Sunday, August 14, 2011

ഇന്ത്യന്‍സ്വാതന്ത്ര്യസമരഘട്ടങ്ങള്‍

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.

ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍ബാല്‍പാല്‍ തുടങ്ങിയവരുടെ കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായി.1857-ലെ ശിപായി ലഹള എന്നുവിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍ .എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍1947 ആഗസ്റ്റില്‍ രൂപീകൃതമായി.1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ആണ്.

ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.

വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി.

ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുളള നിസ്സഹകരണത്തില്‍ ഊന്നിയുളള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി.

ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു.

400 കിലോമീറ്റര്‍ദൂരമുളള ഈ പദയാത്ര അഹ്മദാബാദിലുളള തന്റെ ആശ്രമത്തില്‍നിന്നും ദണ്ഡിയിലേയ്ക്കുളള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍ 6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍ വെളളത്തില്‍നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍1930-ല്‍കല്‍ക്കട്ടയില്‍പോലീസും ജനക്കൂട്ടവും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് (1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പെഷാവാറില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സഖവാനി ബസാര്‍കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ഘഫ്ഫാര്‍ഖാന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍ .

ഗാന്ധിജി ജയിലില്‍കിടക്കവേ ലണ്ടനില്‍1930 നവംബറില്‍ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍ കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ ജയില്‍ മോചിതരായി.

മാര്‍ച്ച് 1931-ല്‍ഗാന്ധി-ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍ 1931 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍ പരാജയത്തില്‍ കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, 1932 ജനുവരിയില്‍ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍ പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍ ) അഥവാ ആഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍ വെച്ചു 1939 സെപ്റ്റംബറില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാര്‍സ്റ്റാന്‍ ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍ നിന്നും വൈസ്രോയില്‍ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍ നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ ഒരു ഉടമ്പടിയില്‍ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു.

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍ (ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹ്മദ്നഗര്‍ കോട്ടയില്‍ തടവിലടച്ചു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍‌സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍ അധോലോക സംഘടനകള്‍ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹന നിരകളില്‍ബോംബ് ആക്രമണങ്ങള്‍ നടത്തി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.

1947 ജൂണ്‍ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആയ വൈസ് കൌണ്ട് ലൂയി മൌണ്ട് ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപപ്രധാനമന്ത്രി സര്‍ദ്ദാര്‍വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി തുടരാന്‍ ക്ഷണിച്ചു. 1948 ജൂണില്‍ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ ഏറ്റെടുത്തു. തന്റെ “ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍ , ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍പോളോ എന്നിവയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേല്‍ സൈനീകശക്തി ഉപയോഗിച്ചു.ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍ 26-നു നിയമസഭ പൂര്‍ത്തിയാക്കി.

1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍നിന്നും 1961-ല്‍ ഗോവയും 1954-ല്‍ ഫ്രഞ്ച് അധീനതയില്‍നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

നമ്മുടെ രാജ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ അവസരത്തിൽ ഏവർക്കും എന്റെ സ്വതന്ത്ര്യദിനാശംസകൾ.

കുറിപ്പ്:ലൈബ്രറി ഓഫ് കോണ്‍ഗ്രസ്,വിക്കിപീഡിയ,കണ്ട്രി സ്റ്റഡീസ് എന്നിവയില്‍ നിന്നുളള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ആഗസ്റ്റ് ലക്കം എഡിറ്റോറിയലാണ്

Saturday, July 30, 2011

മലയാള ചലചിത്രത്തിന്റെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Friday, July 29, 2011

കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്‍.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി 'മലയാള നാടകശാല' എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ 'രഥം' മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി. അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടവീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്.പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയീട്ടില്ല.

നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ് ശ്രദ്ധേയനായത്. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന് ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്.

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.സെന്‍റ് മൈക്കിള്‍സ്, ചേര്‍ത്തല ഹൈസ്കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്.

എന്‍.എന്‍. പിളളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്ലോരസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. സഞ്ചാരിയാണ് രാജന്‍ പി. ദേവ് ആദ്യം അഭിനയിച്ച ചിത്രം. 1983 ല്‍ ഫാസിലിന്റെ എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു കൊണ്ടായിരുന്നു തുടക്കങ്ങള്‍.

