമെല്ലാം ഡയറിസ്റ്റുകളെ അബോധതലത്തില്‍ സന്ധിക്കുന്നുണ്ട്‌. മറ്റുള്ളവരും വായിക്കും തങ്ങളെഴുതുന്നത്‌ എന്ന സാധ്യതയെ മുഴുവനായും വിസ്‌മരിച്ചുകൊണ്ടല്ല ഇന്നാരും എഴുതുന്നത്‌. ഡയറിയുടെ ഒന്നാം വായനക്കാരന്‍ മാത്രമാണ്‌ എഴുതുന്നയാള്‍- പിന്നീടത്‌ കൈയെഴുത്തു രൂപത്തില്‍ത്തന്നെ ചെറിയൊരു വൃത്തത്തിലെ വായനവസ്‌തുവാകും- ചില ഡയറികളെങ്കിലും പ്രസിദ്ധീകരണം വഴി കമ്പോളത്തില്‍, പൊതുസമൂഹത്തില്‍ എത്തുന്നുമുണ്ട്‌. എല്ലാ ഡയറികളും പ്രസിദ്ധീകരിക്കാറില്ലെങ്കിലും ഏത്‌ ഡയറിയും ഏതെങ്കിലും കാലത്ത്‌ പ്രസിദ്ധീകരിച്ചുകൂടാ എന്നില്ല. കേളു നായരുടെ ഡയറിപോലെ വളരെക്കാലം കഴിഞ്ഞാവാം എഴുതിക്കഴിഞ്ഞ്‌ ഏതാണ്ട്‌ എട്ടുപതിറ്റാണ്ടുകള്‍ കഴിഞ്ഞാവാം, ഒന്ന്‌ പ്രസിദ്ധീകരിക്കപ്പെടുന്നത്‌.

ഏത് നിലയിലും പരസ്യമാകല്‍ എന്ന സാധ്യത ആധുനികതയില്‍ ഡയറിയെഴുത്തിന്‍െറ ആഖ്യാനതന്ത്രങ്ങളെ വലിയൊരളവില്‍ സ്വാധീനിക്കുന്നുണ്ട്‌.
അതിനാല്‍ സുഘടിതമല്ലാത്ത ആത്മകഥയായാണ്‌ ഡയറിയെ കാണേണ്ടത്‌. അതിനും തനതായ പാഠത്വം (Textuality) ഉണ്ട്‌.

ഒരുദിവസത്തെ അനുഭവങ്ങളെ മാറിനിന്നു കാണാനുള്ള കാലതാമസം കൂടാതെ, `ചൂടോടെ' എഴുതിവെക്കുകയാണ്‌ ഡയറിസ്റ്റ്‌ ചെയ്യുന്നത്‌. അത്‌ `അന്ന്‌' സാഹിത്യമല്ല- അതിന്‍െറ സാഹിതീയത തുടര്‍ന്നു വന്നുചേരുന്ന ഗുണമാണ്‌. അതിന്‌ പ്രത്യക്ഷത്തില്‍ നിര്‍ദിഷ്‌ട വായനക്കാരന്‍ (Implied reader) ഇല്ല. സ്വാതന്ത്ര്യത്തിന്‍െറ ആധിക്യം എന്ന പ്രതീതിയിലാണ്‌, കുളിമുറിയിലെന്നപോലെ, ഡയറി എഴുതപ്പെടുന്നത്‌. സമ്പ്രദായം, പാരമ്പര്യം, ചിട്ട, ആചാരം, വിലക്ക്‌ എന്നിവയെല്ലാം (എല്ലാം ഒന്നുതന്നെ) മറികടക്കാനുള്ള പ്രേരണ ആത്മാഭിമാനമുള്ള ഡയറിസ്റ്റിന്‌ സഹജമായുണ്ട്‌. കേളു നായരുടെ ഡയറി ഇങ്ങനെയൊരാളെയാണ്‌ ഹാജരാക്കുന്നത്‌.

