Monday, March 21, 2016

ഇന്ന് മാർച്ച് 21 അഥവാ ലോക കവിതാദിനം



ലോക കവിതാ ദിനാഘോഷത്തിന്റെ ഈ വർഷത്തിനു മാധുര്യമേറും കാരണം 2000 മാണ്ടിൽ തുടങ്ങിയ ഈ ആഘോഷത്തിന്റെ മധുരപതിനേഴാണീവർഷം.

ലോകം മുഴുവൻ കവിതകൾ വായിക്കുന്നതും എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഈ ലോക കവിതാ ദിനമെന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ലോക കവിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്ന് ലോകത്ത്‌ അസമാധാനവും ആശങ്കയും അമ്പരപ്പുമാണ്‌ നടമാടുന്നത്‌. ആധുനിക വിവര സാങ്കേതിക വിദ്യകളുടെ വിസ്മയത്തിൽ മുഴുകുന്ന പുതിയ തലമുറയിലെ കുട്ടികൾ താളാത്മകമായ മനസ്സുകളെ അവതാളത്തിലാക്കുന്നു.

മനുഷ്യ മനസ്സിന്റെ അറയിൽ മനുഷ്യത്വം നിറയ്ക്കുവാൻ കഴിയുന്ന കവിതകൾ എഴുതുവാനും വായിക്കുവാനും ചൊല്ലുവാനും ഈ തലമുറയിലെ വിദ്യാർത്ഥികൾ താൽപര്യം കാണിക്കുന്നില്ല!.

റോമിലെ ഇതിഹാസ കാവ്യ രചയിതാവായ വെർജിലിന്റെ ജന്മദിനത്തെ സ്മരിക്കുന്നതിനാണ്‌ യുണൈറ്റഡ്‌ നേഷൻസ്‌ എഡ്യൂക്കേഷണൽ സൈന്റിഫിക്‌ ആന്റ്‌ കൽച്ചറൽ ഓർഗനൈസേഷൻ എന്ന യുനെസ്കോ മാർച്ച്‌ 21 ലോക കവിതാ ദിനമായി ആഘോഷിച്ചു വരുന്നത്‌.

പൂബ്ലിയൂസ്‌ വെർജീലിയൂസ്‌ മാരോ എന്നാണ്‌ ലത്തീനിൽ അദ്ദേഹത്തിന്റെ മുഴുവൻ പേര്‌. കവിതകളിലൂടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1999-ൽ പാരീസിൽ ചേർന്ന യുനെസ്കോ യോഗത്തിലാണ്‌ ലോക കവിതാ ദിനം ആഘോഷിക്കുവാനുള്ള തീരുമാനമുണ്ടായത്‌. ആദ്യ ലോക കവിതാ ദിനം ആചരിച്ചത്‌ 2000 മാർച്ച്‌ 21 ന്‌ ആയിരുന്നു.

ഇറ്റലിയിലെ മാന്ത്വായ്ക്കടുത്ത്‌ ആൻഡീസിൽ ബി.സി. 70 ഓക്ടോബർ 15 ന്‌ വെർജിൽ ജനിച്ചുവെങ്കിലും യുനെസ്കോ മാർച്ച്‌ 21 ആയിരുന്നു ലോക കവിതാ ദിനമായി പ്രഖ്യാപിച്ചത്‌. കവിയുടെ ജന്മദിനമായ ഒക്ടോബർ 15 നും ചില രാജ്യങ്ങൾ ലോക കവിതാ ദിനം ആഘോഷിക്കുന്നുണ്ട്‌.

വിദ്യാസമ്പന്നനായ വെർജിലിന്റെ ജീവിതം ശാന്തമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കൃതികളിൽ ഇറ്റലിയിൽ ദീർഘനാൾ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അസ്വസ്ഥതയും തുടർന്നുണ്ടായ സമാധാനത്തിന്റെ സ്വസ്ഥതയും കലർന്നിട്ടുണ്ട്‌. വ്യക്തികൾ ലോകത്ത്‌ എവിടെയായിരുന്നാലും അവർ പങ്കുവയ്ക്കുന്നത്‌ മനുഷ്യവർഗ്ഗത്തിന്റെയും മനുഷ്യത്വത്തിന്റെയുമായിട്ട്‌ സമാനതയുള്ള ചോദ്യവും വികാരവും തന്നെ ആയിരിക്കും കവിതയിലൂടെ കവികൾ ആവർത്തിച്ച്‌ വെളിപ്പെടുത്തുന്നത്‌.

