Wednesday, February 17, 2016

മലയാള സാഹിത്യ ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച് മറ്റൊരു ദുരന്തം കൂടി......


മലയാള കലാ-സാംസ്കാരിക ലോകത്തിന് ഫെബ്രുവരി സമ്മാനിച്ച നഷ്ടങ്ങളിൽ ഒരു താളും കൂടി എഴുതി ചേർത്തിരിക്കുന്നു. പ്രമുഖ എഴുത്തുകാരൻ അക്ബർ കക്കട്ടിലും നമ്മേ വിട്ടുപിരിഞ്ഞിരിക്കുന്നു.

അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവങ്ങളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ങൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ്സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.അക്ബറിനെ കുറിച്ച് ഒ എൻ വി കുറുപ്പ് പറഞ്ഞ വക്കുകളാണിത് ഈ രണ്ടു പേരും ഇന്ന് നമ്മോടു കൂടെയില്ല ...

കലാകാരുടെയും സാഹിത്യകാരുടെയും സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് മുദ്രാവാക്യം വിളിയിലൂടെയും പ്രസ്താവന ഇറക്കലിലൂടെയുമല്ലെന്നും അവർ സമൂഹത്തോടുള്ള ബാധ്യത നിർവഹിക്കേണ്ടത് അവരുടെ സർഗസൃഷ്ടികളിലുടെയാണെന്നും വർഗീയത സമൂഹത്തിൽ പടർത്തുകയാണെന്നും ചുരുക്കം ചിലരുടെ ചെയ്തികളുടെ പേരിൽ സമൂഹത്തെ മുഴുവൻ തീവ്രവാദികളാക്കുകയാണെന്നും,തല്‍ക്കാലം നമ്മൾ ലൈവായിരിക്കുക എന്നതായിരുക്കുന്നു സാമൂഹിക, സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ആറുവർഷങ്ങൾക്ക് മുൻപ് 2010 ൽ ഫ്രൻസ് കൾച്ചറൽ സെന്റർ ലൈബ്രറി റീഡേഴ്സ് ഫോറം നല്‍കിയ സ്വീകരണത്തിൽ അദ്ദേഹം ഇങ്ങിനെ സംസാരിക്കുകയുണ്ടായി. ആ സ്വീകരണ യോഗത്തിൽ ഈയുള്ളവനും ഒരു ഭാഗമായിരിന്നു .

അദ്ധ്യാപകരുടെ ജീവിതവും അനുഭവും ചേര്‍ത്തുവച്ച എഴുത്തുകളാണ് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനെ ജനകീയനാക്കിയത് എന്ന് പറയാം. കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954 ജൂലൈ 7ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിലിന്റെ ജനനം. കക്കട്ടിൽ പാറയിൽ എൽ . പി വട്ടോളി സംസ്കൃതം സെക്കന്റഡറി എന്നീ സ്കൂളുകളിലും പഠിച്ചു. പ്രീഡിഗ്രി ആദ്യവർ ഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർ ന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു.

ബിരുദാനന്തര ബിരുദത്തിന് ആദ്യവർ ഷം തൃശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൺ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിങ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിങ് കോളേജിലും കോളേജ് യൂണിയന്‍ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ മലയാളം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സർവീസിൽ നിന്നുപിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വര്‍ഷങ്ങൾ . കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു.

രണ്ടു തവണ കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ , കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറുമായിയിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ ,സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എന്‍ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ശമീല ഫഹ്മി, അദ്ധ്യാപക കഥകൾ , ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകൾ , പതിനൊന്ന് നോവലറ്റുകൾ , മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാനകൃതികൾ .

4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന്[1]. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. 1998 -ൽ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാർഡ്. 2000- ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ( സ്കൂൾ ഡയറി- ദൂരദർശൻ സീരിയൽ). 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002-ൽ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.