1988 ഓടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കുപിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം.ഒമ്പത് റേഡിയോ നാടകങ്ങളും രാജന്‍.പി ദേവ് രചിച്ചിട്ടുണ്ട്.

രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (800 ല്‍പ്പരം വേദികളില്‍ കളിച്ച ജൂബിലിയുടെ തന്നെ നാടകമായിരുന്നു ഇത്), മണിയറക്കളളന്‍ (പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്ക്ക്യ‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു..

1984ലും 86ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ പി ദേവ് ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്‍റ്റെ ഉടമയാണ്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്‍റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന്‍ പി. ദേവിന്‍റ്റെ മികച്ച നാടകവേഷം.

ശാന്തമ്മയാണ്‌ ഭാര്യ. ആഷമ്മ, ജിബിള്‍ രാജ്‌, ഉണ്ണിരാജ്‌ എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഈ പ്രതിഭ 2009 ജൂലയ് 29-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് നമ്മോട് വിടപറഞ്ഞു.

മലയാള സിനിമയുടെ കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

Thursday, July 14, 2011

മലയാളസാഹിത്യശില്പിയിന്ന് 78 ന്റെ നിറവിൽ


മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌.

വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ ടി. നാരായണന്‍ നായരും അമ്മ അമ്മാളുഅമ്മയുമാണ്‌.

സ്കൂള്‍ ‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചനയില്‍ തന്റെതായ ഒരു വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു..വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍ ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍ ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്ന ഇദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി വരെ വളരുകയുണ്ടായി.

’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ ഖണ്ഡശഃയായി പുറത്തുവന്നതും 1957 കാലഘട്ടത്തിലാണ്‌ . ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടായിരുന്നു. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്ക് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1964-ല്‍ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുളള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.

1970-ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1984-ല്‍ ‘രണ്ടാമൂഴ’ത്തിനും വാനപ്രസ്ഥത്തിനും യഥാക്രമം വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി ഈ പ്രതിഭയെ ഭാരതസര്‍ക്കാരും‍ ആദരിക്കുകയുണ്ടായി.

കടവ്‌, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു പരിസ്ഥിതിവാദി കൂടിയായ ഇദ്ദേഹം. നിളയുടെ കഥാകാരന്‍ എന്ന പേരിലും അറിയപ്പെടുന്നു. നിളാനദിയെയും ചുറ്റുമുളള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പത്നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്‌.സിതാര, അശ്വതി എന്നീ രണ്ട്‌ പെണ്‍മക്കളാണ്‌ ഇദ്ദേഹത്തിനുളളത്.

മലയാളത്തിനു മറക്കനാവാത്ത കുറേ നോവലുകളും,കഥകളും,തിരക്കഥകളും ഒപ്പം പ്രബന്ധങ്ങളും,ചലചിത്രങ്ങളും,ഡോക്യുമെന്ററികളും നമ്മളായ വായനക്കാര്‍ക്ക് നല്‍കിയ ഇദേഹം ‘ഗോപുരനടയില്‍ ‘ എന്ന ഒരു നാടകവും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന ഒരു യാത്രാവിവരണവും എഴുതിയീട്ടുണ്ട്‌.

ഇനിയും മലയാള സാഹിത്യത്തില്‍ പുതിയമാനങ്ങള്‍ കീഴടക്കാന്‍ ഇദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഒരു നല്ല ജന്മദിനാശംസകളും നേരുന്നു.

Tuesday, May 31, 2011

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍



ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന്‍ വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.

1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.

‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരാണ്‍ മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്‍മക്ക് മുന്നില്‍ ചിരാതിന്റെ കൂപ്പുകൈ

Friday, March 11, 2011

പ്രവാസികളെ കഷ്ട്ത്തിലാക്കുന്ന പ്രവാസി വോട്ട്


രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് .എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ മതിയെന്നാണ്.എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നളിനി നേറ്റൊ പറയുന്നത് സെല്‍ഫ് അറ്റസ്‌റ്റേഷന്‍ സ്വീകരിക്കില്ലെന്നും.ഗവണ്‍മന്റിനും തിരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തത് ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ പ്രസ്താവനകളാണ് മന്ത്രിയും തിരഞ്ഞെടുപ്പു കമ്മീഷനും പറയുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞതുപോലെ എംബസി അറ്റസ്‌റ്റേഷന്‍ നടത്തിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഈ വരുന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളികളായ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമോയെന്നത് കണ്ടുതന്നെ അറിയണം.കേരളത്തില്‍ ഭരണത്തിലെത്തുന്ന മുന്നണികള്‍ക്ക് കിട്ടുന്ന വോട്ടിനെക്കാള്‍ അധികമാണ്‌ പ്രവാസി മലയാളികളുടെ എണ്ണമെന്ന് ഓര്‍മ വേണം!.

ഇന്ത്യന്‍ എംബസിയിലാണെങ്കില്‍ വോട്ടവകാശം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളൊന്നും കേന്ദ്ര ഗവര്‍മെന്റില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് അംബാസഡര്‍ പറയുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐ.സി.സിയില്‍ ലഭ്യമാക്കുമെങ്കിലും ഫോം വിതരണമുണ്ടായിരിക്കിലെന്ന് ഐ.സി.സി ഓണ്‍ലൈനില്‍ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസിയില്‍ പാസ്‌പോര്‍ട്ടുമായി ചെന്നാല്‍ സാധാരണയായി ചെയ്യുന്നതുപോലെ ഫോറം ഈ ആളുടേതുതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. അതിനാണെങ്കില്‍ 38 ഖത്തര്‍ റിയാല്‍ (നാനൂറ്റിയമ്പത് രൂപ) ഫീസടയ്ക്കണം.തുച്ഛമായ സംഖ്യ വേതനം പറ്റുന്ന നിര്‍മാണ മേഖലയിലേയും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കിത് വലിയൊരു തുകയാണ്.

സ്വകാര്യമേഖയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പലപ്പോഴും കമ്പനികളിലായിരിക്കും. ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ കമ്പ്യൂട്ടര്‍ സംവിധാനം വഴി വിശദമായ പരിശോധനകള്‍ക്ക് ശേഷം സാക്ഷ്യപ്പെടുത്തി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അംബാസഡര്‍ അറിയിയിച്ചിട്ടുണ്ട്.അതിന്നാല്‍ പാസ്സ്പോര്‍ട്ട് പ്രശ്നത്തില്‍ കുഴപ്പമില്ല.പക്ഷെ ഒരു ദിവസം ജോലിയില്‍നിന്നു ലീവെടുത്ത് ഭീമമായ സംഖ്യ നഷ്ടം സഹിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ എത്രപേര്‍ക്ക് എംബസിയിലെത്തും?.

ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ വോട്ടവകാശം നിര്‍വഹിക്കാനായി കാശു മുടക്കണമെന്നത് അപഹാസ്യമല്ലേ ?കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഫീസ് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ എംബസിക്ക് സ്വന്തം നിലക്ക് ഒഴിവാക്കാനാവില്ല.അതിനാൽ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനും എംബസി നിശ്ചയിച്ച ഫീസ് ഈടക്കിയേ മതിയാകൂ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനായി എംബസിയില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബസി ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നും അറിയുന്നു.

ഭാരതത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതി നിര്‍ണ്ണയകമായൊരു പങ്ക് വഹിച്ചു പോരുന്നതില്‍ സുപ്രാധാനമായൊരു ഘടകമാണ്‌ പ്രവാസികളായ ഇന്ത്യക്കാര്‍ ‍. വളരെ പ്രയാസങ്ങള്‍ അനുഭവിച്ച് അന്യ നാട്ടിലെ വിസ സംമ്പാദിക്കുകയും പല രാജ്യങ്ങളിലുമുള്ള നിയമകുരുക്കുകള്‍ തരണം ചെയ്ത് പ്രതികൂലക്കാലാവസ്ഥയോട് മല്ലിട്ടുമാണ് മാതൃരാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവാസികള്‍ പങ്കാളികളാവുന്നത്. എന്നാല്‍ ഭാരത സര്‍ക്കാറിന്റെ അനുഭാവപൂര്‍ണ്ണമായ ഒരിടപെടലും പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടാവാറില്ല എന്നത് ഖേദകരമാണ്‌.

