Sunday, January 11, 2015

ഗാനഗന്ധര്‍വന്‍ @ 75


കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ്‌ 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.

കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍ ‍.

അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ ‍. എല്‍ . വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇത് ചെമ്പൈയുടെ മരണംവരെ തുടര്‍ന്നു പോന്നു.

1961 നവംബര്‍ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ ' കാല്‍പ്പാടുകള്‍ ' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു.

സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്‌. ബാബുരാജ്‌, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍ , ഓ. എന്‍ ‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു.

പത്മഭൂഷണ്‍ , പത്മശ്രീ, അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, കേരളാ സര്‍വകലാശാലയുടെ ഡി.ലിറ്റ് , ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം,ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ ,ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ , എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നിങ്ങളെയുള്ള അംഗീകാരങ്ങള്‍ ഒട്ടനവധി ഇദ്ദേഹത്തിനു സ്വന്തമാണ്.