Thursday, July 14, 2011

മലയാളസാഹിത്യശില്പിയിന്ന് 78 ന്റെ നിറവിൽ


മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍ ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍ ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ ‘രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം ‘ഗോപുരനടയില്‍ ‘ എന്ന ഒരു നാടകവും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

Tuesday, May 31, 2011

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍



ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന്‍ വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.

1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.

‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരാണ്‍ മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍ ചിരാതിന്റെ കൂപ്പുകൈ

Friday, March 11, 2011

പ്രവാസികളെ കഷ്ട്ത്തിലാക്കുന്ന പ്രവാസി വോട്ട്


രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് .എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ മതിയെന്നാണ്.എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നളിനി നേറ്റൊ പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ സ്വീകരിക്കില്ലെന്നും.ഗവണ്‍മന്റിനും തിരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തത് ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ പ്രസ്താവനകളാണ് മന്ത്രിയും തിരഞ്ഞെടുപ്പു കമ്മീഷനും പറയുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞതുപോലെ എംബസി അറ്റസ്‌റ്റേഷന്‍ നടത്തിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഈ വരുന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളികളായ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമോയെന്നത് കണ്ടുതന്നെ അറിയണം.കേരളത്തില്‍ ഭരണത്തിലെത്തുന്ന മുന്നണികള്‍ക്ക് കിട്ടുന്ന വോട്ടിനെക്കാള്‍ അധികമാണ്‌ പ്രവാസി മലയാളികളുടെ എണ്ണമെന്ന് ഓര്‍മ വേണം!.

ഇന്ത്യന്‍ എംബസിയിലാണെങ്കില്‍ വോട്ടവകാശം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളൊന്നും കേന്ദ്ര ഗവര്‍മെന്റില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് അംബാസഡര്‍ പറയുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐ.സി.സിയില്‍ ലഭ്യമാക്കുമെങ്കിലും ഫോം വിതരണമുണ്ടായിരിക്കിലെന്ന് ഐ.സി.സി ഓണ്‍ലൈനില്‍ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസിയില്‍ പാസ്‌പോര്‍ട്ടുമായി ചെന്നാല്‍ സാധാരണയായി ചെയ്യുന്നതുപോലെ ഫോറം ഈ ആളുടേതുതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. അതിനാണെങ്കില്‍ 38 ഖത്തര്‍ റിയാല്‍ (നാനൂറ്റിയമ്പത് രൂപ) ഫീസടയ്ക്കണം.തുച്ഛമായ സംഖ്യ വേതനം പറ്റുന്ന നിര്‍മാണ മേഖലയിലേയും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കിത് വലിയൊരു തുകയാണ്.

സ്വകാര്യമേഖയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പലപ്പോഴും കമ്പനികളിലായിരിക്കും. ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ കമ്പ്യൂട്ടര്‍ സംവിധാനം വഴി വിശദമായ പരിശോധനകള്‍ക്ക് ശേഷം സാക്ഷ്യപ്പെടുത്തി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അംബാസഡര്‍ അറിയിയിച്ചിട്ടുണ്ട്.അതിന്നാല്‍ പാസ്സ്പോര്‍ട്ട് പ്രശ്നത്തില്‍ കുഴപ്പമില്ല.പക്ഷെ ഒരു ദിവസം ജോലിയില്‍നിന്നു ലീവെടുത്ത് ഭീമമായ സംഖ്യ നഷ്ടം സഹിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ എത്രപേര്‍ക്ക് എംബസിയിലെത്തും?.

ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ വോട്ടവകാശം നിര്‍വഹിക്കാനായി കാശു മുടക്കണമെന്നത് അപഹാസ്യമല്ലേ ?കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഫീസ് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ എംബസിക്ക് സ്വന്തം നിലക്ക് ഒഴിവാക്കാനാവില്ല.അതിനാൽ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനും എംബസി നിശ്ചയിച്ച ഫീസ് ഈടക്കിയേ മതിയാകൂ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി എംബസിയില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബസി ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നും അറിയുന്നു.

ഭാരതത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതി നിര്‍ണ്ണയകമായൊരു പങ്ക് വഹിച്ചു പോരുന്നതില്‍ സുപ്രാധാനമായൊരു ഘടകമാണ്‌ പ്രവാസികളായ ഇന്ത്യക്കാര്‍ ‍. വളരെ പ്രയാസങ്ങള്‍ അനുഭവിച്ച് അന്യ നാട്ടിലെ വിസ സംമ്പാദിക്കുകയും പല രാജ്യങ്ങളിലുമുള്ള നിയമകുരുക്കുകള്‍ തരണം ചെയ്ത് പ്രതികൂലക്കാലാവസ്ഥയോട് മല്ലിട്ടുമാണ് മാതൃരാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവാസികള്‍ പങ്കാളികളാവുന്നത്. എന്നാല്‍ ഭാരത സര്‍ക്കാറിന്റെ അനുഭാവപൂര്‍ണ്ണമായ ഒരിടപെടലും പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടാവാറില്ല എന്നത് ഖേദകരമാണ്‌.