പ്രവാസികളായ ഭാരതീയര്‍ മാതൃരാജ്യത്തോടുള്ള കൂറും ആത്മാര്‍ത്ഥയും പഴയപടി നിലനിര്‍ത്തി പോന്നിട്ടും വിദേശത്ത്‌പോകുന്നവര്‍ക്ക് വേണ്ടി കുറ്റമറ്റ ഒരു യാത്രാ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍പോലും ഗവര്‍മെന്റുകളുടെ ശ്രദ്ധ വേണ്ട വിധത്തില്‍ പതിയാറില്ല.തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും വോട്ടാര്‍മാരെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.എന്ന ഒരു ചിന്ത എല്ലാവര്‍ക്കും നല്ലതാണ്.പ്രത്യേഗിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്!.

മാതൃരാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോകാര്യവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ്‌ പ്രവാസികളുടെ രാപകലുകള്‍ കടന്നു പോകുന്നത്. വോട്ടും ഭരണവും എന്ന ഏക അജണ്ടയുമായി രാഷ്ട്രീയം കളിക്കുന്ന അടവുകളൊന്നും ഇവിടെ വിലപ്പോവില്ല. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചതു കൊണ്ട് പ്രവാസികള്‍ വീഴുമെന്ന് ധരിക്കുന്നത് വിഡിത്തമാണ്. മുഖ്യധാരാരാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉത്തരവാദിത്ത ബോധത്തോടുകൂടി തീരുമാനിക്കാന്‍ പ്രവാസികള്‍ക്ക് നന്നായിട്ടറിയാം. ആയതിന്നാല്‍ ഈ പ്രവാസി വോട്ടിന്റെ നിയമത്തിലെ പോരായ്മകളെല്ലാം തിരുത്തി എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ശ്രമിക്കണം.

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്

Friday, March 4, 2011

പ്രവാസികളെ ഇനിയാരും നിങ്ങളുടെ വോട്ട്‌ വെട്ടില്ല!.


ഒരു കോടിയിലധികം വരുന്ന പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ വാര്‍ത്തയോടെ പൂവണിഞ്ഞത്. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നും വോട്ടെടുപ്പ് ദിവസം പാസ്‌പോര്‍ട്ടുമായി വോട്ട് ചെയ്യാന്‍ ഹാജരാകാമെന്നുമാണ്‌ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കില്ല. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.http://eci.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

പ്രവാസ ലോകത്തിലെ നമ്മളടങ്ങുന്ന രാഷ്‌ട്രീയ സഘടനകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും ഇനിയുള്ള കാലം നിര്‍ണായകമാണ്. ഈ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുക എന്നത് പ്രവാസി സംഘടനകളുടെ ഉത്തരവാദിത്വമായിരിക്കണം. സധാരണക്കാരായ നമ്മുടെ അണികളെ ഈ നിയമത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് പ്രവാസി സംഘടന ആയിരിക്കണം. അതിന്നായി അവരെ സമീപിച്ച് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി തപാലില്‍ അപേക്ഷകള്‍ അയപ്പിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്‌ട്രീയ സംഘടനകള്‍ക്കും പ്രവാസലോകത്ത് അനേകം പോഷക സംഘടനകളുണ്ടെന്നതിന്നാല്‍ വോട്ടവകാശം വന്ന സ്ഥിതിക്ക് എല്ലാവരും രംഗത്തിറങ്ങുമെന്നത് ഉറപ്പാണ്‌. നാട്ടില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ പാസ്‌പോര്‍ട്ടും പസ്‌പോര്‍ട്ടിന്റെ കോപ്പിയും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും നമ്മുടെ സംഘടനക്ക് അണികളെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തയാള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശവും നല്‍കുന്നുണ്ട്.ജന്മനാട്ടിലെ വോട്ടവകാശമെന്നത് പ്രവാസികളുടെ മൗലികാവകാശമാണെന്ന് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ജന്മനാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇത് അവരെ സഹായിക്കുമെന്നും രാഷ്‌ട്രനിര്‍മാണപ്രക്രിയയ്ക്ക് അത് കരുത്തുപകരുകയും ചെയ്യുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.ഇപ്പോഴത്തെ നിയമമനുസരിച്ച് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ആറ് മാസം താമസിക്കാത്ത പ്രവാസിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമായിരുന്നു. ഈ പുതിയ വിജ്ഞാപനമായതോടെ ഇനി അതിനു സാധ്യമല്ല!.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.