സ്വന്തം ലൈംഗികജീവിതത്തെപ്പറ്റിപ്പോലും അതില്‍ എഴുത്തുകള്‍ ഉണ്ട്‌. ഇരുപത്തെട്ടാം വയസ്സില്‍ എഴുതുന്ന ഡയറിയാണെങ്കിലും വിശ്രമജീവിതത്തിന്‍െറയും വിരാമപ്രാപ്‌തിയുടെയും ഭാവം (Mood) ഈ കുറിപ്പുകളില്‍ കലര്‍ന്നിരിക്കുന്നു. പുതിയ നാടകമെഴുത്തില്ല, ഒറ്റയ്‌ക്കുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നുമില്ല, ചെയ്‌തുപോന്ന ചില കാര്യങ്ങള്‍ തുടര്‍ന്നു ചെയ്യുന്നു എന്നേയുള്ളൂ. ഇത്‌ ഒരുനിലയില്‍ വടക്കേവടക്കന്‍ കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍െറ 1928-29 കാലത്തെ വേഗനിരക്കിന്‍െറ സൂചകംതന്നെയാവാം. പക്ഷേ, സമകാലിക വായനയില്‍ ഇത്‌ മുകളില്‍പ്പറഞ്ഞ ഭാവം നേടുകയാണ്‌. `ഉറങ്ങി' എന്നെഴുതി ഒപ്പിടുന്നതാണ്‌ പൊതുരീതി. അതിനാല്‍ പിറ്റേന്നാണ്‌ എഴുതുന്നത്‌ എന്നു വിചാരിക്കാം.

ഡയറി, രഹസ്യത്തിന്‍െറ പര്യായമായതിനാല്‍ വസ്‌തുതകളുടെ രഹസ്യം/പരസ്യം എന്ന യുഗ്‌മത്തെ ഇവിടെ കണക്കിലെടുക്കുന്നില്ല. ചിലേടത്ത്‌ എഴുത്ത്‌ ഇംഗ്ലീഷിലേക്ക്‌ വന്നിരിക്കുന്നു. ഇതിലെ വ്യാകരണശുദ്ധിയല്ല, വികാരപരമായ സത്യസന്ധതയാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. മലയാളത്തില്‍ എഴുതിയാല്‍ ശക്തിചോര്‍ന്നുപോകുമെന്ന്‌ തോന്നിപ്പിക്കുന്നവയാണ്‌ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്‌ ഒരു ദിവസത്തിന്‍െറ കുറിപ്പിന്‍െറ ഒടുക്കമാണ്‌ `സ്വന്തം' കാര്യങ്ങള്‍ വരിക. `സ്വന്തം' കാര്യമെന്നാല്‍ ക്ലേശത്തിന്‍െറയും പീഡയുടെയും സഹനത്തിന്‍െറയും ഉള്‍ക്ഷോഭത്തിന്‍െറയും കാര്യമായിരിക്കും. ആത്മവിശ്വാസം പകരുന്നവയോ ആശ്വസിപ്പിക്കുന്നവയോ അല്ല ഒടുക്കത്തെയെഴുത്തുകള്‍.

നാട്ടിലെ കാര്യങ്ങളിലുള്ള നിര്‍മാണാത്മകമായ പങ്കാളിത്തത്തെക്കുറിച്ച്‌ എഴുതിയെഴുതി `സ്വന്തം' കാര്യത്തിലെത്തുമ്പോള്‍ ഒരുതരം നിസ്സഹായതയുടെ സ്വരം കലരുന്നതായി അറിയാനാകും. ഈ ഭാവം അടിഞ്ഞടിഞ്ഞാണ്‌ ഈ കലാകാരനില്‍ ആത്മഹത്യ എന്ന പ്രമേയം രൂപപ്പെടുന്നത്‌. കുടുംബത്തിന്‍െറ പ്രത്യയശാസ്‌ത്രത്തില്‍ മാറ്റംവരുത്താന്‍ കഴിയുന്നില്ലല്ലോ എന്നതാണ്‌ നിസ്സഹായതാഭാവത്തിന്‍െറ പൊരുള്‍. സ്വന്തം വരുമാനം ഇല്ലാത്തതുകൊണ്ട്‌ സ്വന്തം തീരുമാനങ്ങളുടെ സാമ്പത്തിക ശാസ്‌ത്രത്തെക്കുറിച്ച്‌ തനിക്കുണ്ടാവുന്ന പിടികിട്ടായ്‌മ കേളു നായര്‍ രേഖപ്പെടുത്തുന്നുണ്ട്‌. കടം വാങ്ങി കടം തീര്‍ക്കല്‍, ചെറിയ സഹായങ്ങള്‍ സ്വീകരിക്കല്‍ തുടങ്ങിയ സ്ഥിരസ്വഭാവമില്ലാത്ത മാര്‍ഗങ്ങള്‍കൊണ്ട്‌ ഒപ്പിച്ചു മാറുന്ന സാമ്പത്തിക നിര്‍വഹണമാണ്‌ നാമീ കുറിപ്പുകളില്‍ ശ്രദ്ധിക്കുന്നത്‌. `പണക്കാര്‍ സഹായിക്കണം' എന്ന തത്ത്വം ഒരിടത്ത്‌ തത്ത്വമായിത്തന്നെ എഴുതിവെച്ചിരിക്കുന്നു. അത്‌ പണക്കാരെ പണാഭിമാനത്തില്‍ നിന്ന്‌ മോചിപ്പിക്കുമെന്ന വിവക്ഷയുമുണ്ട്‌.