പ്രാദേശികമായ സ്വച്ഛതയെയും ലോക സമാധാനത്തെയും കുറിച്ചുള്ള സ്വപ്നാത്മകമായ പ്രവചനമാണ്‌ എക്ലോഗ്സ്‌ (42- 37 ബി.സി.) എന്ന വെർജിലിന്റെ ആദ്യ കൃതിയായ ആരണ്യകാവ്യ സമാഹാരം. ആഭ്യന്തരയുദ്ധാനന്തരം സർക്കാർ ചെയ്യേണ്ട ജനസംഖ്യയുടെ ക്രമീകരണത്തിലേക്കും കൃഷിയുടെ പുനരുദ്ധാരണത്തിലേക്കും വിരൽ ചൂണ്ടുന്ന കൃതിയാണ്‌.

അതുപോലെ എഴുതി പൂർത്തിയാക്കാൻ കഴിയാതെപോയ ഈനീഡ്‌. യുദ്ധാനന്തരം റോമിന്റെ പുനർജന്മത്തിൽ സന്തോഷിക്കുന്ന കവി ട്രോയിയിലെ ഈനിയാസിന്റെ ഐതിഹാസികമായ റോമാനഗരനിർമ്മാണം, റോമൻ രീതിയിൽ അഗസ്റ്റസ്‌ സാധിച്ച ലോകത്തിന്റെ പുനരേകീകരണം എന്നിവ മനോഹരമായി ഈനീഡിൽ പ്രകീർത്തിക്കുന്നുണ്ട്‌. “എല്ലാം കീഴടക്കുന്ന സ്നേഹം” വെർജിലിന്റെ മഹദ്‌വചനങ്ങളിൽ ഇത്‌ ഇന്നും ലോകത്ത്‌ പ്രസക്തമായിരിക്കുന്നു.

റോമിൽ ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ വെർജിലിന്‌ 20 വയസ്സായിരുന്നു. അദ്ദേഹം വളരാൻ തുടങ്ങിയപ്പോൾ റോമാ സാമ്രാജ്യം അധികാരത്തിന്റെയും വിശപ്പിന്റെയും യുദ്ധത്തിന്റെയും പ്രതിസന്ധികളിലും കെടുതികളിലും പെട്ട്‌ ജനത നട്ടം തിരിയുകയായിരുന്നു. ഇവയെ വെറുത്ത കവി മനസ്സ്‌ അസ്വസ്ഥമാകുകയും സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ കവിതകളിലൂടെ പോരാടി വിജയം കണ്ടെത്തി സന്തോഷിക്കുന്നതായി മനസ്സിലാക്കാം.

രാജ്യത്തുണ്ടായ നൊമ്പരങ്ങളിൽപെട്ട്‌ വിവാഹിതനാകാത്ത കവി സമാധാനത്തിനായി കവിതകൾ കരളിൽ വിരിയിച്ച കവി,താൻ ഒരിക്കൽ സ്നേഹിച്ചിരുന്ന പ്ലോട്ടിയ എന്ന യുവതിയെ വെർജിൽ ഓർമ്മിച്ചു കൊണ്ട് ഇങ്ങിനെ പറയുകയുണ്ടായി :

Oh Plotia, do I still remember your name?
In your tresses dwelt the night spangled over with stars,
presager of longing promiser of light
I could not let your life into mine.

കവിയുടെ മരണത്തെ കുറിച്ച് ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ബ്രോക്കിന്റെ ‘ദ് ഡത്ത് ഓഫ് വെർജിൽ’ (വെർജിലിന്റെ മരണം.) എന്ന നോവൽ തന്നെയുണ്ട് .ഇത് ഒരു ഗദ്യകാവ്യമാണ്.

റോമാ ചക്രവർത്തി അഗസ്റ്റസ് സീസർ ഗ്രീസിൽ നിന്ന് ഇറ്റലിയിലെ ബ്രീൻഡീസി പട്ടണത്തിലേയ്ക്കു വരുന്ന വരവാണത് ഈ നോവലിന്റെ ഇതിവൃത്തം. സീസറിന്റെ കവിയാണ് വെർജിൽ. ഇനീഡ് എന്ന മഹാകാവ്യം പൂർത്തിയാക്കാൻ കഴിയാതെ ആ കവി ആ ഏഴു യാനപാത്രങ്ങളിലൊന്നിൽ അവശനായി കിടക്കുകയാണ്.

മരണം അദ്ദേഹത്തിന്റെ മുഖത്തു മുദ്ര ചാർത്തിയിരിക്കുന്നു. ഏതൻസ് നഗരത്തിൽ പാർക്കുകയായിരുന്നു വെർജിൽ. അദ്ദേഹം എന്തിന് ഏതന്‍സ് ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് സീസറോടൊരുമിച്ചു പോന്നു? ഹോമറിന്റെ പാവനമായ അന്തരീക്ഷത്തിൽ ഇനീഡ് പൂർണ്ണമാക്കാമെന്ന അഭിലാഷം നശിച്ചിരിക്കുന്നു.