പ്രവാസി വോട്ടിനായി,പ്രവാസികള്‍ വോട്ട് ചേർക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം

ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ ‍. (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):

കാസര്‍കോട് ജില്ല

1. കാസര്‍കോട്: താലൂക്ക് ഓഫിസ്, മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം, കാസര്‍കോട് പിഒ, 671121. (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ).
2. ഹൊസ്ദുര്‍ഗ്: താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് പിഒ, 671315. (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ).

കണ്ണൂര്‍ ജില്ല

3. തളിപ്പറമ്പ്: താലൂക്ക് ഓഫിസ്, തളിപ്പറമ്പ്, 670141 (പയ്യന്നൂർ ‍, തളിപ്പറമ്പ്, ഇരിക്കൂര്‍ ).
4. കണ്ണൂര്‍ : താലൂക്ക് ഓഫിസ്, കണ്ണൂര്‍ , 670002. (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ ‍, ധര്‍മടം).
5. തലശ്ശേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, തലശേരി, 670101. (തലശ്ശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂർ ‍, പേരാവൂര്‍ ).

വയനാട് ജില്ല

6. മാനന്തവാടി: താലൂക്ക് ഓഫിസ്, മാനന്തവാടി പിഒ, 670645. (മാനന്തവാടി).
7. വൈത്തിരി: താലൂക്ക് ഓഫിസ്, വൈത്തിരി പിഒ, 673576. (കല്‍പ്പറ്റ).
8. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി പിഒ, 673592. (സുല്‍ത്താന്‍ ബത്തേരി).

കോഴിക്കോട് ജില്ല

9. വടകര: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ കോംപ്ളക്സ്, വടകര,. 673101. (വടകര, കുറ്റ്യാടി, നാദാപുരം).
10. കൊയിലാണ്ടി: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷന്‍ കോംപ്ളക്സ്, കൊയിലാണ്ടി, 673305. (കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി).
11. കോഴിക്കോട്: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, സിവില്‍സ്റ്റേഷന്‍ പിഒ, കോഴിക്കോട്, 673020. (ഏലത്തൂർ ‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി).

മലപ്പുറം ജില്ല

12. നിലമ്പൂർ ‍: താലൂക്ക് ഓഫിസ്, ചന്തക്കുന്ന് പിഒ, നിലമ്പൂർ ‍, 679342. (നിലമ്പൂർ ‍, വണ്ടൂർ ‍).
13. ഏറനാട്: താലൂക്ക് ഓഫിസ്, മഞ്ചേരി പിഒ, 676121. (കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം).
14. തിരൂരങ്ങാടി: താലൂക്ക് ഓഫിസ്, തിരൂരങ്ങാടി പിഒ, ചെമ്മാട്, 676306. (വെങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി).
15. തിരൂർ ‍: താലൂക്ക് ഓഫിസ്, തിരൂര്‍ പിഒ, 676101. (താനൂർ ‍, തിരൂർ ‍, കോട്ടയ്ക്കൽ ‍).
16. പൊന്നാനി: താലൂക്ക് ഓഫിസ്, പൊന്നാനി നഗരം പിഒ, 679583. (തവനൂർ ‍, പൊന്നാനി).
17. പെരിന്തല്‍മണ്ണ: താലൂക്ക് ഓഫിസ്, പെരിന്തല്‍മണ്ണ പിഒ, 679322. (പെരിന്തല്‍മണ്ണ, മങ്കട).