ഗാന്ധിജിയുടെ ട്രസ്റ്റ്‌ഷിപ്പ്‌ ഭാവനയോട്‌ ഒത്തുപോകുന്ന ഈ തത്ത്വത്തില്‍, പണമുണ്ടായതിന്‍െറയും അത്‌ വര്‍ധിപ്പിക്കുന്നതിന്‍െറയും പ്രത്യയശാസ്‌ത്രം പരിഗണിക്കപ്പെടുന്നില്ല. അതിനാല്‍ ഫലത്തില്‍ തത്ത്വം ഉട്ടോപ്യനായിത്തീരുന്നു. ആദര്‍ശവാദത്തിലെ സംഘര്‍ഷഹേതുവാണിത്‌. ഇതിന്‍െറ അനേകം സാക്ഷ്യങ്ങള്‍ നല്‍കാന്‍ ഡയറിക്കുറിപ്പുകള്‍ക്കാവുന്നുണ്ട്‌. ഗാന്ധിജിയുടെ പിറന്നാളാഘോഷം കഴിഞ്ഞ്‌, 1928 ഒക്ടോബര്‍ രണ്ടിന്‍െറ ഡയറിത്താളില്‍ ``ഇന്ന്‌ വളരെ കൃതാര്‍ഥതയുണ്ടായിരുന്നു'' എന്നെഴുതിയിരുന്നു. ഇത്തരം എഴുത്തുകള്‍ക്കു പിന്നിലെ കര്‍മാവേശത്തെയും ആദര്‍ശശുദ്ധിയെയും മാനിക്കാത്ത സമൂഹമാണ്‌ കേളു നായരെ ബലികൊടുത്തത്‌.

മാറിയ രൂപത്തില്‍ ഈ സമൂഹം തുടരുന്നുണ്ട്‌- അതുകൊണ്ടാണ്‌ ഈ കുറിപ്പുകള്‍ ഇന്നും പ്രസക്തമായിരിക്കുന്നത്‌. യഥാര്‍ഥമായൊരു സംഘര്‍ഷത്തിന്‍െറ പ്രമാണമായതിനാലാണ്‌ ഈ കുറിപ്പുകള്‍ വായനയിലെ ആകര്‍ഷണമാകുന്നതും. യാത്രയാണ്‌ ഇതില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു ഇനം. ഇന്നത്തെ വായനയില്‍ രൂപകസ്ഥാനം തന്നെ നേടുന്നുണ്ട്‌ യാത്ര. ചെറിയ യാത്രകള്‍വരെ അടയാളപ്പെട്ടിട്ടുണ്ട്‌. മദ്രാസ്‌ വഴി കല്‍ക്കത്തയിലേക്കും തിരിച്ചുമുള്ളതാണ്‌ നീണ്ട യാത്ര. ചില യാത്രകളുടെ ഉദ്ദേശ്യം സ്‌പഷ്‌ടമല്ല- പതിവ്‌ എന്ന നിലയിലാണ്‌ എഴുതിയിരിക്കുന്നത്‌. യാത്രാപ്പെരുപ്പം ആ ജീവിതത്തിന്‍െറ വിനിമയാവേശത്തെയും ചടുലതയെയും നേരിട്ട്‌ ബോധ്യപ്പെടുത്തുന്നുണ്ട്‌. ഭക്ഷണത്തിന്‍െറ പരാമര്‍ശങ്ങള്‍ ഇല്ലാത്ത പുറങ്ങളും കുറവാണ്‌. ഒരു ദിവസത്തെതന്നെ പല തീറ്റകളെപ്പറ്റി എഴുതാറുണ്ട്‌. ഭക്ഷണത്തിന്‍െറ ലൗകികതയിലുള്ള സാധാരണക്കാരന്‍െറ താല്‍പര്യമാണ്‌ ഇവിടെ വരുന്നത്‌. ഭക്ഷണചരിത്രവും രേഖപ്പെടുത്തണം എന്ന ശ്രദ്ധയാണിത്‌. പുതിയ അനുഭവങ്ങളോടുള്ള ആധുനികന്‍െറ ഇഷ്‌ടം പുതിയ ഭക്ഷ്യവസ്‌തുക്കളോടുള്ള ഇഷ്‌ടമായും വരുന്നു. സബര്‍ജില്ലി പഴം തിന്ന കാര്യം ഒരിടത്തുണ്ട്‌.