പ്രവാസികളായ ഭാരതീയര്‍ മാതൃരാജ്യത്തോടുള്ള കൂറും ആത്മാര്‍ത്ഥയും പഴയപടി നിലനിര്‍ത്തി പോന്നിട്ടും വിദേശത്ത്‌പോകുന്നവര്‍ക്ക് വേണ്ടി കുറ്റമറ്റ ഒരു യാത്രാ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍പോലും ഗവര്‍മെന്റുകളുടെ ശ്രദ്ധ വേണ്ട വിധത്തില്‍ പതിയാറില്ല.തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും വോട്ടാര്‍മാരെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.എന്ന ഒരു ചിന്ത എല്ലാവര്‍ക്കും നല്ലതാണ്.പ്രത്യേഗിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്!.

മാതൃരാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോകാര്യവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ്‌ പ്രവാസികളുടെ രാപകലുകള്‍ കടന്നു പോകുന്നത്. വോട്ടും ഭരണവും എന്ന ഏക അജണ്ടയുമായി രാഷ്ട്രീയം കളിക്കുന്ന അടവുകളൊന്നും ഇവിടെ വിലപ്പോവില്ല. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചതു കൊണ്ട് പ്രവാസികള്‍ വീഴുമെന്ന് ധരിക്കുന്നത് വിഡിത്തമാണ്. മുഖ്യധാരാരാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉത്തരവാദിത്ത ബോധത്തോടുകൂടി തീരുമാനിക്കാന്‍ പ്രവാസികള്‍ക്ക് നന്നായിട്ടറിയാം. ആയതിന്നാല്‍ ഈ പ്രവാസി വോട്ടിന്റെ നിയമത്തിലെ പോരായ്മകളെല്ലാം തിരുത്തി എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ശ്രമിക്കണം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്

Friday, March 4, 2011

പ്രവാസികളെ ഇനിയാരും നിങ്ങളുടെ വോട്ട്‌ വെട്ടില്ല!.


ഒരു കോടിയിലധികം വരുന്ന പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ വാര്‍ത്തയോടെ പൂവണിഞ്ഞത്. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നും വോട്ടെടുപ്പ് ദിവസം പാസ്‌പോര്‍ട്ടുമായി വോട്ട് ചെയ്യാന്‍ ഹാജരാകാമെന്നുമാണ്‌ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കില്ല. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.http://eci.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

പ്രവാസ ലോകത്തിലെ നമ്മളടങ്ങുന്ന രാഷ്‌ട്രീയ സഘടനകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും ഇനിയുള്ള കാലം നിര്‍ണായകമാണ്. ഈ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുക എന്നത് പ്രവാസി സംഘടനകളുടെ ഉത്തരവാദിത്വമായിരിക്കണം. സധാരണക്കാരായ നമ്മുടെ അണികളെ ഈ നിയമത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് പ്രവാസി സംഘടന ആയിരിക്കണം. അതിന്നായി അവരെ സമീപിച്ച് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി തപാലില്‍ അപേക്ഷകള്‍ അയപ്പിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്‌ട്രീയ സംഘടനകള്‍ക്കും പ്രവാസലോകത്ത് അനേകം പോഷക സംഘടനകളുണ്ടെന്നതിന്നാല്‍ വോട്ടവകാശം വന്ന സ്ഥിതിക്ക് എല്ലാവരും രംഗത്തിറങ്ങുമെന്നത് ഉറപ്പാണ്‌. നാട്ടില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ പാസ്‌പോര്‍ട്ടും പസ്‌പോര്‍ട്ടിന്റെ കോപ്പിയും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും നമ്മുടെ സംഘടനക്ക് അണികളെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തയാള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശവും നല്‍കുന്നുണ്ട്.ജന്മനാട്ടിലെ വോട്ടവകാശമെന്നത് പ്രവാസികളുടെ മൗലികാവകാശമാണെന്ന് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ജന്മനാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇത് അവരെ സഹായിക്കുമെന്നും രാഷ്‌ട്രനിര്‍മാണപ്രക്രിയയ്ക്ക് അത് കരുത്തുപകരുകയും ചെയ്യുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.ഇപ്പോഴത്തെ നിയമമനുസരിച്ച് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ആറ് മാസം താമസിക്കാത്ത പ്രവാസിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമായിരുന്നു. ഈ പുതിയ വിജ്ഞാപനമായതോടെ ഇനി അതിനു സാധ്യമല്ല!.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.

പ്രവാസി വോട്ടിനായി,പ്രവാസികള്‍ വോട്ട് ചേർക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം

ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ ‍. (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):

കാസര്‍കോട് ജില്ല

1. കാസര്‍കോട്: താലൂക്ക് ഓഫിസ്, മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം, കാസര്‍കോട് പിഒ, 671121. (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ).
2. ഹൊസ്ദുര്‍ഗ്: താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് പിഒ, 671315. (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ).

കണ്ണൂര്‍ ജില്ല

3. തളിപ്പറമ്പ്: താലൂക്ക് ഓഫിസ്, തളിപ്പറമ്പ്, 670141 (പയ്യന്നൂർ ‍, തളിപ്പറമ്പ്, ഇരിക്കൂര്‍ ).
4. കണ്ണൂര്‍ : താലൂക്ക് ഓഫിസ്, കണ്ണൂര്‍ , 670002. (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ ‍, ധര്‍മടം).
5. തലശ്ശേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, തലശേരി, 670101. (തലശ്ശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂർ ‍, പേരാവൂര്‍ ).