പാലക്കാട് ജില്ല

18. ഒറ്റപ്പാലം: താലൂക്ക് ഓഫിസ്, ഒറ്റപ്പാലം പിഒ, 679101. (തൃത്താല, പട്ടാമ്പി, ഷൊര്‍ണൂരർ , ഒറ്റപ്പാലം).
19. മണ്ണാര്‍ക്കാട്: താലൂക്ക് ഓഫിസ്, മണാര്‍ക്കാട് പിഒ, 678585. (മണ്ണാര്‍ക്കാട്).
20. പാലക്കാട്: താലൂക്ക് ഓഫിസ്, പാലക്കാട് സിവില്‍സ്റ്റേഷന്‍ പിഒ. 678001. (കോങ്ങാട്, മലമ്പുഴ, പാലക്കാട്).
21. ചിറ്റൂർ ‍: താലൂക്ക് ഓഫിസ്, ചിറ്റൂര്‍ പിഒ, 678101. (ചിറ്റൂർ ‍, നെന്മാറ)
22. ആലത്തൂർ ‍: താലൂക്ക് ഓഫിസ്, ആലത്തൂര്‍ പിഒ, 678541. (തരൂരർ , ആലത്തൂർ ‍)

തൃശൂര്‍ ജില്ല

23. തലപ്പള്ളി: തലപ്പള്ളി താലൂക്ക് ഓഫിസ്, വടക്കാഞ്ചേരി പിഒ, 680682. (ചേലക്കര, കുന്നംകുളം)
24. തൃശൂർ ‍: താലൂക്ക് ഓഫിസ്, ചെമ്പൂക്കാവ്, തൃശൂര്‍ പിഒ, 680020. (ഒല്ലൂർ ‍, തൃശൂർ ‍, നാട്ടിക)
25. മുകുന്ദപുരം: മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട പിഒ, 680125. (ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)
26. ചാവക്കാട്: താലൂക്ക് ഓഫിസ്, ചാവക്കാട് പിഒ, 680506. (ഗുരുവായൂർ ‍, മണലൂർ ‍, വടക്കാഞ്ചേരി)
27. കൊടുങ്ങല്ലൂർ ‍: താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ പിഒ, 680664. (കയ്പമംഗലം, കൊടുങ്ങല്ലൂരർ )

എറണാകുളം ജില്ല

28. പറവൂര്‍: താലൂക്ക് ഓഫിസ്, കോര്‍ട്ട് കോപ്ളക്സിനു സമീപം, പറവൂര്‍, 683513. (കളമശേരി, പറവൂരർ )
29. കൊച്ചി: കൊച്ചി താലൂക്ക് ഓഫിസ്, ഫോര്‍ട്ട് കൊച്ചി, എറണാകുളം, 682001. (വൈപ്പിന്‍, കൊച്ചി)
30. കണയന്നൂർ ‍: കണയന്നൂര്‍ താലൂക്ക് ഓഫിസ്, സുഭാഷ് പാര്‍ക്കിന് എതിര്‍വശം, എറണാകുളം, 682015. (തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര)
31. ആലുവ: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷനൻ , ആലുവ, 683101. (അങ്കമാലി, ആലുവ)
32. കുന്നത്തുനാട്: കുന്നത്തുനാട് താലൂക്ക് ഒഫിസ്, പെരുമ്പാവൂരർ , 683542. (പെരുമ്പാവൂരർ , കുന്നത്തുനാട്)
33. മൂവാറ്റുപുഴ: താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷൻ ‍, മൂവാറ്റുപുഴ, 686669. (പിറവം, മൂവാറ്റുപുഴ)
34. കോതമംഗലം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കോതമംഗലം, 686691. (കോതമംഗലം)

ഇടുക്കി ജില്ല

35. തൊടുപുഴ: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, തൊടുപുഴ, 685584. (തൊടുപുഴ)
36. ദേവികുളം: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, ദേവികുളം, 685613. (ദേവികുളം)
37. ഉടുമ്പന്‍ചോല: താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പിഒ, 685553. (ഉടുമ്പന്‍ചോല, ഇടുക്കി)
38. പീരുമേട്: താലൂക്ക് ഒഫിസ്, പീരുമേട് പിഒ, 685531. (പീരുമേട്)