എന്നാലിത്‌ ഫ്യൂഡല്‍ ആഘോഷത്തിന്‍െറ മട്ടിലല്ല. മൂത്തവെള്ളം, കുളുത്തത്‌ (പഴങ്കഞ്ഞി) കുടിച്ചുകൊണ്ടാണ്‌ പല ദിവസങ്ങളും തുടങ്ങുന്നത്‌- ഇത്‌ മറച്ചുവെക്കുന്നില്ല. ഇത്‌ അമാന്യമായ ആഹാരമായി ആരും അക്കാലത്ത്‌ കണ്ടിരുന്നില്ല എന്നുമോര്‍ക്കാം. സസ്യാഹാരിയായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ആ തിരഞ്ഞെടുപ്പിനെ മഹത്ത്വവത്‌കരിക്കുന്ന നിലപാടുകളൊന്നും എഴുത്തുകളില്ല എന്നത്‌ ശ്രദ്ധേയമാണ്‌. യാത്രയും ഭക്ഷണവും കേളു നായരുടെ കാര്യത്തില്‍ സുഹൃദ്‌സമാഗമത്തിന്‍െറ പശ്ചാത്തലത്തിലാണ്‌ പഠിക്കപ്പെടേണ്ടത്‌. ഒരു ദിവസം രാവിലെ അഞ്ചരയ്‌ക്ക്‌ വിശേഷിച്ചൊരു കാര്യവുമില്ലാതെ സുഹൃത്തായ ഗുരുക്കളുടെ വീട്ടില്‍ പോയത്‌ രേഖപ്പെടുത്തിയിരിക്കുന്നു. ദാമോദരഭക്ത (ബി.ഡി.) എന്ന സഹപ്രവര്‍ത്തകനാണ്‌ ഡയറിക്കാലത്ത്‌ കേളു നായരെ നന്നേ സഹായിക്കുന്നയാള്‍. എ.സി. കണ്ണന്‍ നായര്‍, കെ.ടി. കുഞ്ഞി രാമന്‍ നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍ (പില്‍ക്കാല കെ.എ. കേരളീയന്‍), പി. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം വരുന്നുണ്ട്‌. എന്നാല്‍ ഇവരുടെയൊക്കെ സാന്നിധ്യം കേളുനായര്‍ക്ക്‌ അത്ര പ്രചോദനമായിത്തീര്‍ന്നതായി തോന്നുകയില്ല. സംഭാഷണ വിഷയങ്ങള്‍ ഏതെല്ലാമെന്ന്‌ മിക്കയിടത്തും സൂചിപ്പിക്കാതിരിക്കുന്നത്‌ ഇതിനാലാണ്‌.