പ്ലേറ്റോയുടെ നഗരത്തിലിരുന്നു ധ്യാനിച്ചുകൊണ്ട് സ്വതന്ത്രമായ ജീവിതം നയിക്കാമെന്ന ആശ ഇല്ലാതായിരിക്കുന്നു. വിജ്ഞാനത്തിലൂടെ സുഖം പ്രാപിക്കാം എന്ന പ്രത്യാശ നഷ്ടപ്പെടിരിക്കുന്നു. എന്തിനാണ് വെർജിൽ അതൊക്കെ ഉപേക്ഷിച്ചത്? കരുതിക്കൂട്ടിയോ? അതോ വിധിയുടെ വിനോദമോ?.

പൂർണ്ണമാകാത്ത രചനയായ ഇനീഡിന്റെ കൈയെഴുത്തു പ്രതി അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. അതുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അദ്ദേഹം അസ്തമിക്കുന്ന നക്ഷത്രത്തെ നോക്കി കണ്ണുചിമ്മി. പുതപ്പു താടിവരെ വലിച്ചിട്ടു. അദ്ദേഹത്തിനു തണുക്കുണ്ടായിരിക്കണം.

സീസറിനെ സ്വീകരിക്കാൻ റോമാക്കാർ കൂടിയിരിക്കുകയാണ്. ചക്രവർത്തിക്ക് 43 വയസ്സു തികയുന്ന ആഘോഷമാണ് ഇന്ന് അവിടെ നടക്കുന്നത്.അദ്ദേഹത്തിനു വേണ്ടിയാണ് കവി ഇത്രയും കാലം സേവനമനുഷ്ഠിച്ചത്.

ആഘോഷങ്ങൾക്കൊടുവിൽ കൊട്ടാരത്തിൽ ആ കവി മരണം ശ്രവിക്കുകയായിരുന്നു, ഒരു ഞെട്ടൽ പോലുമില്ലാതെ അതിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. മരണത്തിന്റെ ബീജം ഓരോ ജീവിതത്തിലും നിക്ഷിപ്തമത്രേ. അത് അനുനിമിഷം വികസിച്ചുവരുന്നതെങ്ങനെയാന് വെർജിൽ മനസിലാക്കി.

സീസറിനെ തെറ്റായ വിധത്തിൽ ബഹുജനം ആരാധിക്കുന്നതുപോലെ താനും വേറൊരുവിധത്തിൽ കപടദൈവങ്ങളെ ആരാധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗ്രഹിച്ചു. കാവ്യത്തിന് സേവനമനുഷ്ഠിച്ച് ജീവിതത്തെ ഉപേക്ഷിക്കുകയായിരുന്നു വെർജിൽ.19 ബി.സി. സെപ്റ്റംബർ 21 ന്‌ കവി തന്റെ 52 ആം വയസ്സിൽ ഈ ലോകത്തിലെ ജീവിതം ഉപേക്ഷിച്ചു മറ്റൊരു ലോകത്തിലിരുന്ന് ഇനീഡ് എന്ന കാവ്യം പൂർത്തിയാക്കാൻ യാത്രയായി.......

അസ്വസ്ഥമാകുന്ന ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ സ്വസ്ഥത വീണ്ടെടുക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്‌ മാനവികത കൈവിടാത്തവർ ഈ ലോക കവിതാ ദിനത്തിൽ മാനവരാശിക്കായി ചെയ്യാനുള്ളത്‌. മുത്തുകളായ മൂല്യങ്ങൾ മനസ്സുകളിൽ നിറച്ച്‌ നന്മ കൈമോശം വരാതിരിക്കുന്നതിനുള്ള ചെറുത്തുനിൽപ്പിനുവേണ്ട കരുത്ത്‌ കവിതകൾക്ക്‌ ഉണ്ട്‌.

അക്രമാസക്തമായ കമ്പ്യൂട്ടർ ഗയിമുകളിലും മയക്കുമരുന്നുകളിലും വിദ്യാർഥികൾ ആസക്തികാണിക്കുമ്പോൾ തന്നെ ഇത്തരം പ്രവണതകളിൽ നിന്നും മാറി നിന്ന്‌ ലോകത്തിന്റെ നൊമ്പരങ്ങൾ കാണുവാനും കേൾക്കുവാനും അവയ്ക്കെതിരെ കവിതകളിലൂടെ പ്രതികരിക്കാനും സാധിക്കണം.

ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള പ്രയാണത്തിൽ ഈ ലോകത്ത്‌ ഇനിയും ധാരാളം കവിതകൾ ഉണ്ടാകട്ടെ ഇത്തരത്തിലുള്ള കവിതകൾക്കായി നമ്മുക്ക് കാതോർക്കാം.

ഇത്തരം കവിതകൾ സ്കൂളുകളിലും കോളജുകളിലും മുളയ്ക്കുവാൻ ഉതകുന്നതാകട്ടെ ഈ വർഷത്തിലെ ലോക കവിതാ ദിനാഘോഷങ്ങൾ എന്ന്‌ ആഗ്രഹിക്കുന്നു.