വയനാട് ജില്ല

6. മാനന്തവാടി: താലൂക്ക് ഓഫിസ്, മാനന്തവാടി പിഒ, 670645. (മാനന്തവാടി).
7. വൈത്തിരി: താലൂക്ക് ഓഫിസ്, വൈത്തിരി പിഒ, 673576. (കല്‍പ്പറ്റ).
8. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി പിഒ, 673592. (സുല്‍ത്താന്‍ ബത്തേരി).

കോഴിക്കോട് ജില്ല

9. വടകര: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ കോംപ്ളക്സ്, വടകര,. 673101. (വടകര, കുറ്റ്യാടി, നാദാപുരം).
10. കൊയിലാണ്ടി: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷന്‍ കോംപ്ളക്സ്, കൊയിലാണ്ടി, 673305. (കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി).
11. കോഴിക്കോട്: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, സിവില്‍സ്റ്റേഷന്‍ പിഒ, കോഴിക്കോട്, 673020. (ഏലത്തൂർ ‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി).

മലപ്പുറം ജില്ല

12. നിലമ്പൂർ ‍: താലൂക്ക് ഓഫിസ്, ചന്തക്കുന്ന് പിഒ, നിലമ്പൂർ ‍, 679342. (നിലമ്പൂർ ‍, വണ്ടൂർ ‍).
13. ഏറനാട്: താലൂക്ക് ഓഫിസ്, മഞ്ചേരി പിഒ, 676121. (കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം).
14. തിരൂരങ്ങാടി: താലൂക്ക് ഓഫിസ്, തിരൂരങ്ങാടി പിഒ, ചെമ്മാട്, 676306. (വെങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി).
15. തിരൂർ ‍: താലൂക്ക് ഓഫിസ്, തിരൂര്‍ പിഒ, 676101. (താനൂർ ‍, തിരൂർ ‍, കോട്ടയ്ക്കൽ ‍).
16. പൊന്നാനി: താലൂക്ക് ഓഫിസ്, പൊന്നാനി നഗരം പിഒ, 679583. (തവനൂർ ‍, പൊന്നാനി).
17. പെരിന്തല്‍മണ്ണ: താലൂക്ക് ഓഫിസ്, പെരിന്തല്‍മണ്ണ പിഒ, 679322. (പെരിന്തല്‍മണ്ണ, മങ്കട).

പാലക്കാട് ജില്ല

18. ഒറ്റപ്പാലം: താലൂക്ക് ഓഫിസ്, ഒറ്റപ്പാലം പിഒ, 679101. (തൃത്താല, പട്ടാമ്പി, ഷൊര്‍ണൂരർ , ഒറ്റപ്പാലം).
19. മണ്ണാര്‍ക്കാട്: താലൂക്ക് ഓഫിസ്, മണാര്‍ക്കാട് പിഒ, 678585. (മണ്ണാര്‍ക്കാട്).
20. പാലക്കാട്: താലൂക്ക് ഓഫിസ്, പാലക്കാട് സിവില്‍സ്റ്റേഷന്‍ പിഒ. 678001. (കോങ്ങാട്, മലമ്പുഴ, പാലക്കാട്).
21. ചിറ്റൂർ ‍: താലൂക്ക് ഓഫിസ്, ചിറ്റൂര്‍ പിഒ, 678101. (ചിറ്റൂർ ‍, നെന്മാറ)
22. ആലത്തൂർ ‍: താലൂക്ക് ഓഫിസ്, ആലത്തൂര്‍ പിഒ, 678541. (തരൂരർ , ആലത്തൂർ ‍)

തൃശൂര്‍ ജില്ല

23. തലപ്പള്ളി: തലപ്പള്ളി താലൂക്ക് ഓഫിസ്, വടക്കാഞ്ചേരി പിഒ, 680682. (ചേലക്കര, കുന്നംകുളം)
24. തൃശൂർ ‍: താലൂക്ക് ഓഫിസ്, ചെമ്പൂക്കാവ്, തൃശൂര്‍ പിഒ, 680020. (ഒല്ലൂർ ‍, തൃശൂർ ‍, നാട്ടിക)
25. മുകുന്ദപുരം: മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട പിഒ, 680125. (ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)
26. ചാവക്കാട്: താലൂക്ക് ഓഫിസ്, ചാവക്കാട് പിഒ, 680506. (ഗുരുവായൂർ ‍, മണലൂർ ‍, വടക്കാഞ്ചേരി)
27. കൊടുങ്ങല്ലൂർ ‍: താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ പിഒ, 680664. (കയ്പമംഗലം, കൊടുങ്ങല്ലൂരർ )

എറണാകുളം ജില്ല

28. പറവൂര്‍: താലൂക്ക് ഓഫിസ്, കോര്‍ട്ട് കോപ്ളക്സിനു സമീപം, പറവൂര്‍, 683513. (കളമശേരി, പറവൂരർ )
29. കൊച്ചി: കൊച്ചി താലൂക്ക് ഓഫിസ്, ഫോര്‍ട്ട് കൊച്ചി, എറണാകുളം, 682001. (വൈപ്പിന്‍, കൊച്ചി)
30. കണയന്നൂർ ‍: കണയന്നൂര്‍ താലൂക്ക് ഓഫിസ്, സുഭാഷ് പാര്‍ക്കിന് എതിര്‍വശം, എറണാകുളം, 682015. (തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര)
31. ആലുവ: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷനൻ , ആലുവ, 683101. (അങ്കമാലി, ആലുവ)
32. കുന്നത്തുനാട്: കുന്നത്തുനാട് താലൂക്ക് ഒഫിസ്, പെരുമ്പാവൂരർ , 683542. (പെരുമ്പാവൂരർ , കുന്നത്തുനാട്)
33. മൂവാറ്റുപുഴ: താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷൻ ‍, മൂവാറ്റുപുഴ, 686669. (പിറവം, മൂവാറ്റുപുഴ)
34. കോതമംഗലം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കോതമംഗലം, 686691. (കോതമംഗലം)