ചെറുസന്ദര്‍ശനത്തിന്‌ വരുന്ന അതിഥികളായ സുഹൃത്തുക്കളുമായുള്ള വിഷയാധിഷ്‌ഠിത സംഭാഷണമാണ്‌ കേളു നായരെ കുറച്ചെങ്കിലും ആവേശം കൊള്ളിക്കുന്നത്‌. സൗഹൃദങ്ങളെ ഏറെ മാനിച്ചിരുന്ന അവരുടെ ജാത്യേതരഭാവത്തെ പ്രധാനമായി കണ്ടിരുന്ന (മണ്ണാന്‍, മലയന്‍ തുടങ്ങിയ ദലിത വിഭാഗങ്ങള്‍ളില്‍പ്പെടുന്നവരുമായുള്ള ചേര്‍ച്ചയുടെ പുറങ്ങള്‍ ഉണ്ട്‌). കേളു നായര്‍ ശാസിക്കേണ്ട വേളയില്‍ ശാസിക്കുന്നതും സൗഹൃദത്തിന്‍െറ ഭാഗമാണെന്ന വിശ്വാസക്കാരനായിരുന്നു. തന്‍െറ ഇഷ്‌ടനായ ദാമോദര ഭക്തനോടുതന്നെ കയര്‍ത്തതിന്‍െറയും അതില്‍ കുറ്റബോധമൊന്നും ഇല്ലാതിരിക്കുന്നതിന്‍െറയും ഓര്‍മ ഇവിടെ ഉണ്ട്‌. സൗഹൃദം എന്ന സ്ഥാപനത്തെ ജനാധിപത്യ കാലത്തിന്‌ അനുഗുണമായി എങ്ങനെ മാറ്റിയെഴുതാം എന്ന പരീക്ഷണമാണ്‌ കേളു നായര്‍ നടത്തിയിരുന്നത്‌. അപ്പോഴും സൗഹൃദം ഒരാളുടെ സാമൂഹിക നിര്‍ണയത്തിന്‍െറ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണെന്ന്‌ കാണാന്‍ കേളു നായര്‍ക്കാവുന്നില്ല.
സൗഹൃദങ്ങള്‍ക്കപ്പുറത്തെ ഏകാന്തതയുടെ അനുഭവം ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ തെല്ല്‌ വാചാലമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

സ്‌കൂളാണ്‌ മറ്റൊരു വിഷയം. അതിലുള്ള തുടര്‍ച്ചയായ ശ്രദ്ധ സവിശേഷമോ നാടകീയമോ അല്ല. പ്രകൃതത്തിന്‍െറ ഭാഗമായിത്തീര്‍ന്നതാണ്‌ സ്‌കൂള്‍. സ്‌കൂളിന്‍െറ ശൈലി എന്തായിരുന്നുവെന്ന്‌, അത്‌ എത്രമാത്രം സര്‍ഗാത്മകവും ജൈവവുമായിരുന്നുവെന്ന്‌ സ്‌കൂള്‍ പരാമര്‍ശങ്ങള്‍ ഒന്നിച്ചുവെച്ച്‌ നോക്കിയാലറിയാം. ഒരു നാട്ടുകാരന്‍െറ വീടിന്‌ തീപിടിച്ചപ്പോള്‍ ഓടിയെത്തി തീകെടുത്തുന്ന അധ്യാപകരെയും കുട്ടികളെയും ഡയറിക്കുറിപ്പ്‌ അഭിനന്ദിക്കുന്നുണ്ട്‌. സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ സഹാധ്യാപകരുടെ കാര്യമൊന്നും എടുത്തുപറയുന്നില്ല എന്നത്‌ ശ്രദ്ധാര്‍ഹണ്‌. സ്‌കൂള്‍ പ്രവര്‍ത്തനത്തിലും ദര്‍ശനപരമായ ഏകാന്തത കേളു നായര്‍ അനുഭവിച്ചിരുന്നുവോ? പ്രതിരോധാത്മകവും പരീക്ഷണാത്മകവുമായ പാഠ്യപദ്ധതിയായിരുന്നു വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിലേത്‌. ഭാര്യയുടെ അനുജന്‍ കരുണാകരന്‍ സ്‌കൂള്‍ വിട്ട കാര്യമെഴുതിയ പുറത്തില്‍ ഈ വ്യതിരിക്തതയുടെ കണക്കെടുപ്പ്‌ കൃത്യമായി ഉണ്ട്‌.

സ്‌കൂള്‍ പോലെത്തന്നെ ഒരു സ്ഥാപനമായാണ്‌ `ശക്തി' മാസികയെയും കണ്ടിരുന്നത്‌. അതിന്‍െറ പ്രസാധനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിറയെ കാണാം.