കോട്ടയം

39. കാഞ്ഞിരപ്പള്ളി: താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി പിഒ, 686507. (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ‍)
40. ചങ്ങനാശേരി: താലൂക്ക് ഓഫിസ്, ചങ്ങനാശേരി, 686101. (ചങ്ങനാശേരി)
41. കോട്ടയം: മിനിസിവില്‍ സ്റ്റേഷൻ ‍, താലൂക്ക് ഓഫിസ്, കോട്ടയം, 686001. (ഏറ്റുമാനൂർ , കോട്ടയം, പുതുപ്പള്ളി)
42. മീനച്ചില്‍: താലൂക്ക് ഓഫിസ്, മീനച്ചിൽ ‍, 686575. (പാല, കടുത്തുരുത്തി).
43. വൈക്കം: താലൂക്ക് ഓഫിസ്, വൈക്കം, 686141 (വൈക്കം)

ആലപ്പുഴ ജില്ല

44. ചേര്‍ത്തല: താലൂക്ക് ഓഫിസ്, ചേര്‍ത്തല പിഒ, 688524. (ആരൂർ ‍, ചേര്‍ത്തല).
45. അമ്പലപ്പുഴ: താലൂക്ക് ഓഫിസ്, അമ്പലപ്പുഴ പിഒ, 688001. (ആലപ്പുഴ, അമ്പലപ്പുഴ).
46. കുട്ടനാട്: താലൂക്ക് ഓഫിസ്, കുട്ടനാട്, തെക്കെക്കര പിഒ, മങ്കൊമ്പ്, 688503. (കുട്ടനാട്).
47. കാര്‍ത്തികപ്പള്ളി: താലൂക്ക് ഓഫിസ്, കാര്‍ത്തികപള്ളി, ഹരിപ്പാട് പി.ഒ, 690514. (ഹരിപ്പാട്, കായംകുളം).
48. ചെങ്ങന്നൂർ ‍: താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ പിഒ, 689121. (ചെങ്ങന്നൂർ ‍).
49. മാവേലിക്കര: താലൂക്ക് ഓഫിസ്, മാവേലിക്കര പിഒ, 690101. (മാവേലിക്കര).

പത്തനംതിട്ട ജില്ല

50. തിരുവല്ല: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, തിരുവല്ല പിഒ, 689101. (തിരുവല്ല)
52. റാന്നി: താലൂക്ക് ഓഫിസ്, റാന്നി പിഒ, 689672. (റാന്നി).
53. കോഴഞ്ചേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, 689645. (ആറന്മുള, കോന്നി).
54. അടൂർ : താലൂക്ക് ഓഫിസ്, റവന്യൂ ടവർ ‍, അടൂര്‍ പിഒ, 691523. (അടൂർ ).

കൊല്ലം ജില്ല

55. പത്തനാപുരം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, പുനലൂര്‍ പിഒ, 691305. (പത്തനാപുരം, പുനലൂരർ )
56. കൊട്ടാരക്കര: താലൂക്ക് ഓഫിസ്, തൃക്കണാമണൽ ‍, കൊട്ടാരക്കര പിഒ, 691506. (കൊട്ടാരക്കര, ചടയമംഗലം)
57. കുന്നത്തൂർ ‍: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, ശാസ്താംകോട്ട പിഒ, 690521. (കുന്നത്തൂരർ ).
58. കരുനാഗപ്പള്ളി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കരുനാഗപ്പള്ളി പിഒ, 690518. (കരുനാഗപ്പള്ളി, ചവറ).
59. കൊല്ലം: താലൂക്ക് ഓഫിസ്, താലൂക്ക് കച്ചേരി, കൊല്ലം, 691001. (കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ ‍).

തിരുവനന്തപുരം ജില്ല

60. ചിറയിന്‍കീഴ്: താലൂക്ക് ഓഫിസ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, 695101. (വര്‍ക്കല, ആറ്റിങ്ങലൽ , ചിറയിന്‍കീഴ്).
61. നെടുമങ്ങാട്: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, നെടുമങ്ങാട്, 695541. (നെടുമങ്ങാട്, വാമനപുരം, അരുവിക്കര).
62. തിരുവനന്തപുരം: താലൂക്ക് ഓഫിസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം, 695023. (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം).

ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ ഫെബ്രുവരി ലക്കം എഡിറ്റോറിയലാണ്