ഇടുക്കി ജില്ല

35. തൊടുപുഴ: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, തൊടുപുഴ, 685584. (തൊടുപുഴ)
36. ദേവികുളം: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, ദേവികുളം, 685613. (ദേവികുളം)
37. ഉടുമ്പന്‍ചോല: താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പിഒ, 685553. (ഉടുമ്പന്‍ചോല, ഇടുക്കി)
38. പീരുമേട്: താലൂക്ക് ഒഫിസ്, പീരുമേട് പിഒ, 685531. (പീരുമേട്)

കോട്ടയം

39. കാഞ്ഞിരപ്പള്ളി: താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി പിഒ, 686507. (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ‍)
40. ചങ്ങനാശേരി: താലൂക്ക് ഓഫിസ്, ചങ്ങനാശേരി, 686101. (ചങ്ങനാശേരി)
41. കോട്ടയം: മിനിസിവില്‍ സ്റ്റേഷൻ ‍, താലൂക്ക് ഓഫിസ്, കോട്ടയം, 686001. (ഏറ്റുമാനൂർ , കോട്ടയം, പുതുപ്പള്ളി)
42. മീനച്ചില്‍: താലൂക്ക് ഓഫിസ്, മീനച്ചിൽ ‍, 686575. (പാല, കടുത്തുരുത്തി).
43. വൈക്കം: താലൂക്ക് ഓഫിസ്, വൈക്കം, 686141 (വൈക്കം)

ആലപ്പുഴ ജില്ല

44. ചേര്‍ത്തല: താലൂക്ക് ഓഫിസ്, ചേര്‍ത്തല പിഒ, 688524. (ആരൂർ ‍, ചേര്‍ത്തല).
45. അമ്പലപ്പുഴ: താലൂക്ക് ഓഫിസ്, അമ്പലപ്പുഴ പിഒ, 688001. (ആലപ്പുഴ, അമ്പലപ്പുഴ).
46. കുട്ടനാട്: താലൂക്ക് ഓഫിസ്, കുട്ടനാട്, തെക്കെക്കര പിഒ, മങ്കൊമ്പ്, 688503. (കുട്ടനാട്).
47. കാര്‍ത്തികപ്പള്ളി: താലൂക്ക് ഓഫിസ്, കാര്‍ത്തികപള്ളി, ഹരിപ്പാട് പി.ഒ, 690514. (ഹരിപ്പാട്, കായംകുളം).
48. ചെങ്ങന്നൂർ ‍: താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ പിഒ, 689121. (ചെങ്ങന്നൂർ ‍).
49. മാവേലിക്കര: താലൂക്ക് ഓഫിസ്, മാവേലിക്കര പിഒ, 690101. (മാവേലിക്കര).

പത്തനംതിട്ട ജില്ല

50. തിരുവല്ല: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, തിരുവല്ല പിഒ, 689101. (തിരുവല്ല)
52. റാന്നി: താലൂക്ക് ഓഫിസ്, റാന്നി പിഒ, 689672. (റാന്നി).
53. കോഴഞ്ചേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, 689645. (ആറന്മുള, കോന്നി).
54. അടൂർ : താലൂക്ക് ഓഫിസ്, റവന്യൂ ടവർ ‍, അടൂര്‍ പിഒ, 691523. (അടൂർ ).

കൊല്ലം ജില്ല

55. പത്തനാപുരം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, പുനലൂര്‍ പിഒ, 691305. (പത്തനാപുരം, പുനലൂരർ )
56. കൊട്ടാരക്കര: താലൂക്ക് ഓഫിസ്, തൃക്കണാമണൽ ‍, കൊട്ടാരക്കര പിഒ, 691506. (കൊട്ടാരക്കര, ചടയമംഗലം)
57. കുന്നത്തൂർ ‍: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, ശാസ്താംകോട്ട പിഒ, 690521. (കുന്നത്തൂരർ ).
58. കരുനാഗപ്പള്ളി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കരുനാഗപ്പള്ളി പിഒ, 690518. (കരുനാഗപ്പള്ളി, ചവറ).
59. കൊല്ലം: താലൂക്ക് ഓഫിസ്, താലൂക്ക് കച്ചേരി, കൊല്ലം, 691001. (കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ ‍).

തിരുവനന്തപുരം ജില്ല

60. ചിറയിന്‍കീഴ്: താലൂക്ക് ഓഫിസ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, 695101. (വര്‍ക്കല, ആറ്റിങ്ങലൽ , ചിറയിന്‍കീഴ്).
61. നെടുമങ്ങാട്: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, നെടുമങ്ങാട്, 695541. (നെടുമങ്ങാട്, വാമനപുരം, അരുവിക്കര).
62. തിരുവനന്തപുരം: താലൂക്ക് ഓഫിസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം, 695023. (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം).