സ്‌കൂളിനേക്കാളും സര്‍ഗാത്മകത പ്രകടിപ്പിക്കാവുന്ന തുറയായി മാസികാ പ്രസാധനത്തെ കേളു നായര്‍ കണ്ടിരുന്നു. അച്ചടിയിലേക്ക്‌ കയറ്റം നേടുന്ന മാസിക ഡയറിക്കുറിപ്പുകളില്‍ പടിപടിയായി വളരുന്ന പ്രമേയമാണ്‌. നാടകത്തെക്കുറിച്ചുള്ള സൂചകങ്ങളുംകുറേയുണ്ടെങ്കിലും അവതരണത്തിന്‍െറ വിശദാംശങ്ങള്‍ കുറവാണ്‌. ഒരവതരണം (കൊങ്കിണി ഹാളിലേത്‌) വിശദമായി എഴുതിയിരിക്കുന്നു. നാടകം കളിക്കുന്നതിലെ താത്‌പര്യം ആളുകള്‍ക്ക്‌ കുറയുന്നു എന്നു പറഞ്ഞുകൊണ്ട്‌ അതിന്‍െറ പലപല കാരണങ്ങള്‍ കണ്ടെത്തുന്ന ഭാഗങ്ങള്‍ അത്യന്തം സൂക്ഷ്‌മവും വികാരപരവുമാണ്‌. നാടകംകൊണ്ടുള്ള വരുമാനത്തിന്‍െറ കാര്യം പറഞ്ഞാണ്‌ ഒരവതരണത്തെക്കുറിച്ചുള്ള കുറിപ്പിന്‌ അറുതിയാവുക.
``42-0-0ഉം ചില്ലറയും ഉണ്ടായിരുന്നുവെന്നറിഞ്ഞു.'' ``145 ഉറുപ്പികയോളം റൊക്കം പിരിഞ്ഞതിനു പുറമെ സര്‍വ്വെക്കാര്‍ക്ക്‌ ടിക്കറ്റു കൊടുത്ത വകയും കൂടി ആകെ 168 ക. യുണ്ടെന്ന്‌ പിന്നീടറിഞ്ഞു'', ``28 ഉറുപ്പിക പിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞു'' എന്നൊക്കെയാണ്‌ പരാമര്‍ശങ്ങള്‍. താന്‍ പണം തൊടാറില്ല എന്ന്‌ ചുരുക്കം. ജ്യേഷ്‌ഠത്തി പണം വേണമെന്ന്‌ പറഞ്ഞുവന്നതിനെക്കുറിച്ചുള്ള ഓര്‍മയില്‍ ഇക്കാര്യം തെളിച്ചുപറയുന്നുണ്ട്‌. ``അത്‌ (പണം) പൊതുവെ ജനങ്ങള്‍ക്കുള്ളതാണ്‌'' എന്നതുപോലുള്ള ഒരുവാക്യം പൊതു പ്രസംഗത്തിലല്ലാതെ, ഒരലങ്കാരവുമില്ലാതെയും മറ്റൊരു അര്‍ഥവുമില്ലാതെയും സ്വകാര്യ ഡയറിയില്‍ വരുന്നതിലെ ആത്മാര്‍ഥത, അസാധാരണമാണ്‌- പേടിപ്പെടുത്തുന്നതാണ്‌. താന്‍ പ്രധാനിയായ സംഘത്തിന്‍െറ നാടകം കാണാന്‍ ഓരോ സന്ദര്‍ഭത്തിലും ഭാര്യയ്‌ക്ക്‌ കൃത്യമായി പണം കൊടുക്കുന്ന കാര്യം ഇതോടു ചേര്‍ത്തുവായിക്കണം. പല നാടകസുഹൃത്തുക്കളും ഈ ശീലമുള്ളവരല്ല എന്ന പില്‌ക്കാലത്തെയൊരു കണ്ടെത്തലില്‍ ഏകാന്തതയുടെ പ്രമേയം വീണ്ടും തലനീട്ടുന്നുമുണ്ട്‌. പണം, സമയം എന്നിവയിലെ കൃത്യത ഡയറിയിലുടനീളം കാണാം- സ്‌കൂളില്‍ ഘടികാരം ഉണ്ടായിരുന്നു.

ഇതൊരു ഗാന്ധിയന്‍ ശൈലിയായി കേളു നായര്‍ സാംശീകരിച്ചതാണ്‌. പണക്കണക്ക്‌ കലാകാരന്‍െറ (കേവല പ്രായോഗികതാ വാദത്തിന്‍െറതായ) മറുവശമല്ല കാണിച്ചുതരുന്നത്‌ എന്നര്‍ഥം........