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ ഫെബ്രുവരി ലക്കം എഡിറ്റോറിയലാണ്

Monday, February 7, 2011

തുഞ്ചൻപറമ്പിലെ ഒരു അവധിക്കാലം

ഈ വർഷത്തെ ആദ്യ കേരളാ ബൂലോകമീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോൾ , എന്റെ കഴിഞ്ഞ അവധികാലത്തിൽ അവിചാരിതമായി തുഞ്ചന്‍പറമ്പ് സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കാമെന്നു കരുതി.അത് മീറ്റിനു വരുന്നതിനു മുൻപ് മീറ്റാൻ വരുന്നവർക്ക് ഉപകരിച്ചാലോ?


മുഖ്യ കവാടത്തിന്റെ മുഴുവനായ ദൃശ്യം
ചിത്രങ്ങളിൽ ക്ലിക്കിയാൽ ചിത്രം വലുതായി കാണാം


മുഖ്യ കവാടത്തിന്റെ ഭാഗിക ദൃശ്യം

കഴിഞ്ഞ ഒഴിവുകാലം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടംസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങളായിരുന്നു. എല്ലാ മുന്‍കൂട്ടി ഒരു തയ്യറെടുപ്പുമില്ലാതെയായിരുന്നു.അതില്‍ ഒന്നാണ് മലയാള ഭാഷയുടെ പിതാവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം.


തുഞ്ചൻപറമ്പിലെ സ്മാരക കെട്ടിടം


മലയാള സാഹിത്യ മ്യൂസിയം

മലപ്പുറം ജില്ലയില്‍ നിന്ന് കല്ല്യാണം കഴിച്ചതുമുതലാണ് ഞാന്‍ ഈ സ്ഥലത്തെ കുറിച്ച് കൂടുതല്‍ ബോധ്യവാനായത് എന്നു തന്നെ പറയാം.കേരളീയരുടെ ജീവിതത്തില്‍ ഏറ്റവുംവലിയ സ്വാധീനം ചെലുത്താന്‍ പറ്റിയ കവിയായിരുന്നു ഇദ്ദേഹമെന്ന് ഞാന്‍ പ്രത്യേഗിച്ച് പറയേണ്ടതില്ലല്ലോ?

പ്രാചീന കവിത്രയത്തില്‍ ഏറ്റവും പ്രാചീനനായ ചെറുശ്ശേരിക്കു (പതിനെഞ്ചാം നൂറ്റാണ്ട്) ശേഷവും കുഞ്ചന്‍ നമ്പ്യാര്‍ക്കു (പതിനെട്ടാം നൂറ്റാണ്ട്) മുന്‍പുമാണ് തുഞ്ചത്തെഴുത്തച്ചന്റെ ജീവിതം.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം അന്നു വരെ വരേണ്യവര്‍ഗ്ഗം കൈവശപ്പെടുത്തി വെച്ചിരുന്ന വിനേദമായിരുന്ന കവിതയെ തന്റെ രചനകള്‍ വഴി ജനകീയമാക്കി!.താളിയോലകള്‍ വഴി പ്രചരിച്ച അദ്ദേഹത്തിന്റെ കൃതികള്‍ അനിശ്ചിതത്വം നിറഞ്ഞു നിന്നിരുന്ന സാമൂഹിക സാഹചര്യത്തില്‍ ഭക്തിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഇടയാക്കുകയുണ്ടായി.


തുഞ്ചൻ സ്മാരകം


കലാക്ഷേത്രാരങ്ങ്

ഒരു കിളി കഥ പറയുന്ന രീതിയിലാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചത്.അതിന്നാല്‍ തന്നെ അദ്ദേഹത്തിന്റെ രചനകളെല്ലാം കിളിപ്പാട് എന്ന നിലയിലാണ് പ്രശസ്ഥമായത്.കാകളി വൃത്തത്തിലായിരുന്നു എല്ലാ കിളിപ്പാട്ടുകളും എന്നതും ശ്രദ്ധേയമാണ്.

അധ്യാത്മ രാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട്,ഹരിനാമകീര്‍ത്തനം ഇരുപത്തിനാല് വൃത്തം,ചിന്താരത്നം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .


കിളിയുടെയും എഴുത്താണിയുടെയും എഴുത്തോലയുടെയും കല്ല് സ്തൂപങ്ങൾ


കിളിയും എഴുത്താണിയും എഴുത്തോലയും (ഒരു അടുത്തുന്നിന്നുള്ള ചിത്രം)

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ഇദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കുന്നു.ഈ സ്ഥലമാണ് ഇന്ന് തുഞ്ചന്‍പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്.ഇത് വളരെ പ്രശ്സ്ഥമായ ഒരു സാംസ്കാരിക കേന്ദ്രമാണന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ?


തുഞ്ചൻപറമ്പിലെ അമ്പലം


കലാമണ്ഡപം

അങ്ങിനെ ഏറെനാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മലയാള ഭാഷയുടെ പിതാവിന്റെ തറവാട്ടില്‍ നിന്ന് യാത്രപറഞ്ഞിറങ്ങി.

കൂട്ടത്തിൽ പെടാത്തത്: ഇക്കൊല്ലത്തെ ആദ്യത്തെ ബ്ലോഗ് മീറ്റിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്കിയാൽ മതി.

Thursday, January 27, 2011

ഞാനൊരു തെരുവു പണിയുന്നു,എനിക്ക് പോകാന്‍ വേണ്ടി മാത്രമായ്!..(ഒരു അനുസ്മരണം)


2010 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പുലര്‍ച്ചെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ മാതൃഭൂമി പത്രത്തില്‍ നിന്നാണ് ഞാന്‍ ആ വാര്‍ത്ത വായിച്ചത്. "അയ്യപ്പന്‍ വിടപറഞ്ഞു;ആരോരുമറിയാതെ'' ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങള്‍ എടുത്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഉമ്മാക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇല്ലാത്ത ലീവു വാങ്ങി കുടുംബവുമൊത്ത് നാട്ടിലേക്ക് വന്ന ഞാന്‍ ഈ വാര്‍ത്ത വായിച്ചതോടെ വിഷാദ മുഖരിതനായി മാറി .കൊല്ലത്തില്‍ ഒരിക്കല്‍ കാണുന്ന വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഞാന്‍ പകച്ചു നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

എന്റെ പ്രിയപ്പെട്ട കവി അജ്ഞാതജഡമായി ഒരു ദിവസം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നുവെന്ന ആ വാര്‍ത്ത അദ്ദേഹത്തിന്റെ മരണവാര്‍ത്തയെക്കാളും എന്നെ വേദനിപ്പിച്ച ഒന്നായിരുന്നു.അജ്ഞാതനായി അയ്യപ്പന്‍ ജനറല്‍ ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.ആദ്യതവണ അജ്ഞാതനായി ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് തിരിച്ചറിഞ്ഞത്.അതും ഒരു തൊഴിലാളി!!!.

മാനസീകരോഗികളും യാചകരും ക്രിമിനലുകളും ഒക്കെയുള്ള ഒരിടമാണല്ലോ?ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡ് എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതില്ല!അവിടെ നിന്ന് പത്തനാപുരം ഗാന്ധി ഭവനിലേക്ക് അവിടെ നിന്ന് പിന്നേയും തെരുവിലേക്ക്.........അശാന്തിയുടെ അവദൂതനായി.

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതിലെ ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി ഞെടുമങ്ങടില്‍ ജനിച്ച കവിയുടെ അച്ചന്‍ പ്രശസ്ഥ സ്വര്‍ണ്ണപണിക്കാരനായ അറുമുഖവും അമ്മ മുത്തമ്മാളുമായിരുന്നു.ചെറുപ്പത്തിലേ അനാഥനാകേണ്ടി വന്ന കവി സഹോദരി സുബലക്ഷിക്കൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.

ശിശുവായിരിക്കുമ്പോള്‍ അച്ചന്റെ മരണം കൂട്ടുക്കാരന്‍ കൊന്നതാണെന്ന് പലപ്പോഴും അയ്യപ്പന്‍ പറയാറുണ്ടായിരുന്നു.(അദ്ദേഹത്തിന്റെ ഒരു വയസിലാണ് അച്ചന്‍ മരിക്കുന്നത്.അപ്പോള്‍ ഈ അറിവ് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നോ മറ്റു ബന്ധുജനങ്ങളില്‍ നിന്നോ ആയിരിക്കും കിട്ടിയീട്ടുണ്ടാകുക!) ബാല്യത്തിലെ അമ്മയുടെ വേര്‍പ്പാട് യൌവനത്തിലെ പണയ പരാജയം ഇതെല്ലാം ചേര്‍ത്തു വെച്ചതാണ് അയ്യപ്പന്റെ കവിതയിലെ അക്ഷരങ്ങളുടെ തിക്ഷണത എന്നു പറയാനാണ് എനിക്കിഷടം.

തെരുവിന്റെ അനാഥനായ കവി അയ്യപ്പന്‍ തെരുവില്‍ തന്നെ അതും അനാഥനായി അവസാനിക്കണമെന്നത് ഒരു നിയോഗമാകാം.ഓര്‍ക്കുക!, വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകാം!!!.

എഴുപതുകളുടെ മദ്ധ്യഘട്ടത്തോടെയാണ് അയ്യപ്പന്‍ ശ്രദ്ധേയനാവുന്നത്.ബലിക്കുറിപ്പുകള്‍ ,ബുദ്ധനും ആട്ടിന്‍കുട്ടിയും,ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ,വെയില്‍ തിന്നുന്ന പക്ഷി,ജയില്‍ മുറ്റത്തെ പൂക്കള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍ സ്വന്തമായുള്ള കവിയുടെ ആനുകാലികങ്ങളിലെ കവിതകളോടാണ് എനിക്ക് കൂടുതല്‍ അടുപ്പം.

കാറപകടത്തില്‍
പെട്ടുമരിച്ച വഴിയാത്രക്കരന്റെ
ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍
നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു
എന്റെ കണ്ണ്

ഞാനുണ്ടായിട്ടും
താലിയറുത്ത
കെട്ടിയോൾ ‍.