7 comments:

ചിരാത്‌ said...

ആദ്യത്തെ തുടക്കം ഒരു ആത്മഹത്യാ കുറിപ്പില്‍ നിന്നും തുടങ്ങുന്നു

കുഞ്ഞന്‍ said...

എല്ലാവിധ ആശംസകളും നേരുന്നു..

ബൂലോകത്തിനൊരു മുതല്‍ക്കൂട്ടാവട്ടെ താങ്കളുടെ സൃഷ്ടികള്‍...!

ചെറിയൊരു അഭിപ്രായം പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായനാ സുഖം കിട്ടിയേനെ..

m സഗീറിന്റെ നാട്ടുകാരനൊ അതൊ സഗീര്‍ തന്നെയാണൊ..?

ചിരാത്‌ said...

കുഞ്ഞനേട്ടാ ഇതു ഞാന്‍ തന്നെയാണ്‌.ഇപ്പോള്‍ തന്നെ ചെയ്തേക്കാം വായനാസുഖത്തിനായ ആ പൊടികൈ.

ചിരാത്‌ said...

ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തിന്‌ ഏഴുവര്‍ഷം മുന്‍പ്‌, 28-ാം വയസ്സില്‍ നാടകക്കാരനും രാഷ്‌ട്രീയക്കാരനുമായ വിദ്വാന്‍ പി. കേളുനായര്‍ ആത്മഹത്യ ചെയ്‌തത്‌ എന്തിനാവണം?

Anonymous said...

good presentation

Anonymous said...

നല്ല അവതരണം

ചിരാത്‌ said...

ഇന്ത്യ എന്തെന്ന്‌ നേരിലറിയാന്‍ കഴിഞ്ഞ ആദ്യ മലയാള സാഹിത്യകാരന്മാരില്‍ കേളുനായരും ഉള്‍പ്പെടുന്നുണ്ട്‌. ഗ്രാമീണന്‍ എന്ന വാക്കിന്‍െറ ചെറിയ അര്‍ഥത്തെ അദ്ദേഹം മറികടന്നിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ശാസ്‌ത്രീയസംഗീതവും കഥകളി സംഗീതവും പഠിച്ച കുഞ്ഞിക്കേളു സ്വയമറിയാതെ വ്യത്യസ്‌തനാവുകയായിരുന്നു. 1906-ല്‍ തീവണ്ടി സ്വന്തം നാട്ടിലെത്തുന്നുണ്ട്‌. യാത്രയുടെ സൗകര്യത്തെ അറിവിന്‍െറ വളര്‍ച്ചയ്‌ക്കായി പ്രയോജനപ്പെടുത്തുന്ന കേളുനായര്‍ അന്ന്‌ കോഴിക്കോട്‌ പ്രവര്‍ത്തിച്ചിരുന്ന വൈദ്യരത്‌നം പി.എസ്‌. വാരിയരുടെ ആര്യവൈദ്യകലാലയത്തില്‍നിന്ന്‌ വൈദ്യം പഠിക്കുന്നുണ്ട്‌. പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി നീലകണ്‌ഠശര്‍മയുടെ ശിഷ്യത്വം നേടി സംസ്‌കൃത വിദ്വാനാകുന്നുണ്ട്‌.
കേളുനായര്‍ വടക്കേയിന്ത്യയില്‍ പട്ടാളക്കാരനായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും കബീര്‍ കഹാനിയും നേരിലറിയുന്നത്‌ ഇക്കാലത്താണ്‌. നാട്ടിലെത്തുന്ന കേളുനായരുടെ ദിവസങ്ങള്‍ യാത്രകള്‍ കൊണ്ട്‌ നിബിഡമായി. `ലങ്കാദഹനം' തൊട്ടുള്ള നാടകങ്ങളും അവയിലെ പരിഷ്‌കരണ പ്രമേയങ്ങളും രാഷ്‌ട്രീയേച്ഛകളും സാമൂഹികവിമര്‍ശനവുമെല്ലാം അന്യഥാ കര്‍മഭടനായ ഒരാള്‍ക്ക്‌ മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്നവയാണ്‌.