എന്റെ കുട്ടികൾ ‍;
വിശപ്പ്‌ എന്ന
നോക്കുകുത്തികള്‍
ഇന്നത്താഴം
ഇതുകൊണ്ടാവാം

അദ്ദേഹത്തിന്റെ ആദ്യകവിതയായ അത്താഴം മുതല്‍ തമ്പാനൂരിലെ പാതയോരത്ത് അജ്ഞാതജഡമായി കിടക്കുമ്പോഴും ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ച കടലാസിലെ കവിതയായ പല്ല് എന്ന കവിത വരെ നമ്മോട് പറയുന്നത് മറയുടെയും ജാഡയുടെയും പൊളിച്ചെഴുത്തുകളാണ്

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
...പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

കഥയിലൂടെ തുടങ്ങി കവിതയിലെത്തിയ അയ്യപ്പന്‍ ആധുനീക കവിതയുടെ വക്താക്കളായ അയ്യപ്പപണിക്കര്‍ ,കടമനിട്ട എന്നിവരുടെ ഇളം തലമുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്.ബിരുദം നേടിയ ശേഷം അദ്യാപന ജോലിക്കൊപ്പം ജനയുഗത്തിലെ പ്രൂഫ് റീഡറായുള്ള ജോലിയും ഒപ്പം കമ}ണിസ്റ് നേതാവ് ആര്‍ . സുഗുണന്റെ സെക്രട്ടറി പണിയും ചെയ്തു പോകുന്നതിനിടക്കാണ്,അക്ഷരം എന്ന കൊച്ച് മാസികയിലേക്ക് അദ്ദേഹം തിരിയുന്നത്.അതും ഇരുപത്തിയഞ്ച് വയസുമാത്രം പ്രായം!പല പ്രമുഖരുടെ കവിതകള്‍ ഈ കൊച്ച് മാഗസിനില്‍ വരികയുണ്ടായി.പക്ഷെ എന്തു കൊണ്ടോ പത്ത് ലക്കം കൊണ്ട് ഈ മാസിക നിന്നു പോയി.അക്കാലത്തൊന്നും കവി മദ്യത്തിനടിമയല്ലായിരുന്നു.പിന്നീടെപ്പോഴൊ യൌവത്തില്‍ തന്നെ അദ്ദേഹം മദ്യാസക്തനായി! ചിലപ്പോള്‍ യൌവനത്തിലെ പണയ പരാജയം ആകാം!.ആരായിരിക്കാം ആ പെണ്‍കുട്ടി? ചിലപ്പോള്‍ അദ്ദേത്തിന്റെ വേര്‍പ്പാടില്‍ മൌനമായി തേങ്ങുന്നുണ്ടാകുമോ ആ ഹൃദയം!.

മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്ക് ശേഷം മലയാള കവിത കണ്ട സഞ്ചാരകവിയായിരുന്നു അയ്യപ്പന്‍ .അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി നമുക്ക വിലയിരുത്താവുന്നതാണ് അദ്ദേഹത്തിന്റെ തമ്പാനൂര്‍ മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടുകാരും താവളങ്ങളും!.അദ്ദേഹം സ്ഥിരമായി ഒരിടത്ത് താമസിക്കുക എന്നത് പതിവില്ലാത്തതിഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിനു കൂട്ടുകാരിലാരോ നല്‍കിയ 'മാളമില്ലാത്ത പാമ്പ്' എന്ന വിശേഷണം ഒരു പരിധി വരെ ശരിയും അത്ര തന്നെ തെറ്റുമാണ്!.അദ്ദേഹത്തിന്റെ സൌഹൃത വലയങ്ങള്‍ തന്നെയാണ് അതിനുകാരണം.

ജോണ്‍ അബ്രഹാമിന്റെ ജീവിതവും അയ്യപ്പന്റെ ജീവിതവും തമ്മില്‍ ഏറെ സാമ്യത കാണാം.'ശവങ്ങളുടെ വസന്തമാകണം എന്റെ സിനിമ,ആ മേര്‍ച്ചറിയില്‍ എനിക്ക് കിടന്നുറങ്ങണം.അന്നു നീ പാടണം" എന്നു പറഞ്ഞ പ്രശസ്ഥ ചലചിത്രക്കാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു അയ്യപ്പന്‍.

കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ ആശാന്‍ പ്രൈസ് കൈപറ്റാതെ രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന കോമാളിക്ക് തെരുവില്‍ ഇരയായത് മുന്‍പു ഞാന്‍ പറഞ്ഞ ആ നിയോഗം തന്നെയാകാം.

അവസാനമായി അദ്ദേഹത്തിന്റെ വാക്കുകൾ ‍,

സുഹൃത്തേ,
മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.

അദ്ദേഹം എഴുതിയതു പോലെ തീര്‍ച്ചയായും മരണത്തിനുമപ്പുറത്തുള്ള ആ ജീവിതവും അവിടെ ഒരു പൂക്കാലവും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്........മലയാള കവിതയിലെ പെരുമഴക്കാലത്തിന്റെ വേര്‍പ്പാടോടെ വിഷാദമായ എന്റെ ഹൃദയത്തിനുവേണ്ടി ഒരിറ്റു കണ്ണുനീര്‍ !.

Thursday, January 20, 2011

ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടു


ഒരു വര്‍ഷം കൂടി പടിയിറങ്ങി.പുതിയൊരു വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.അനസ്യൂതം തുടരുന്ന ലോക ക്രമത്തില്‍ ഈ വര്‍ഷാറുതിയും തുടക്കവും പ്രത്യേകത നല്‍കുന്ന ഒരു വിഷയമല്ലാതായിരിക്കുന്നു.ഇതെല്ലാം നാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കടന്നു പോകുന്ന വെറും ദിനമോ,ആഴച്ചയോ,മാസമോ ഒക്കെ ആയി മാറിയിരിക്കുന്നു.എന്നാല്‍ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്.നമ്മുടെ ജീവിതത്തിലെ ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടുവെന്ന സത്യം!.

ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നല്‍കിയാണ് 2010 എന്ന് ഈ വര്‍ഷം നമ്മോട് വിട പറഞ്ഞത്.ഒട്ടനവധി പ്രകൃതി ദുരന്തങ്ങള്‍ , സംഘര്‍ഷ മേഘലകളിലെ ഭീതിത മുഖങ്ങള്‍ ,പട്ടിണി മരണങ്ങള്‍ ,അഴിമതികള്‍ ,മരണങ്ങള്‍ ,ശാസ്ത്ര പുരോഗതി,കളിക്കളങ്ങളിലെ മുന്നേറ്റങ്ങള്‍ക്കെല്ലാം കഴിഞ്ഞു പോയ വര്‍ഷം എല്ലാ വര്‍ഷത്തെപ്പോലെയും സാക്ഷിയായി.

ഹെയ്തിയിലെ ഭൂകമ്പം,ഇന്ത്യോനേഷ്യയിലെ സുനാമി,മംഗലാപ്പുരം വിമാന ദുരന്തം,മീനച്ചിലാര്‍ ബസ്സ് ദുരന്തം,പൂനാ ബോംബ് സ്ഫോടനം അങ്ങിനെ നീളുന്ന ദുരന്തങ്ങളുടെ പട്ടിക.

കെ.കരുണാകരന്‍,ജ്യോതീബസ്സു,ഭൈറോണ്‍ ശെഖാവത്ത്,വര്‍ക്കല രാധാകൃഷണന്‍ എന്നിങ്ങനെയുള്ള രാഷട്രീയ നേതാക്കളുടെ വിയോഗങ്ങള്‍ ഇതില്‍ ചിലതാണ്.

കൊച്ചിന്‍ ഹനീഫ,ഗിരീഷ് പുത്തഞ്ചേരി,ശ്രീനാഥ്,പി.ജി.വിശ്വംഭരന്‍ ,അടൂര്‍ പങ്കജം,എം.ജി.രാധാകൃഷണന്‍ ,സ്വര്‍ണ്ണലത,വേണുനാഗവള്ളി,ശാന്താദേവി,മങ്കട രവിവര്‍മ്മ,കോട്ടക്കല്‍ ശിവരാമന്‍ എന്നിങ്ങനെ തുടരുന്ന കലാകാരന്മാരുടെ വിയോഗങ്ങള്‍ക്കൊപ്പം കോവിലന്‍ ,കവി അയ്യപ്പന്‍ ,വിംസി,ഐ.വി.ദാസ്,കെ.ഇ.ഈപ്പന്‍ തുടങ്ങിയ എഴുത്തുക്കാരും കാലയവനികക്കുളിലേക്ക് പിന്‍വാങ്ങുകയുണ്ടായി.

കളിക്കളത്തില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ കരുത്തുകാട്ടിയ ഒരു വര്‍ഷം കൂടിയായിരുന്നു കടന്നു പോയതെന്ന് എടുത്ത് പറയേണ്ടതുണ്ട്.ഏഷ്യന്‍ ഗൈംസിലും,അഴിമതിയുടെ ഈറ്റിലമായിരുന്ന കോമണ്‍വെല്‍ത്ത് ഗൈംസിലും നമ്മുടെ താരങ്ങള്‍ തിളങ്ങുകയുണ്ടായി.ടെസ്റില്‍ അന്‍പത് സെഞ്ചുറി തികച്ച സച്ചിന്‍ എന്ന പ്രതിഭയുടെ പേര്‍ ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ്!പക്ഷെ നാം ഒന്ന് മറക്കാതെ ഓര്‍ക്കേണ്ട ഒരാളുണ്ട്, ഐ.പി.എല്‍ അഴിമതി വീരന്‍ ലളിത് മോഡിയാണ് അദ്ദേഹം.അഴിമതി വിഷയം പറയുമ്പോള്‍ സ്പ്രെക്ടം അഴിമതി രാജാവായ രാജയെയും നാം വിസ്മരിക്കാതെ ഓര്‍ക്കേണ്ടതുണ്ട് !.

വനിതകള്‍ക്ക് സംവരണം നല്‍ക്കുന്ന ബില്ല് പാസ്സാക്കിയതും, ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച ആധുനീക യുദ്ധകപ്പലായ ഐ.എന്‍.എസ്സ്.ശിവാലിക്ക് നീരിലിറങ്ങിയതും, ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപ്പോലെ ഇന്ത്യന്‍ രൂപക്കും ഒരു ചിഹ്നം ആയി എന്നതും കഴിഞ്ഞ വര്‍ഷത്തിലെ ഒരു പ്രധാന സംഭവങ്ങളാണ്.

ലോകശക്തികള്‍ ആഗോല പ്രതിസന്ധിയില്‍ ആടി ഉലഞ്ഞപ്പോഴും നമ്മുടെ രാജ്യം സാമ്പത്തികാസൂത്രണത്തിന്റെ മികവില്‍ മികച്ച സാമ്പത്തിക കരുത്ത് കാട്ടി എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

കഴിഞ്ഞുപ്പോയ വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തിലും ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടായിരിക്കാം, അപ്രതീക്ഷിതമായ ഒരവസരത്തില്‍ അവ ഒരു നിമിത്തമെന്നോണം സംഭവിക്കാം!.എങ്കിലും എല്ലാ മാന്യവായനക്കാര്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും നന്മയുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.